ശ്രീരാമ ജന്മഭൂമിയില് രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്ന സമയം ആസന്നമാകുമ്പോള്‍, വാക്കുകള്‍ക്ക് അതീതമായ ആഹ്ലാദത്തിലാണ് ഞാന്‍. അയോധ്യയില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്ന സന്ദര്‍ഭത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ജീവിത സൗഭാഗ്യമാണ്. വിശ്വാസം, വ്യക്തിയുടെ ജീവിതത്തില്‍ ഊര്‍ജവും ആത്മവിശ്വാസവും പകരാന്‍ മാത്രമല്ല, ദിശാബോധം നല്‍കാനും സഹായിക്കുന്നു. കോടാനുകോടി ഭാരതീയര്‍ക്കൊപ്പം എനിക്കുമുള്ള ഈ വിശ്വാസമാണ് ശ്രീരാമഭക്തി. ഭാരതത്തിന്റെ ആത്മാവിനെയാണ് രാമന് ഉള്‍ക്കൊള്ളുന്നത്. അച്ചടക്കം, സത്യസന്ധത, ധാര്‍മ്മിക മൂല്യങ്ങള്‍, വൈവിധ്യങ്ങളുടെ സ്വീകാര്യതയും ആഘോഷവും, മുതിര്‍ന്നവരോടുള്ള ബഹുമാനം, ദൃഢമായ കുടുംബബന്ധങ്ങള്‍ തുടങ്ങി എല്ലാ മാനുഷിക മൂല്യങ്ങളും അത്തരം കുറ്റമറ്റ മാനുഷിക ഗുണങ്ങളുടെയെല്ലാം പ്രതിരൂപമായ രാമനും ആണ് ഭാരതത്തിന്റേയും ഭാരതീയതയുടേയും ആത്മാവ്. ഭാരതീയ ചിന്താഗതിയെ രാമായണം വളരെയധികം സ്വാധീനിച്ചു. 500 വര്‍ഷത്തിലേറെയായി അയോധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മാണം ഭാരതീയരുടെ ആഗ്രഹമാണ്. രാമജന്മഭൂമി പ്രസ്ഥാനം 1947നു ശേഷമുള്ള ഭാരതത്തിന്റെ സുപ്രധാന ചരിത്ര രേഖയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും ദേശീയ സ്വത്വബോധത്തിലും അതുണ്ടാക്കിയ ചലനം വലുതായിരുന്നു.
എന്റെ രാഷ്ട്രീയ യാത്രയില്‍ ഭാരതത്തെ കണ്ടെത്താനും സ്വയം തിരിച്ചറിയാനും ഏറ്റവും നിര്‍ണായകമായ പരിവര്‍ത്തന സംഭവമായിരുന്നു അയോധ്യ പ്രസ്ഥാനം. 1990ല്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്കുള്ള ശ്രീരാമ രഥയാത്രയുടെ രൂപത്തില്‍ സുപ്രധാന കടമ നിര്‍വഹിക്കാന്‍ വിധി എന്നെ അനുവദിച്ചതില്‍ ഞാന്‍ വിനയാന്വിതനാണ്. ഏതൊരുകാര്യവും യാഥാര്‍ത്ഥ്യമാകുന്നതിനുമുമ്പ്, വ്യക്തിയുടെ മനസ്സില്‍ ഉത്ഭവിക്കുകയും രൂപപ്പെടുകയും വേണം. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം ഉയരുക തന്നെ ചെയ്യുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയിരുന്നു.
1980കളുടെ മധ്യത്തില്‍ അയോദ്ധ്യാ പ്രശ്നം ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായപ്പോള്‍, ഒരു കാര്യം ഓര്‍മിപ്പിച്ചിരുന്നു. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, രാജേന്ദ്ര പ്രസാദ്, കെ.എം. മുന്‍ഷി തുടങ്ങിയ രാഷ്ട്രീയ അതികായന്മാര്, എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് ഗുജറാത്തിലെ സോമനാഥില്‍, സ്വതന്ത്ര ഭാരതത്തിലെ മറ്റൊരു നാഴികക്കല്ലായ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം ഫലപ്രദമാക്കിയ കാര്യമായിരുന്നു അത്. മധ്യകാലഘട്ടത്തിലെ അധിനിവേശങ്ങളില്‍ ഒന്നിലധികം വിദേശികളുടെ ലക്ഷ്യമായിരുന്നു സോമനാഥ്. പുനര്‍നിര്‍മ്മിക്കപ്പെട്ട സോമനാഥ ക്ഷേത്രം വിദേശ ആക്രമണങ്ങളുടെ ചരിത്രം മായ്ക്കാനും നഷ്ടപ്പെട്ട സാംസ്കാരിക നിധി വീണ്ടെടുക്കാനുമുള്ള ഭാരതത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ അഭിമാന സാക്ഷ്യമായിരുന്നു.
ഖേദകരമെന്നു പറയട്ടെ, സോമനാഥിന്റെ കാര്യത്തിലെന്നപോലെ, അയോദ്ധ്യയില്‍ ശ്രീരാമ ജന്മസ്ഥലത്തെ ക്ഷേത്രവും ആക്രമണത്തിന് ഇരയായി. മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബര്‍ ആയിരുന്നു ആക്രമണകാരി. 1528ല്‍ ബാബര്‍ അയോധ്യയെ ‘മാലാഖമാരുടെ വംശാവലിക്കുള്ള സ്ഥലം’ ആക്കുന്നതിന് അവിടെ മസ്ജിദ് സ്ഥാപിക്കാന്‍ തന്റെ കമാന്‍ഡര്‍ മിര്‍ ബാഖിയോട് ആജ്ഞാപിച്ചു. അങ്ങനെയാണ് ബാബറി മസ്ജിദ് എന്ന പേര് ഉണ്ടായത്. അയോധ്യയില്‍ മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും മസ്ജിദ് സ്ഥാപിക്കാന്‍ വേണ്ടി തകര്‍ത്തതാണെന്നും പരക്കെ വിശ്വസിക്കപ്പെടുകയും പിന്നീട് പുരാവസ്തു തെളിവുകള്‍കൊണ്ട് അതു സ്ഥിരീകരിക്കുകയും ചെയ്തു.
പല തരത്തിലും സോമനാഥിന്റെ തുടര്‍ച്ചയായിരുന്നു അയോദ്ധ്യാ പ്രസ്ഥാനം. അതിനു ജനപിന്തുണ ലഭിക്കാന്‍, 1990ല്‍ ശ്രീരാമ രഥയാത്ര, ബിജെപി അധ്യക്ഷനെന്ന നിലയില്‍ ഞാന്‍ നയിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ചരിത്ര യാത്രയുടെ തുടക്ക വേദിയായി സോമനാഥിനെ തിരഞ്ഞെടുക്കാന്‍ സമയമെടുക്കേണ്ടി വന്നതേയില്ല. മതേതരത്വവും കപട മതേതരത്വവും തമ്മിലുള്ള വ്യത്യാസമായിരുന്നു രാമജന്മഭൂമി പ്രസ്ഥാനത്തിലെ സുപ്രധാന സംവാദം. ഒരുവശത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണ. മറുവശത്ത് മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് ഒഴിഞ്ഞുനിന്ന രാഷ്ട്രീയകക്ഷികള്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വശീകരണത്തിന് വഴങ്ങി അവര്‍ മതേതരത്വത്തിന്റെ പേരില്‍ അതിനെ ന്യായീകരിച്ചു. അങ്ങനെ, അയോദ്ധ്യാ പ്രശ്നം, കപട മതേതരത്വത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് മതേതരത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം തിരിച്ചുപിടിക്കുന്നതിന്റെ പ്രതീകം കൂടിയായി.
ആ രഥയാത്രയ്ക്കു ശേഷം 33 വര്‍ഷങ്ങളായി ഞാനും ഒട്ടേറെ വിഎച്ച്പി, ആര്‍എസ്എസ്, ബിജെപി സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട നിയമപ്പോരാട്ടം അടക്കം നിരവധി സംഭവങ്ങള്‍ കടന്നുപോയി. 2020 സെപ്തംബര്‍ 30ന്, സിബിഐയുടെ പ്രത്യേക കോടതി എല്ലാവരേയും കുറ്റവിമുക്തരാക്കി. നിയമപ്പോരാട്ടം തുടരുന്നതിനൊപ്പം എല്ലാ പ്രവര്‍ത്തകരും രാമക്ഷേത്രം എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായി ഭാരതത്തിന്റെ ആത്മാവ് ഉണര്‍ത്തുന്ന പ്രവര്‍ത്തനം തുടരുകയും ചെയ്തു. 2019 നവംബറില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധിയെത്തുടര്‍ന്ന് ശ്രീരാമമന്ദിറിന്റെ പുനര്‍നിര്‍മ്മാണം ശാന്തമായ അന്തരീക്ഷത്തില്‍ സംഭവിച്ചതില്‍ സന്തോഷം തോന്നുന്നു. ക്ഷേത്രനിര്‍മാണം അവസാന ഘട്ടത്തിലെത്തുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയസ്വയം സേവക് സംഘം, ഭാരതീയ ജനതാ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍, യാത്രയുടെ ഭാഗമായ എണ്ണമറ്റ ആളുകള്‍, സന്യാസിമാര്‍, നേതാക്കള്‍, കര്‍സേവകര്‍, നൂറ്റാണ്ടുകളായി അയോധ്യാ പ്രസ്ഥാനത്തിനുവേണ്ടി ത്യാഗം സഹിച്ചവര്‍… എല്ലാവരോടുമുള്ള കൃതജ്ഞതയാല്‍ ഹൃദയം നിറഞ്ഞിരിക്കുന്നു.
രണ്ടുപേരുടെ നഷ്ടം ഇന്ന് വല്ലാതെ വേദനിപ്പിക്കുന്നു. ആദ്യത്തേയാള്‍, വിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും ബഹുമാനത്തിന്റേയും അഭേദ്യവും ശാശ്വതവുമായ ബന്ധം പങ്കിട്ട, എന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തില്‍ അവിഭാജ്യ ഘടകമായിരുന്ന അടല്‍ ബിഹാരി വാജ്പേയി. ശ്രീരാമ രഥയാത്രയുടെ വേളയില്‍ മാത്രമല്ല, എന്റെ നീണ്ട പൊതുജീവിത കാലയളവിലുടനീളം എനിക്ക് സമാനതകളില്ലാത്ത ശക്തിയുടെ ഉറവിടവുമായിരുന്ന ഭാര്യ കമലയാണ് രണ്ടാമത്തെ ആള്.
ഇന്നിപ്പോള്‍, രാജ്യത്തുടനീളമുള്ള അന്തരീക്ഷം ‘രാമമയം’ ആയി മാറിയിരിക്കുന്നു. ആര്‍എസ്എസിന്റേയും ബിജെപിയുടേയും അഭിമാനിയായ അംഗം എന്ന നിലയില്‍ മാത്രമല്ല രാജ്യത്തിന്റെ ഉന്നതിയില്‍ അഭിമാനിക്കുന്ന പൗരന് എന്ന നിലയിലും ഇത് എനിക്ക് നിര്‍വൃതിയുടെ നിമിഷമാണ്.
അയോധ്യയില്‍ ‘പ്രാണപ്രതിഷ്ഠ’ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുക ഭാരതത്തിലെ എല്ലാ പൗരന്മാരേയുമാണ്. ശ്രീരാമന്റെ സദ്ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍, മുഴുവന്‍ ഭാരതീയരേയും ക്ഷേത്രം പ്രചോദിപ്പിക്കും. മഹത്തായ ഈ രാജ്യം ആഗോള ശക്തിയാകാനുള്ള പാതയിലൂടെ അതിവേഗം മുന്നേറുക മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാന്യതയുടെയും അലങ്കാരത്തിന്റെയും ഉദാഹരണമായി മാറുകയും ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ശ്രീരാമന്റെ പാദാരവിന്ദങ്ങളില്‍ പ്രണമിക്കുന്നു. എല്ലാ ദേശവാസികള്‍ക്കും ആശംസകള്‍! രാമന് എല്ലാവരെയും അനുഗ്രഹിക്കട്ടെ. ജയ് ശ്രീറാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: