ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. തമിഴ്നാടിന് ആവശ്യമായ ജലം നല്‍കുന്നതാകും പദ്ധതിയെന്നും അദ്ദേഹം ദല്‍ഹി കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തമിഴ്നാടും കേരളവും അയല്പക്ക സ്നേഹം മറന്നുപോവേണ്ട സംസ്ഥാനങ്ങളല്ല. തമിഴ്നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കി ഇരുസംസ്ഥാനങ്ങളും ആലോചിച്ച് നല്ല നിലയില്‍ ഈ വിഷയം പരിഹരിക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയും പുതിയ ഡാം ഉണ്ടാവണമെന്ന നിലപാടാണ് നിയമസഭയില്‍ പറഞ്ഞത്. പുതിയ ഡാമിനായുള്ള പാരിസ്ഥിതിക ആഘാതപഠനം നടക്കുകയാണ്.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന ആവശ്യം നേര ത്തെതന്നെ ഉന്നയിക്കപ്പെട്ടതാണ്. 2023 ഡിസംബര്‍ എട്ടിന് ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീ പിച്ചു. 2023 ഡിസംബര്‍ 19ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്, സുരക്ഷാ അവലോകനം നടത്തുന്നതിനായുള്ള ടേംസ് ഓഫ് റഫറന്‍സ് അന്തിമമാക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. 2024 ജനുവരി ഒമ്പതിന് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്ത് തമിഴ്നാട് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നത്.
സുപ്രീംകോടതിയും സൂപ്പര്‍വൈസറി കമ്മിറ്റിയും നിര്‍ദേശിച്ച, ഡാമിന്റെ ബലപ്പെടുത്തല്‍ നടപടികള്‍ക്ക് കേരളം ഒരു തടസ്സവും ഉന്നയിച്ചിട്ടില്ല. പകരം, ഇതിന് ആവശ്യമായ മുന്‍കൈ തമിഴ്നാട് സ്വീകരിക്കണമെന്നും അതോടൊപ്പം പുതിയ ഡാം വേണമെന്ന ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ച്, പ്രസ്തുത ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കണമെന്നുമാണ് ജനസുരക്ഷയെ കണ ക്കി ലെടുത്ത് കേരളം എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. സിങ്, ചീഫ് എഞ്ചിനീയര്‍ ആര്. പ്രിയേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: