കോട്ടയം: സേവാഭാരതി എന്നത് മെഡിക്കല്‍ കോളജ് ആശുപത്രികളെ സംബന്ധിച്ച് ഗൈഡന്‍സ് സെന്ററുകളാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. കോട്ടയം മെഡി.കോളജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യസൗകര്യമൊരുക്കാന് സേവാഭാരതി നിര്‍മിച്ച ശബരിഗിരീശ സേവാനിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയംസേവക സംഘം എന്നതില്‍ സേവനം എന്ന വാക്ക് തന്നെയുണ്ട്. അതിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഒന്നുമാത്രമാണ് സേവാഭാരതി. 2018ലെ പ്രളയം, കൊവിഡ് എന്നീ ഘട്ടങ്ങളിലെ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോഴും എടുത്തുപറയേണ്ടത് കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടല്‍ സംബന്ധിച്ചാണ്. ദുരന്തമേഖലയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സേവാഭാരതിക്ക് ഇത്രയും വിപുലമായരീതിയില്‍ പ്രവര്‍ത്തനം നടത്താന്‍ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും കെ.ടി. തോമസ് പറഞ്ഞു.
സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ. രവീന്ദ്രന് നായര്‍ അധ്യക്ഷനായി. ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി ആമുഖ പ്രഭാഷണവും, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണവും നടത്തി. ആദരിക്കല്‍ ചടങ്ങ് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. ആര്. വന്നിയരാജ് സേവാസന്ദേശം നല്കി. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റിയന്, സിഎസ്ആര്‍ കൊച്ചിന് ഷിപ്പ്യാര്ഡ് മാനേജര്‍ ശശീന്ദ്രദാസ്, നെറ്റ് ലിങ്ക്സ് ചെയര്മാന് സില്‍വസ്റ്റര്‍ ജോസഫ്, വിഭാഗ് സംഘചാലക് പി.പി. ഗോപി, സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് ഹരിനാരായണന്, നിര്‍മാണ സമിതി ചെയര്മാന് എന്‍. രാജഗോപാല്‍, സേവാഭാരതി യൂണിറ്റ് ട്രഷറര്‍ ഗോപാലകൃഷ്ണന് പി.പി. തുടങ്ങിയവര്‍ സംസാരിച്ചു. സേവാഭാരതി ഡിജിറ്റല്‍ കലണ്ടറിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: