അഹമ്മദാബാദ് : ഗുജറാത്തില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 15 ആയി. മരിച്ചവരില്‍ 13 കുട്ടികളും രണ്ട് അധ്യാപകരുമാണുളളത്.
വഡോദരയ്‌ക്ക് സമീപം ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
വഡോദരയിലെ ഹരനി തടാകത്തില്‍ ഉല്ലാസയാത്ര നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്.
പതിനൊന്നോളം കുട്ടികളെ രക്ഷപ്പെടുത്തി. അഗ്‌നി രക്ഷാ സേനയ്‌ക്ക് പുറമേ എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് 50000 രൂപ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും.
രാഷ്‌ട്രപതി ദ്രൗപതി മൂര്‍മുവും ദുഃഖം രേഖപ്പെടുത്തി.പതിനഞ്ച് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടില്‍ 27 പേരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: