കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തും.
മഹാരാജാസ് കോളേജിന് മുന്നില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് 1.3 കിലോമീറ്റാറാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. അരലക്ഷത്തോളം പേര് റോഡ്ഷോയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശേഷം എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ 6.30ഓടെ ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തും.
വില്ലിങ്ടണ്‍ ഐലന്‍ഡില്‍ കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പല്‍ റിപ്പയറിങ് കേന്ദ്രം, പുതിയ ഡ്രൈഡോക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും. ശേഷം മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര ഇന്‍ചാര്‍ജുമാരുടെ യോഗത്തേയും അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാകും പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും തൃശൂരിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഇരു ജില്ലകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: