ശ്രീരാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി ജീവന് ത്യജിക്കാനും തയാറായിട്ടായിരുന്നു കര്‍സേവകരുടെ യാത്ര. മനസിനുള്ളില്‍ രാമ ഭഗവാനും രാമമന്ത്രവും നിറഞ്ഞ ദിനരാത്രങ്ങള്‍. ആ യാത്ര ഇന്നും മായാതെ കോട്ടയം മൂലവട്ടം സ്വദേശി ഉമ്പുകാട്ടുമറ്റം കെ.യു. രഘുവിന്റെ ഉള്ളിലുണ്ട്. അന്ന് പ്രായം 22. മൂലവട്ടം ശാഖയിലെ ബിനുവും പഴയ നാട്ടകം പഞ്ചായത്തില്‍ നിന്ന് പങ്കെടുത്തു.
ബിജെപി നേതാവ് നാരായണന് നമ്പൂതിരിക്കായിരുന്നു നേതൃത്വം. വയസ്കരകുന്നിലെ ഒരു വീട്ടില്‍ എല്ലാവരും ഒത്തുകൂടി. അയോദ്ധ്യയ്ക്ക് ചുറ്റും അഞ്ച് പരിക്രമണം ചെയ്യണമെന്നും ജയ് ശ്രീറാം എന്നതാണ് കര്‍സേവകര്‍ തമ്മില്‍ തിരിച്ചറിയുന്നതിനുള്ള കോഡ് എന്നൊക്കെയായിരുന്നു നിര്‍ദേശങ്ങള്‍. കര്‍സേവയ്ക്ക് ഒരാഴ്ച മുന്നേ എത്തണം എന്നായിരുന്നു തീരുമാനം. അതുപ്രകാരം കോട്ടയം താലൂക്കില്‍ നിന്നുള്ള സമാനമനസ്കരായ ഇരുപതോളം കര്‍സേവകര്‍ക്കൊപ്പം 1990 ഒക്ടോബര്‍ മധ്യത്തോടെ കേരള എക്സ്പ്രസില്‍ യാത്ര തിരിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് മുലായംസിങ് സര്‍ക്കാര്‍ യാത്ര തടഞ്ഞു. കര്‍സേവകര്‍ അറസ്റ്റിലായി. അവിടെയുള്ളൊരു കോളജിലേക്കാണ് തടവുകാരെ മാറ്റിയത്. പോലീസുകാര്‍ നിര്‍ദയം തല്ലിച്ചതച്ചു.
അന്ന് രാത്രി രഘുവും ഏതാനും കര്‍സേവകരും ജയില്‍ ചാടി. കരിമ്പിന് പാടം കടന്ന് തൊട്ടടുത്ത ഗ്രാമത്തിലെത്തി. അത്ഭുതപ്പെടുത്തുന്നതായിരുന്നു ഗ്രാമീണരുടെ സ്വീകരണം. ഗ്രാമത്തിലെ വീടുകളില്‍ മറ്റിടങ്ങളില്‍ നിന്നുള്ള കര്‍സേവകരുമുണ്ടായിരുന്നു. കരിമ്പിന് പാടത്തിന്റെ വശങ്ങളില് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കര്‍സേവകര്‍ക്ക് വൈദ്യുതാഘാതമേറ്റ് ജീവന് നഷ്ടമായിട്ടുണ്ടെന്നും ഗ്രാമീണര്‍ പറഞ്ഞപ്പോഴാണ് രാത്രിയിലെ ജയില്‍ ചാട്ടം സാഹസികമായിരുന്നുവെന്ന് രഘുവിനും കൂട്ടര്‍ക്കും ബോധ്യമായത്.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ നാലഞ്ച് ദിവസം അവരാരും പുറത്തിറങ്ങിയില്ല. വീരപുരുഷന്മാരെപ്പോലെയാണ് അഭയം നല്കിയ ഗ്രാമീണര്‍ കര്‍സേവകരെ കരുതിയത്. അവിടെ നിന്ന് വീണ്ടും അയോദ്ധ്യയിലേക്ക് യാത്ര തിരിച്ചു. വെള്ളി നാണയം നല്‍കിയും കുങ്കുമം ചാര്‍ത്തിയും വിജയം നേര്‍ന്നാണ് അവര്‍ യാത്രയാക്കിയത്.
അയോദ്ധ്യയില്‍ ആദ്യ കര്‍സേവ നടന്ന ദിനം അവിടെ എത്താന്‍ സാധിച്ചില്ലെന്ന് പറയുമ്പോള്‍ രഘുവിന്റെ വാക്കുകളില്‍ വേദന നിറയുന്നു. രാമന് വേണ്ടി മകന് ബലിദാനിയായാലും തനിക്ക് ദു:ഖമില്ലെന്നും മറ്റ് ആണ്മക്കളേയും കര്‍സേവയ്ക്ക് വിടുമെന്നും അച്ഛന് പറഞ്ഞതായി മടങ്ങിയെത്തിയപ്പോള്‍ അറിഞ്ഞു. അന്ന് ഏറെ ചാരിതാര്‍ത്ഥ്യം തോന്നി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം കൂടുതല്‍ ചൈതന്യവതിയാകുന്ന അയോദ്ധ്യയിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്നും കോട്ടയം മുനിസിപ്പല്‍ 30-ആം വാര്‍ഡ് മുപ്പായിക്കാട് നിന്നുള്ള കൗണ്‍സിലറായ രഘു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: