അലസമായി നീട്ടി വളര്‍ത്തിയ, ഇടയ്ക്കൊക്കെ ജട കെട്ടിയ മുടി. നെറ്റിയില്‍ നിറയെ ചന്ദനം, വിശാലമായി തോളില്‍, കരുത്തുറ്റ ഭുജങ്ങളില്‍ ഭസ്മക്കുറികള്‍. ഗുസ്തിക്കാരന്റെ ശരീരഭാഷ… കണ്ണുകളില്‍ ആഴമുള്ള തീക്ഷ്ണത. ശ്രീകൃഷ്ണന്റെ തേരാളി ശ്രീരാമന് ക്ഷേത്രം നിര്‍മിക്കുന്നു. രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണ സമിതി അദ്ധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിനെക്കുറിച്ച് ഒരു വിദേശ മാധ്യമത്തില്‍ വന്ന കുറിപ്പിന്റെ തുടക്കമാണിത്. മഥുരയില്‍ ഭഗവാന് ശ്രീകൃഷ്ണന് വളര്‍ന്ന വൃന്ദാവനത്തിന് അടുത്ത് കേര്ഹല ഗ്രാമത്തിലാണ് നൃത്യഗോപാല്‍ ദാസ് ജനിച്ചത്. 1938ല്‍. ഇപ്പോള്‍ പ്രായം 86. ശ്രീകൃഷ്ണജന്മസ്ഥാന്‍ സേവാ സന്സ്ഥാന് അദ്ധ്യക്ഷന്‍. 26 ഏക്കറില്‍ വിശാലമായ ക്ഷേത്രം മണിരാം ദാസ് കി ചവാനിയുടെ അധിപന്. രാമജന്മഭൂമി ന്യാസിന്റെ എല്ലാമെല്ലാം….
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന് വേണ്ടി ജീവന് ഉഴിഞ്ഞുവച്ച മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ പിന്മുറക്കാരനായാണ് നൃത്യഗോപാല്‍ദാസ് ക്ഷേത്രനിര്മാണസമിതി അദ്ധ്യക്ഷനായത്. കാലങ്ങളുടെ സംഘര്‍ഷത്തിന് ശേഷം അയോദ്ധ്യയുടെ ശേഷിക്കുന്ന പോരാട്ടം കോടതി മുറികളില്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് നൃത്യഗോപാല്‍ ദാസ് മൗനവ്രതത്തിലായിരുന്നു. അപ്പോഴും കര്‍സേവകപുരത്ത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അഖണ്ഡമായ കൊത്തുവേലകളില്‍ ഏര്‍പ്പെട്ട് ഒരു കൂട്ടം രാമഭക്തര്‍ കഴിഞ്ഞു. വിധി അനുകൂലമായതിന് ശേഷമാണ്, 28 വര്‍ഷത്തെ കാത്തിരിപ്പിന് മഹന്ത് നൃത്യഗോപാല്‍ ദാസ് ബാലകരാമനെ മുഖാമുഖം കാണുന്നത്, ആരതി ഉഴിയുന്നത്. അത് ഒരു വ്രതമായിരുന്നു.
1953ല്‍ പത്താം ക്ലാസ് പരീക്ഷ പാസായ ശേഷം കൊമേഴ്സ് പഠിക്കാന്‍ മഥുരയില്‍ പോയതാണ് നൃത്യഗോപാല്‍ ദാസ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പഠനം മതിയാക്കി അയോദ്ധ്യയിലേക്ക് പോയി. മഹന്ത് റാം മനോഹര്‍ ദാസിന്റെ ശിഷ്യനായി, വാരാണസിയിലെ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രി ബിരുദം നേടി. 1965ല്‍, ഇരുപത്തേഴാം വയസിലാണ് മണിറാം ദാസ് കി ചാവ്നിയുടെ മഹന്തായത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ആകര്‍ഷണകേന്ദ്രമായി ഇവിടം മാറി.
അഖാഡകളും ആരോഗ്യ നികേതനങ്ങളും ക്ഷേത്രങ്ങളും ഇതിഹാസപഠനകേന്ദ്രങ്ങളും മഹന്ത് നൃത്യഗോപാല്‍ദാസ് നിര്‍മിച്ചു. രാമായണഭവന്, ശ്രീരംഗനാഥ ക്ഷേത്രം, ചാര്‍ധാം ക്ഷേത്രം എല്ലാം അദ്ദേഹത്തിന്റെ കല്പനയില് വിരിഞ്ഞതാണ്. ആയിരത്തോളം സംന്യാസിമാര്‍ കഴിയുന്ന മണിറാം ചാവ്നി അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. വിശ്വഹിന്ദുപരിഷത്ത് ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തതുമുതല്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് അതിനോടൊപ്പം സഞ്ചരിച്ചു. തകര്‍ക്കലല്ല നിര്‍മാണമാണ് വേണ്ടത്. തകര്‍ത്തതെല്ലാം നിര്‍മിക്കുക തന്നെ വേണം എന്ന അദ്ദേഹത്തിന്റെ വാക്കുകളുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ അയോദ്ധ്യയില്‍ സംഭവിക്കുന്നത്.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ആഘോഷം അന്തരീക്ഷത്തിലാകെ അലതല്ലുമ്പോഴും നൃത്യഗോപാല്‍ദാസ് അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്. ആഴമുള്ള ആ മൗനത്തിന് ആ ജീവിതവും ഒരു കാലം വിളിച്ച മുദ്രാവാക്യവുമാണ് വ്യാഖ്യാനം… കാശീ മഥുരാ ബാക്കി ഹേ… ശ്രീകൃഷ്ണന്റെ തേരാളിക്ക് അയോദ്ധ്യ ഏറ്റെടുത്ത അനേകം ദൗത്യങ്ങളിലൊന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: