തിരുവനന്തപുരം: 2047 ആകുമ്പോള്‍ ഇന്ത്യ എല്ലാവരും സുഖ സമൃദ്ധിയില്‍ ജീവിക്കുന്ന വികസിത രാജ്യമായി മാറണമെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ വികസന, ക്ഷേമ പദ്ധതികളില്‍ അര്‍ഹരായ എല്ലാവരും പങ്കാളികളാകണമെന്നും കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്. അതിനുള്ള അവസരമാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിന്റെ വികസന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ തിരുവല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ജനങ്ങള്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുമ്പോള്‍ രാജ്യം വികസനത്തിലേക്ക് കുതിക്കും. അതിനോടൊപ്പം നല്ല റോഡ്, വീട്, തൊഴില്‍ അവസരങ്ങള്‍, ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുന്നു. അങ്ങനെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാന്മാര് വിഭാവനം ചെയ്തതു പോലെയുള്ള രാജ്യം 2047 ഓടെ നമുക്ക് കെട്ടിപ്പെടുക്കാനാകുമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 25 കോടി ആളുകള്‍ ദാരിദ്രത്തില്‍ നിന്ന് കരകയറി. കോടിക്കണക്കിന് ആളുകള്‍ക്ക് അപകട ഇന്‍ഷുറന്‍സും പെന്ഷന് പദ്ധതിയും നല്കി. എന്നാല്‍ നമ്മുടെ രാജ്യത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേള്‍ക്കാനും വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ അവരെ അംഗങ്ങളാക്കാനും ലക്ഷ്യമിട്ടുള്ള വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. പാര്‍വതി ഐഐഎസ്, എസ്ബിഐ ഡിജിഎം ദീപക് ലിങ്വാള്, എസ്ബിഐ റീജിയണല്‍ മാനേജര്‍ മോഹന്‍ കുമാര്‍ ആര്. നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ സത്യവതി, ലീഡ് ഡിസ്ട്രിക് മാനേജര്‍ എസ്. ജയമോഹന്, അഡ്വ വി. വി. രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഴ് ഉപഭോക്താക്കള്‍ക്ക് ഉജ്ജ്വല യോജനയുടെ കീഴില്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര പദ്ധതികളുടെ ഉപഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ തത്സമയ ആശയ വിനിമയവും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 28 സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോര്പറേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങല്‍, വര്‍ക്കല, നെയ്യാറ്റിന്‍കര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും ഈ മാസം 25 വരെ പര്യടനം നടത്തും.
ലീഡ് ബാങ്ക് നേതൃത്വം നല്കുന്ന പരിപാടിയില്‍ ആധാര്‍ അപ്ഡേഷന് സൗകര്യങ്ങള്‍, ഒഘഘ ലൈഫ് കെയര്‍ ലിമിറ്റഡ് ഹിന്ദ് ലാബിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷ സ്കീമുകളില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര വാനും ഉണ്ടാകും. വികസിത ഭാരത സങ്കല്പ്പ യാത്ര പരിപാടി നാളെ കരിക്കകം (കാനറാ ബാങ്ക്), ചാക്ക (സൗത്ത് ഇന്ത്യന്‍ ബാങ്ക്) എന്നിവിടങ്ങളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: