ഇടക്കാലത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ അയോധ്യയിലെ പ്രശ്നപരിഹാരത്തിന് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി സുബോധ് കാന്ത് സഹായ് മുന്‍കൈയെടുത്ത് ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തി. രാമജന്മഭൂമിയില്‍ നിന്ന് ലഭിച്ച തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അവിടെ ഉണ്ടായിരുന്നത് ക്ഷേത്രമാണോ പള്ളിയാണോ എന്ന് പരിശോധിച്ച് തീരുമാനത്തിലെത്തുകയായിരുന്നു ലക്ഷ്യം.
ഇരുവിഭാഗങ്ങളും തങ്ങളുടെ പക്ഷത്തെ പിന്തുണക്കുന്ന രേഖകളുമായി ഹാജരായി. ഒന്നുരണ്ടുതവണ ചര്‍ച്ചകള്‍ നടന്നു. അകല്‍ച്ച കുറയുകയും അന്തരീക്ഷത്തിന് അയവുവരുകയും ചെയ്തു. ഇങ്ങനെപോയാല്‍ പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്യുകയുണ്ടായി.
എന്നാല്‍ മതേതരത്വത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പേരില്‍ ഊറ്റംകൊണ്ടു നടന്നവര്‍ക്ക് ഇത് ഇഷ്ടമായില്ല. തങ്ങളുടെ പിന്തുണകൊണ്ടു മാത്രം ഭരണത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ തങ്ങള്‍ക്ക് കഴിയാതിരുന്നത് ചെയ്യുന്നത് കണ്ട് കോണ്‍ഗ്രസ് അമര്‍ഷംപൂണ്ടു. പുരാവസ്തു തെളിവുകളും മറ്റു രേഖകളും പരിശോധിച്ചാല്‍ തീരുമാനം രാമജന്മഭൂമിക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാകുമെന്ന് കണ്ട് ഇടതുപാര്‍ട്ടികള്‍ അസ്വസ്ഥരായി.
ചരിത്രകാരന് ഇര്ഫാന് ഹബീബിനെ രംഗത്തിറക്കി അന്തരീക്ഷം കലുഷിതമാക്കാന്‍ ഈ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഹബീബ് കടുത്ത വര്‍ഗീയ ചിന്താഗതിയോടെ ബാബറി മസ്ജിദിന്റെ പക്ഷത്തെ വശത്താക്കി. അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നതിന്റെ തെളിവില്ലെന്നും, അത് ബുദ്ധമത കേന്ദ്രമായിരുന്നുവെന്നുമൊക്കെ ഹബീബും കൂട്ടരും വാദിച്ചു. ഈ ദിശയില്‍ നടത്തിയ പ്രചാരവേലയുടെ അനന്തരഫലമെന്നോണം ചര്‍ച്ച പൊളിഞ്ഞു. അധികം വൈകാതെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും ചന്ദ്രശേഖറിന്റെ സര്‍ക്കാര്‍ താഴെ വീഴുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: