തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് മുംബൈയ്‌ക്കെതിരെ. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഇരു ടീമുകളുടെയും പ്രാഥമിക ഘട്ടത്തിലെ മൂന്നാം പോരാട്ടമാണിത്. തിരുവനന്തപുരം തുംബയിലെ സെന്റ് സേവ്യേഴ്‌സ് കോളജ് മൈതാനത്താണ് മത്സരം.
കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച് 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. കേരളത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. ആലപ്പുഴ എസ്ഡി കോളജ് മൈതാനത്ത് നടന്ന ആദ്യ മത്സരത്തില്‍ ഉത്തര്‍ പ്രദേശ് ആയിരുന്നു എതിരാളികള്‍. രണ്ടാം മത്സരത്തില്‍ അസമിനെതിരെ ഗുവാഹത്തിയിലും. രണ്ടിടത്തും പ്രതികൂല കാലാവസ്ഥ മത്സരത്തെ സ്വാധീനിച്ചിരുന്നു. അന്തിമഫലം സമനിലയായി തീരുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റും 0.799 നെറ്റ് റണ്‍റേറ്റുമായി കേരളം എലൈറ്റ് ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. മുംബൈയ്‌ക്ക് തൊട്ടുതാഴെ പത്ത് പോയിന്റുമായി ചത്തീസ്ഗഢ് ആണ് രണ്ടാം സ്ഥാനത്ത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റന്‍ സഞ്ജു വി. സാംസണില്ലാതെയാണ് കേരളം ഇറങ്ങുക. അസമിനെതിരായ മത്സരത്തിലും സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ രോഹന്‍ കുന്നുമ്മല്‍ ആണ് ടീമിനെ നയിച്ചത്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലുണ്ടായിരുന്ന സഞ്ജു പരമ്പരയ്‌ക്ക് ശേഷം തിരിച്ച് കേരള ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക