തൃശ്ശൂര്‍: ചലച്ചിത്ര സംഗീതലോകത്ത് തൃശൂരിന്റെ അഭിമാനമായിരുന്നു കെ.ജെ.ജോയ്.
സായൂജ്യം എന്ന ചിത്രത്തിലെ മനോഹരമായ ക്രിസ്തുമസ് ഗാനത്തിന്റെ മേല്‍വിലാസത്തിലാണ് ജോയ് പ്രശസ്തനായത്. കാലിത്തൊഴുത്തില്‍ പിറന്നവനെ എന്ന ക്രിസ്തുമസ് ഗാനം മൂളാത്തവരില്ല.
ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, എം.കെ അര്‍ജ്ജുനന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ ചലച്ചിത്ര സംഗീതരംഗത്ത് നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ രംഗപ്രവേശനം.
ആധുനിക സംഗീത ഉപകരണങ്ങള്‍ ചലച്ചിത്രഗാനങ്ങളില്‍ പ്രയോഗിച്ചായിരുന്നു ജോയി ശ്രദ്ധേയനായത്. ഹാര്‍മോണിയം ഉപയോഗിച്ച് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരുന്നവരില്‍ നിന്ന് വ്യത്യസ്തനായി ജോയി കീബോര്‍ഡ് സംഗീതസംവിധാനത്തില്‍ പരിചയപ്പെടുത്തി.
ആര്‍.ഡി.ബര്‍മെന്‍, എസ്.ഡി.ബെര്‍മന്‍ തുടങ്ങി ബോളിവുഡിലെ അനന്യസംഗീത പ്രതിഭകളുമായുള്ള പരിചയവും സഹപ്രവര്‍ത്തനവും വഴി ആര്‍ജ്ജിച്ച നൂതനമായ വൈഭവങ്ങളും അറിവുകളും ജോയി മലയാള ചലച്ചിത്ര സംഗീത ലോകത്ത് വിതച്ചു. തൃശൂരില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര സംഗീതസംവിധായകനെന്ന പദവിയും ജോയിക്കാണ്. മനുഷ്യമൃഗം എന്ന ചിത്രത്തില്‍ ജയന്റെ കഥാപാത്രത്തിന് ജോയ് നല്‍കിയ സംഗീതം ശ്രദ്ധേയമായി. കസ്തൂരി മാന്‍മിഴി… എന്നു തുടങ്ങുന്ന ഗാനം ഏത് മലയാളിക്കാണ് മറക്കാനാകുക.
അനുപല്ലവി എന്ന ചിത്രത്തിലെ എന്‍ സ്വരം പൂവിടും എന്ന ഗാനവും സര്‍പ്പം എന്ന ചിത്രത്തിലെ സ്വര്‍ണ്ണമീനിന്റെ ചേലൊത്ത , കുങ്കുമസന്ധ്യകളും എന്ന് തുടങ്ങുന്ന ഗാനങ്ങളും ചന്ദനചോലയെന്ന ചിത്രത്തിലെ ഹൃദയം മറന്നു… മണിയന്‍ ചെട്ടിക്ക് എന്ന് തുടങ്ങുന്ന ഗാനങ്ങളും സായൂജ്യമെന്ന ചിത്രത്തില്‍ മറഞ്ഞിരുന്നാലും.. എന്ന് തുടങ്ങുന്ന ഗാനവുമൊക്കെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളാണ്. മൂക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയില്‍ ആഴി തിരമാലകള്‍.. അറബിക്കടലും അഷ്ടമുടികായലും എന്നുതുടങ്ങുന്നഗാനങ്ങളും ഇതാ ഒരു തീരം എന്ന ചിത്രത്തില്‍ അക്കരയിക്കര നിന്നാല്‍ എങ്ങനെ ആശ തീരും എന്ന ഗാനവും അവിസ്മരണീയമാണ്.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ജോയിയുടെ സാമ്രാജ്യം എന്നും ഓര്‍ക്കസ്ട്രയായിരുന്നു. ഓര്‍ക്കസ്ട്രേഷന്റെ മാന്ത്രികനും ചക്രവര്‍ത്തിയുമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ലാത്ത പ്രാഗത്ഭ്യം. ജനിച്ചുവളര്‍ന്ന തൃശൂര്‍ നഗരം ഒരു പക്ഷേ ആ ജീവിതത്തിന് പകര്‍ന്നേകിയ ഏറ്റവും അമൂല്യ മധുരമായിരുന്നു പാട്ടുപീടിക വാട്സ്ആപ്പ് കൂട്ടായ്മ കഴിഞ്ഞദിവസം സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ സംഗീത പരിപാടി. ജൂണ്‍ 14ന് ജോയിയുടെ 77-ാം പിറന്നാളായിരുന്നു. നെല്ലിക്കുന്ന് സ്വദേശിയായ ജോയി ദീര്‍ഘകാലമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ കിടപ്പിലായിരുന്നു. ജോയി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ എട്ട് ഗായകര്‍ ചേര്‍ന്നാണ് അന്ന് അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാട്, ഔസേപ്പച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യവും സന്ദര്‍ഭത്തിന് സാന്ദ്രതയുടെ ഔന്നിധ്യമേകി.
1975ല്‍ ലൈവ് ലെറ്റര്‍ എന്ന സിനിമയിലെ സംഗീത സംവിധായകനായാണ് ജോയി ഹരിശ്രീ കുറിക്കുന്നത്. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്നേഹ യുമന, ലിസ, മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, കരിംപൂച്ച, മനുഷ്യമൃഗം തുടങ്ങി 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി സ്വര്‍ണ്ണമുദ്ര പതിപ്പിച്ച ജോയി ഒരുപക്ഷേ പ്രതാപകാലത്തിന്റെ ഒടുവില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മകളുടെ തടവുകാരനായി നിഷ്‌ക്രിയനുമായി കഴിയേണ്ടി വന്നതില്‍ ദുഃഖിതനായിരുന്നിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: