വിദ്യാരംഭ സംസ്‌കാരം
പ്രയോജനം
കുട്ടിക്കു ജന്മം നല്‍കുന്നതോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്തങ്ങളില്‍ അന്നവസ്ത്രാദികള്‍ക്കും മറ്റ് ജീവിതാവശ്യങ്ങള്‍ക്കുമുള്ള വ്യവസ്ഥകള്‍ ശരിയായിക്കഴിഞ്ഞ് കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള വ്യവസ്ഥ ശരിയാക്കേണ്ടത് ഓരോ രക്ഷകര്‍ത്താവിന്റെയും അതിപാവനമായ ധര്‍മ്മകര്‍ത്തവ്യമാണ്.
ഏതെങ്കിലും മാതാപിതാക്കള്‍ കുട്ടിക്കു ജന്മം നല്‍കിയശേഷം അതിനെ പരിപാലിക്കുന്ന ഉത്തരവാദിത്തം വെടിഞ്ഞ് വല്ല കുറ്റിക്കാട്ടിലും കളയുന്ന പക്ഷം, അവര്‍ കുറ്റവാളികളായിത്തീരുന്നതുപോലെ, കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാതെയും അവരുടെ മാനസികവികസനത്തിനും മനുഷ്യജാതി സംഭരിച്ചിരിക്കുന്ന ജ്ഞാനസമ്പത്തിന്റെ അവകാശത്തിനും അര്‍ഹരാക്കാതെയും ഇരുന്നാല്‍ അതും അത്രതന്നെ കടുത്ത കുറ്റമാണ്. ഈ പാപത്തില്‍നിന്നും അപരാധത്തില്‍നിന്നും രക്ഷപ്പെടാന്‍വേണ്ടി ഓരോ രക്ഷകര്‍ത്താവും തന്റെ ഓരോ കുട്ടിയേയും കുട്ടി ആണായാലും പെണ്ണായാലും തന്റെ കഴിവനുസരിച്ച് വിദ്യാഭ്യാസം ചെയ്യിക്കാനുള്ള വഴിയൊരുക്കണം. ഈ ധര്‍മ്മകര്‍ത്തവ്യം നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തത്തിന്റെ പ്രഖ്യാപനമായി കുട്ടിയുടെ വിദ്യാഭ്യാസസംസ്‌കാരം നടത്തുന്നു. ദേവതകളുടെ സാന്നിദ്ധ്യത്തില്‍ സമുദായത്തിനുമുമ്പാകെ, തന്റെ കര്‍ത്തവ്യം താന്‍ മറന്നിട്ടില്ലെന്നും അതിന്റെ നിര്‍വ്വഹണാര്‍ത്ഥം വേണ്ടത്ര ഉത്സാഹത്തോടെ തയ്യാറെടുക്കുകയാണെന്നും ഉദ്‌ഘോഷിക്കേണ്ടതുണ്ട്. ഇത് ഓരോ മനുഷ്യനും ചെയ്യേണ്ടത് ആവശ്യമാണ്. ആരും തങ്ങളുടെ സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസം നിരസിക്കരുത്. യാതൊന്നിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം കേവലം അറിവുനേടല്‍ മാത്രമാകാതെ ജീവിതം പടുത്തുയര്‍ത്താനുള്ള അഭികാമ്യമായ വിദ്യയായി വികസിക്കുന്നുവോ, ആ മൂലസംസ്‌കാരമാണ് വിദ്യാരംഭസമയത്ത് കുട്ടിയില്‍ സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്. സമാരോഹത്തിലൂടെ കുട്ടിയുടെയുള്ളില്‍ ജ്ഞാനാര്‍ജ്ജനത്തിനുള്ള ഉത്സാഹം ഉണര്‍ത്തുന്നു. ഉത്സാഹഭരിതമായ മാനസികാവസ്ഥയില്‍ ദേവാരാധനയുടേയും യജ്ഞത്തിന്റെയും സംയോജനംമൂലം ആശാസ്യമായ ജ്ഞാനസംസ്‌കാരത്തിന്റെ ബീജാവാപം സാദ്ധ്യമാകുന്നു.
വിശേഷാല്‍ വ്യവസ്ഥ
വിദ്യാരംഭസംസ്‌കാരത്തിനായി സാധാരണ തയ്യാറെടുപ്പുകള്‍ക്കു പുറമേ താഴെപ്പറയുന്ന ഏര്‍പ്പാടുകള്‍കൂടി നേരത്തേ ചെയ്തിരിക്കണം.
1. പൂജയ്‌ക്കുവേണ്ടി ഗണപതിയുടേയും സരസ്വതിയുടേയും ഫോട്ടോ അല്ലെങ്കില്‍ വിഗ്രഹം.
2. സ്ലേറ്റ്, മഷിക്കുപ്പി, തൂലിക ഇവ പൂജിക്കാന്‍വേണ്ടി. കുട്ടിക്ക് എഴുതാനുള്ള സൗകര്യത്തിനായി സ്ലേറ്റും ചോക്കും വേണമെങ്കില്‍ വയ്‌ക്കാം.
3. ഗുരുപൂജനത്തിനുവേണ്ടി, പ്രതീകരൂപത്തില്‍ നാളികേരം വയ്‌ക്കാവുന്നതാണ്. കുട്ടിയുടെ അദ്ധ്യാപകന്‍ പ്രത്യക്ഷത്തില്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തെയും പൂജിക്കാം.
ഗണേശപൂജയും സരസ്വതീപൂജയും
ശിക്ഷണവും പ്രേരണയും:
ഗണപതിയെ വിദ്യയുടേയും സരസ്വതിയെ ശിക്ഷണത്തിന്റെയും പ്രതീകമായി പരിഗണിച്ചിരിക്കുന്നു. വിദ്യയും ശിക്ഷണവും പരസ്പരപൂരകങ്ങളാണ്. ഒന്നില്ലെങ്കില്‍ മറ്റേത് അപൂര്‍ണ്ണമാണ്. സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ക്കാണ് ശിക്ഷണം എന്നു പറയുന്നത്. ഭാഷ, ലിപി, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ശില്പം, രസതന്ത്രം, ചികിത്സ, കല, ശാസ്ത്രം മുതലായ വിഭിന്ന ഭൗതികജ്ഞാനം ഇതില്‍പ്പെടുന്നു. ശിക്ഷണംമൂലം ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിക്കുകയും അതുമൂലം ലൗകികസമ്പത്തും സുഖസൗകര്യങ്ങളും ബഹുമാനവും നേടാന്‍ സാധിക്കുകയും ചെയ്യുന്നു. ഭൗതികജീവിതത്തിലെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി ഈ വിധത്തിലുള്ള ജ്ഞാനം ആവശ്യമാണ്. ഇതു സരസ്വതിയുടെ ആരാധനയാണ്.
വിദ്യയുടെ പ്രതിനിധിയാണ് ഗണപതി. വിവേകത്തിന്റെയും സദ്ഭാവത്തിന്റേയും ശക്തി എന്നാണ് വിദ്യയുടെ അര്‍ത്ഥം. എന്താണ് ഉചിതം, എന്താണ് അനുചിതം, കര്‍ത്തവ്യം എന്താണ്, എന്താണ് അകര്‍ത്തവ്യം ഇതിന്റെ തിരിച്ചറിവ് വിദ്വാന്മാര്‍ക്കേ ഉള്ളൂ. അതായത് ഈ തിരിച്ചറിവ് വിവേകം ഉള്ളവര്‍ വിദ്വാന്മാരാണ്. തല്കാലത്തെ ചെറിയ ചെറിയ ലാഭനഷ്ടങ്ങളേക്കാള്‍ ഭാവിയിലെ ലാഭനഷ്ടങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നു. ഭാവിയിലെ വലിയ നേട്ടങ്ങള്‍ പരിഗണിച്ച് വര്‍ത്തമാനകാലത്ത് കുറച്ച് കഷ്ടപ്പാടു സഹിക്കുവാനും അഥവാ ഭാവിയിലെ വലിയ നഷ്ടങ്ങളെ കഷ്ടപ്പാടിന്റെ സ്വരൂപമായി പരിഗണിച്ച് ഇന്നത്തെ ചെറിയ ചെറിയ പ്രലോഭനങ്ങളെ പരിത്യജിക്കുവാനും ആവുന്നത്ര ധൈര്യം സംഭരിക്കുന്നു. വിചാരങ്ങളെയും കര്‍മ്മങ്ങളെയും ക്രമീകൃതമാക്കാന്‍വേണ്ടി ചെയ്യുന്ന പ്രയത്‌നം ഗണപതിയുടെ ആരാധനയ്‌ക്കുവേണ്ടി ചെയ്യുന്ന തപസ്സായി കരുതണം. ആദര്‍ശത്വത്തിന്റെ ഉന്നതമായ സദ്ഭാവങ്ങള്‍ അടങ്ങുന്ന ചിന്തനത്തിനു ഗണപതി എന്ന് പറയാം.
ഗണപതീപൂജയ്‌ക്കുശേഷം സരസ്വതിയെ പൂജിക്കുന്നു. ഗണപതിക്കു ഒന്നാംസ്ഥാനവും സരസ്വതിക്കു രണ്ടാംസ്ഥാനവുമാണുള്ളത്. ഭാവനയ്‌ക്ക് പ്രാധാന്യം കൂടുതലും ചാതുര്യത്തിന് പ്രാധാന്യം കുറവുമാണ് കല്പിച്ചിരിക്കുന്നത്. ശിക്ഷണത്തിന്റെയും ചാതുര്യത്തിന്റെയും മേല്‍ വിവേകത്തിന്റെയും ആദര്‍ശത്തിന്റെയും നിയന്ത്രണം ഉണ്ടായിരിക്കണം. ധര്‍മ്മത്തിന്റെയും ആദര്‍ശത്തിന്റെയും ഔചിത്യത്തിന്റെയും അതായത് ഗണപതിയുടെ നിയന്ത്രണം നമ്മുടെ സകല പ്രവര്‍ത്തനങ്ങളിന്മേലും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അവ നിയന്ത്രണമില്ലാതെ ധിക്കാരം കാട്ടുകയും അധഃപതനത്തിന്റെ അഗാധഗര്‍ത്തത്തില്‍ വീഴ്‌ത്തുകയും ചെയ്യും. താന്‍ എത്രതന്നെ പഠിച്ചാലും, എത്ര വലിയ വിദ്വാനും കര്‍മ്മകുശലനും ആയാലും സന്മാര്‍ഗ്ഗത്തില്‍നിന്ന് ഒരു ചുവടുപോലും വ്യതിചലിക്കുകയില്ലെന്ന് കുട്ടിക്ക് ജീവപര്യന്തം ഓര്‍മ്മവേണം. സമൃദ്ധിയെയും ഐശ്വര്യങ്ങളെയും ഒട്ടുംതന്നെ സ്വേച്ഛാപരത്തിന് അനുവദിക്കരുത്. ശിക്ഷണവും ബുദ്ധിയും ദുരുപയോഗപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം. അവയിലൂടെ സാദ്ധ്യമാകുന്ന നേട്ടങ്ങള്‍ പതനോന്മുഖമാകരുത്; ഉന്നമനോന്മുഖമായിരിക്കണം. മസ്തിഷ്‌കത്തിന്മേല്‍ സദാ വിവേകത്തിന്റെനിയന്ത്രണം ഉണ്ടായിരിക്കണമെന്ന തഥ്യം ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിനുവേണ്ടി കുട്ടിയുടെ വിദ്യാരംഭസമയത്ത് ഗണപതിയെ പൂജിക്കുന്നു.
എപ്രകാരം മാതാവിന്റെ സ്‌നേഹം മക്കള്‍ക്കു ജീവപര്യന്തം ആവശ്യമായിരിക്കുന്നുവോ, അപ്രകാരംതന്നെ വിദ്യയുടേയും സരസ്വതിയുടേയും അനുഗ്രഹവും മനുഷ്യന് ജീവപര്യന്തം ആവശ്യമാണ്. സരസ്വതീമാതാവ് നമ്മുടെ പ്രത്യക്ഷത്തിലുള്ള ദേവിയാണ്. അദ്ധ്യയനം മുഖേനയേ ഈ ദേവിയെ ആരാധിക്കാനാവൂ. ഉപാസന, ആഹാരം, സ്‌നാനം, ശയനം, ഇത്യാതിയെപ്പോലെ തന്നെ അദ്ധ്യയനവും നമ്മുടെ ദൈനംദിനജീവിതത്തിലെ ആവശ്യമായി നിലകൊള്ളുന്നപക്ഷം സരസ്വതീപൂജയുടെ യഥാര്‍ത്ഥ ആശയം മനസ്സിലാക്കിയെന്നു ധരിക്കണം.
(ഗായത്രീ പരിവാറിന്റെ ആധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: