Categories: Health

കടുത്ത ചുമയും കഫവും പമ്പ കടക്കും; ച്യവനപ്രാശത്തിലെയും വാശാരിഷ്ടത്തിലെയും പ്രധാന ചേരുവ, അറിയാം ആടലോടകത്തിന്റെ ഗുണങ്ങൾ

Published by

മലബാർ നട്ട് എന്ന് ഇംഗ്ലീഷ് നാമമുള്ള അനുഗ്രഹീത സസ്യമാണ് ആടലോടകം. ഭാരതത്തിലെ ഔഷധ പാരമ്പര്യത്തിലെ മുഖ്യകണ്ണി. ആയൂർവേദത്തിൽ ഇതിന്റെ വേര്, ഇല, പൂവ്, കായ് എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ഏത് കാലാവസ്ഥയിലും വളരുന്ന ഈ ചെടി ആക്കാൻ തേ സിയേ സസ്യ കുടുംബത്തിലെ അംഗമാണ്. ശാസ്ത്രീയനാമം അഡതോടെ വിസിക്കനീസ്.

അനവധി ആയൂർവേദ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ച ആടലോടകത്തിന്റെ തറവാട് ഈർപ്പമുള്ള വനമേഖലയാണ്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ മലയാളി വിട്ടുമുറ്റത്തും പറമ്പിൽ നട്ടുവളർത്തുന്നുമുണ്ട്. ചെറുതും വലുതുമായി ഇവയെ രണ്ട് തരത്തിൽ കാണാനാവും. ഔഷധ മേന്മയിൽ അഗ്രഗണ്യൻ ഇവയിൽ ചെറിയ ഇലകളുള്ള ചെറിയ ആടലോടകമാണ്. ഏത് കാലാവസ്ഥയിലും വളരുന്ന ഇവ കമ്പു നട്ടും വിത്തിട്ടും കിളിർപ്പിക്കാം. രോമങ്ങളാൽ സമൃദ്ധമാണ് ഇവയുടെ തളിരിലകൾ. ചെറിയ കുലകളായി കാണപ്പെടുന്ന ഇവയുടെ ദളപുടങ്ങൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. വേരിലുള്ള തൊലിക്ക് മഞ്ഞ കലർന്ന പച്ച നിറമാണ്. വേരിൽ ധാരാളം ഗ്രന്ഥികളുമുണ്ട്.

സംസ്കൃതത്തിൽ വാസകഃ, വാസഃ, വാജീദന്ത, ആഢരൂക്ഷം, വിഷ്ണു, സിംഹാസ്യം, വംശംഃ എന്നിങ്ങനെ വിളിക്കുന്നു. ഇതിന്റെ ഇല, വേര്, പൂവ്, കായ്, എന്നിവയെല്ലാം ഔഷധയോഗ്യമാണ്. ഇതിന് തിക്തരസവും ശീതവീര്യവും ലഘുഗുണവും രൂക്ഷവുമാണ്. അലോപ്പതിയിൽ കഫ നിവാരണത്തിനുള്ള ഔഷധ നിർമാണത്തിന് ആടലോടകം ഉപയോഗിക്കുന്നു.

കടുത്ത ചുമ, കഫം, ക്ഷയം, ഛർദ്ദി, ശ്വാസം മുട്ടൽ, രക്തപിത്തം എന്നിവയുടെ ശമനത്തിനും ശരീരവേദന മാറ്റാനും ആടലോടകം അത്യുത്തമം. ഇതിന്റെ ഇലകളിലും വേരിലും അടങ്ങിയിട്ടുള്ള വാസീസൈന്‍ എന്ന ആല്‍ക്കലോയിഡ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തേന്‍ചേര്‍ത്ത് ഉപയോഗിച്ചാല്‍ രക്തപിത്തവും ചുമയും മാറും. ഇലച്ചാറില്‍ ആട്ടിന്‍പാല്‍ ചേര്‍ത്ത് കാച്ചി കുടിച്ചാല്‍ ശ്വാസം മുട്ടല്‍, ചുമ എന്നിവ മാറും. വേരു ചതച്ച് പാലില്‍ കാച്ചി കഴിക്കുന്നത് ക്ഷയരോഗം, രക്തംഛര്‍ദ്ദിച്ചുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയുടെ ശമനത്തിനു നന്ന്.

ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്മ ശമിക്കാനും കുരുമുളക് പൊടി ചേര്‍ത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറ്റാനും കഫശല്യം മാറ്റാനും ഉത്തമം. ആയുര്‍വേദ ഔഷധങ്ങളായ ച്യവനപ്രാശത്തിലും വാശാരിഷ്ടത്തിലും ഒരു പ്രധാന ചേരുവയായി ആടലോടകം ചേര്‍ക്കുന്നു. കുമിളുകളേയും ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും നശിപ്പിക്കുന്നു. അതിനാല്‍ ആടലോടകത്തിന്റെ ഇല വേവിച്ച് ആറ്റി കീടനാശിനിയായും ഉപയോഗിക്കാവുന്നതാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യരായ കേരള ജനതയ്‌ക്ക് ആടലോടകം ഒരനുഗ്രഹം തന്നെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by