തിരുവനന്തപുരം: ശ്രീരാമസ്വാമിയുടെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പൂജിച്ച് നല്കുന്ന ഓണവില്ല് സമര്‍പ്പിക്കും. 18ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, തുളസി ഭാസ്കരന്, എക്സി. ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും. ഓണവില്ലുമായി ഭക്തര്‍ നാമജപത്തോടെ ക്ഷേത്രത്തിന് ചുറ്റും പരിക്രമം നടത്തും.
പ്രധാന ദേവനെ കൂടാതെ ശ്രീരാമനും, നരസിംഹമൂര്‍ത്തിയും ശ്രീകൃഷ്ണനും ഒരേ സങ്കേതത്തില്‍ പ്രതിഷ്ഠിച്ച് ആരാധന നടത്തണമെന്നാണ് വൈഷ്ണവ ക്ഷേത്രങ്ങളുടെ ലക്ഷണമായി വേദങ്ങളില്‍ പറയുന്നത്. അപ്രകാരമുള്ള ദക്ഷിണ ഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളില്‍ ഒന്നും കേരളത്തിലെ ഏകവുമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം.
രാമാവതാരത്തിന് മുമ്പ് ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരുടെ സ്തുതികളെ കൊണ്ടപ്രീതനായി പ്രത്യക്ഷപ്പെടുന്ന ഭാവത്തിലാണ് ശ്രിപദ്മനാഭ സ്വാമിയുടെ സാന്നിധ്യം എന്നത് പ്രസിദ്ധമാണ്. ശയനരൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമനായി കണക്കാക്കുന്ന ഒരു സമ്പ്രദായവും നിലവിലുണ്ട്. നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രനട തുറക്കുന്നതു മുതല്‍ അടയ്ക്കുന്നതു വരെ അകത്തെ ബലിവട്ടത്തിന് പുറത്ത് നരസിംഹമൂര്‍ത്തിക്ക് മുമ്പില്‍ രാമായണപാരായണം മുടക്കമില്ലാതെ നടക്കുന്നു. ഉത്സവാഘോഷങ്ങളില്‍ നടക്കുന്ന പള്ളിവേട്ടക്ക് ശ്രീരാമസ്വാമിയുടെ അങ്കിചാര്‍ത്തി അമ്പും വില്ലും ധരിച്ച രൂപത്തില്‍ ശ്രീപദ്മനാഭസ്വാമി എഴുന്നള്ളുന്നതും പ്രത്യേകതയാണ്.
ശ്രീരാമനെ വില്ല് അലങ്കാരമായും ആയുധമായും വിഷ്ണു ധരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് ഓണവില്ല് ചാര്‍ത്തുന്നതും ക്ഷേത്രത്തിലെ ശ്രീരാമബന്ധം കൊണ്ടെന്നാണ് വിശ്വാസം. ഭക്തജനങ്ങള്‍ക്ക് ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: