പ്രാണപ്രതിഷ്ഠയ്‌ക്കു മുന്നോടിയായി ശ്രീരാമ വിഗ്രഹം ഗര്‍ഭഗൃഹത്തിലെത്തിച്ചു. കല്ലില്‍ത്തീര്‍ത്ത ഇരുനൂറു കിലോ വിഗ്രഹം വലിയ ട്രക്കില്‍ പോലീസ് സുരക്ഷയിലാണ് ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ തൊഴിലാളികള്‍ ചെറിയ ക്രെയിനുകളില്‍ വിഗ്രഹം ശ്രീകോവിലിനകത്തെത്തിച്ച് പീഠത്തില്‍ ഉറപ്പിച്ചു. വിഗ്രഹം ശ്രീകോവിലിലെത്തിക്കുന്നതിനു മുമ്പായി ശ്രീകോവിലിലും ക്ഷേത്ര മണ്ഡപത്തിലും കലശപൂജ അടക്കം പ്രത്യേക പൂജകള്‍ നടന്നു.
മൈസൂരു സ്വദേശി ശില്‍പ്പി അരുണ്‍ യോഗിരാജ് കല്ലില്‍ത്തീര്‍ത്ത അഞ്ചു വയസ്സില്‍ താഴെയുള്ള ബാലകരാമ വിഗ്രഹം ഗര്‍ഭഗൃഹത്തിലെത്തിച്ചതായി ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു. വിഗ്രഹം ക്ഷേത്രത്തിലെത്തിച്ച ശേഷം വിഗ്രഹ പൂജകളും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഗണേശ പൂജയും വരുണ പൂജയും നടന്നു. അതിനു മുമ്പായി വിഗ്രഹം ജലാധിവാസ ഭാഗമായി കഴുകി വൃത്തിയാക്കി. 121 പൂജാരിമാരാണ് ക്ഷേത്ര പരിസരത്ത് വിവിധ പൂജകള്‍ക്കു നേതൃത്വമേകുന്നത്.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മൂന്നു ദിവസം മാത്രം ശേഷിക്കേ അയോധ്യ നഗരിയില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാകുന്നു. അവസാന വട്ട അറ്റകുറ്റപ്പണികളാണ് എല്ലായിടത്തും. ഇന്നോടെ അയോധ്യയിലേക്ക് പുറത്തുനിന്നുള്ള പ്രവേശനം നിരോധിക്കും. ബസുകളും ചെറുവാഹനങ്ങളും അടക്കം നഗരത്തിനു പുറത്തുതന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കണം. അയോധ്യയിലേക്ക് ഇനി 23 മുതലേ ട്രെയിനുണ്ടാകൂ. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പ്രത്യേക ക്ഷണമനുസരിച്ചു വരുന്ന ഏഴായിരത്തോളം പേര്‍ക്കും മാധ്യമങ്ങള്‍ക്കും വോളന്റിയര്‍മാര്‍ക്കും മാത്രമാകും ഇനി അയോധ്യയിലേക്ക് പ്രവേശനം. നിലവിലെ താത്കാലിക രാമക്ഷേത്ര ദര്‍ശനവും ഇന്ന് അവസാനിക്കും.
ഇനിയുള്ള രണ്ടു ദിവസം രാംലല്ലയില്‍ പൂജാരിമാര്‍ പതിവു പൂജകള്‍ ചെയ്യും. പ്രാണപ്രതിഷ്ഠയ്‌ക്കു ശേഷം പഴയ രാംലല്ല വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ തന്നെ സ്ഥാപിക്കും. ഉത്സവ വിഗ്രഹമായി മാത്രമേ ഇനിയത് ഉപയോഗിക്കൂ. ഇന്നു കൂടി കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ഇനി 23ന് രാവിലെയേ രാമക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ. പ്രതിദിനം അയോധ്യയിലെത്തുന്ന ശ്രീരാമഭക്തര്‍ അന്‍പതിനായിരം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: