തൃശ്ശൂര്‍: പ്രധാനമന്ത്രി നാളെ എത്തുന്നു. ഗുരുവായൂര്‍ നഗരവും തൃപ്രയാര്‍ ക്ഷേത്ര പരിസരവും കടുത്ത സുരക്ഷാ വലയത്തില്‍. നാളെ രാവിലെ ആറരയോടെയാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങുക. വന്‍ജനാവലി മോദിയെ സ്വീകരിക്കാന്‍ ഈ സമയം എത്തുമെന്നാണ് കരുതുന്നത്. കനത്ത സുരക്ഷാ മുന്‍കരുതലാണ് ഗുരുവായൂര്‍ നഗരത്തിലെങ്ങും. നഗരത്തിന്റെ സുരക്ഷ ചുമതല എസ്പിജി ഏറ്റെടുത്തിട്ടുണ്ട്.
എസ്പിജി കമാന്റന്‍ഡ് സുരേഷ് രാജ് പുരോഹിത് നേരിട്ട് സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഹെലിപാഡില്‍ നിന്ന് നരേന്ദ്രമോദി റോഡ് മാര്‍ഗ്ഗം ക്ഷേത്രത്തിലെത്തും. ഇരുവശവും പതിനായിരങ്ങള്‍ മോദിയെ സ്വീകരിക്കാന്‍ അണിനിരക്കും.
എട്ടുമണിയോടെ ക്ഷേത്രദര്‍ശനത്തിന് എത്തുന്ന നരേന്ദ്രമോദി എട്ടരയ്‌ക്ക് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്ന മണ്ഡപത്തില്‍ എത്തും. തുടര്‍ന്ന് വധൂവരന്മാരെ ആശിര്‍വദിച്ച ശേഷം ഒമ്പത് മണിയോടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങും. ഹെലികോപ്റ്ററില്‍ തുടര്‍ന്ന് തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് തിരിക്കും. നാട്ടിക എസ്എന്‍ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങുന്ന മോദി കാറില്‍ തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തും. തൃപ്രയാര്‍ ക്ഷേത്രവും പരിസരവും എസ്പിജി സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട് .ഇന്നലെ മുതല്‍ കനത്ത സുരക്ഷാ ജാഗ്രതയിലാണ് തൃപ്രയാര്‍ നഗരവും ക്ഷേത്ര പരിസരവും.
ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. അയോധ്യയില്‍ 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്രത സമയത്ത് തന്നെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ മോദി ദര്‍ശനത്തിന് എത്തുന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ സുപ്രധാന വഴിപാട് ആയ മീനൂട്ടും നരേന്ദ്രമോദി നിര്‍വഹിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കൊച്ചിക്ക് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: