പാട്ടില് നിറഞ്ഞ കഥയുമായാണ് ഭട്ജി കര്സേവകര്ക്കൊപ്പം കൂടിയത്. നിര്ണായകമായ കര്സേവയ്ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്ഷത്തിന്റെ വാര്ത്തകള് എവിടെയും… ആലുവയില് നിന്നും കൊച്ചിയില് നിന്നുമുള്ള കര്സേവകര്ക്ക് പക്ഷേ ആവേശവും ആത്മവിശ്വാസവുമായി മുതിര്ന്ന ആര്എസ്എസ് കാര്യകര്ത്താവായിരുന്ന വി. രാധാകൃഷ്ണ ഭട്ജി ഒപ്പമുണ്ടായിരുന്നു.
1990 ഒക്ടോബര് 26നാണ് എറണാകുളം ജില്ലയില് നിന്നുള്ള കര്സേവകര് ഹിമസാഗര് എക്സ്പ്രസില് അയോദ്ധ്യയിലേയ്ക്ക് യാത്രതിരിക്കുന്നത്. ജനറല് കംപാര്ട്ടുമെന്റ് നിറയെ കര്സേവകരായിരുന്നു. ട്രെയിനില് വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഭട്ജിയാണ് റെയില്വെ ഉദ്യോഗസ്ഥരോട് സംസാരിച്ച് സൗകര്യം ഒരുക്കിയിരുന്നതെന്ന് കര്സേവക സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയൂണിയന് സംസ്ഥാന വര്ക്കിങ് പ്രസിഡന്റും ബിഎംഎസിന്റെ ജില്ലയിലെ പൂര്ണസമയ പ്രവര്ത്തകനും മുനമ്പം സ്വദേശിയുമായ എ.ഡി. ഉണ്ണികൃഷ്ണന് ഓര്ക്കുന്നു. ദുരിതയാത്രയായിരുന്നെങ്കിലും രാമന്റെ കാര്യത്തിനായിരുന്നതുകൊണ്ട് കഷ്ടതകള് ആര്ക്കും ബുദ്ധിമുട്ടായി തോന്നിയില്ല. എല്ലാ കാര്യങ്ങള് അന്വേഷിക്കാനും നേതൃത്വം നല്കാനും ഭട്ജി ഉണ്ടായിരുന്നു. എല്ലാവരും ആരാധനയോടെയാണ് ഭട്ജിയെ കണ്ടിരുന്നത്.
ഝാന്സിയിലെത്തിയപ്പോള് ട്രെയിന് തടഞ്ഞ് കര്സേവകരെയെല്ലാം ഇറക്കി. അര കിലോമീറ്റര് അകലെയുള്ള ഒരു കെട്ടിടത്തില് എല്ലാവരെയും തടവിലാക്കി. പ്രഭാതകൃത്യങ്ങള്ക്കടക്കം സൗകര്യം ഉണ്ടായിരുന്നില്ല. പലരും അസുഖബാധിതരായി. ഡോക്ടറോ മരുന്നോ ഇല്ല. എന്നാല് അതിനേക്കാളെല്ലാം നല്ല മരുന്ന് രാമമന്ത്രമായിരുന്നു. പിന്നെ ഭട്ജിയുടെ കഥകളും. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളെല്ലാം.
എല്ലാ ദിവസവും രാവിലെ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നിവയിലെ ആവേശം പകരുന്ന കഥകളാണ് ഭട്ജി പകര്ന്ന് നല്കിയിരുന്നത്. വീരപുരഷന്മാരുടെ ത്യാഗപൂര്ണ ജീവിതവും കഥകളും ഭട്ജിയിലൂടെ കേള്ക്കുമ്പോള് എല്ലാവരും എല്ലാം മറന്ന് രാമകാര്യത്തിനായി കച്ചമുറുക്കും. ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉറങ്ങാന് സാധിക്കാത്തതിനെക്കുറിച്ചോ ഉള്ള ചിന്തകള് എവിടെയോ പോയിമറയും.
ഒരു ഈച്ചപോലും കടക്കില്ലെന്ന് പ്രഖ്യാപിച്ച മുലായം സിങ്ങിന്റെ പോലീസിനെയും പട്ടാളത്തെയും മറികടന്ന് കര്സേവ നടന്നു. നൂറുകണക്കിന് കര്സേവകരെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടയില് കര്ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങാന് പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. കര്ഫ്യൂ പിന്വലിച്ചപ്പോള് ട്രെയിനില് കുത്തിനിറച്ച് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. ഭട്ജിയുടെ വാക്കുകളുടെ കരുത്തില് എല്ലാവരും വിജയികളുടെ ഭാവമാര്ജിച്ചിരുന്നു, ഉണ്ണികൃഷ്ണന് അനുസ്മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: