തിരുവനന്തപുരം : അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന നിലയിൽ ആണ് നരേന്ദ്രമോദി ജനങ്ങളോട് സംവദിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം തിരുവല്ലത്ത് വികസന ഭാരത സങ്കല്പ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യ ഇടം നേടിയത് ജനപക്ഷ വികസനം നയമാക്കിയതിനാലാണ്. അതിന്റെ ഗുണഫലം ഓരോ പൗരനിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്നവരുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നത്.
സർക്കാരിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ജനങ്ങൾ ജീവിത നിലവാരം മെച്ചപ്പെടുത്തുമ്പോൾ രാജ്യം വികസനത്തിലേക്ക് കുതിക്കും. അതിനോടൊപ്പം നല്ല റോഡ്, വീട്, തൊഴിൽ അവസരങ്ങൾ, ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നു. അങ്ങനെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാൻമാർ വിഭാവനം ചെയ്തതു പോലെയുള്ള രാജ്യം 2047 ഓടെ നമുക്ക് കെട്ടിപ്പെടുക്കാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നീതി ആയോഗ് റിപ്പോർട്ട് പ്രകാരം 25 കോടി ആളുകൾ ദാരിദ്രത്തിൽ നിന്ന് കരകയറി. കോടിക്കണക്കിന് ആളുകൾക്ക് അപകട ഇൻഷുറൻസും പെൻഷൻ പദ്ധതിയും നൽകി. എന്നാൽ നമ്മുടെ രാജ്യത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേൾക്കാനും വിവിധ കേന്ദ്ര സർക്കാർ പദ്ധതികളിൽ അവരെ അംഗങ്ങളാക്കാനും ലക്ഷ്യമിട്ടുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: