കണ്ണൂര്‍: ലഹരിമരുന്ന് കേസില്‍ തടവില്‍ കഴിയുന്ന പ്രതി ജയില്‍ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസില്‍ 10 വര്‍ഷം ശിക്ഷിച്ച കണ്ണൂര്‍ കൊയ്യോട് ചെമ്പിലോട് ടി.സി. ഹര്‍ഷാദ് (34)ആണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.
രാവിലെ പത്രക്കെട്ട് എടുക്കാന്‍ ജയില്‍ ഗേറ്റില്‍ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. കണ്ണവം പോലീസ് സ്റ്റേഷനില്‍ ലഹരിമരുന്ന് കേസില്‍ പിടികൂടി 2023 സെപ്റ്റംബര്‍ 9നാണ് കണ്ണൂര്‍ ജയിലില്‍ ശിക്ഷ തുടങ്ങിയത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് തടവുകാരന് കടന്ന് കളഞ്ഞതെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിെച്ചന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടതി ശിക്ഷിക്കപ്പെട്ടയാളെ യാതൊരു കാരണവശാലും പോലീസിന്റെയോ ജയില്‍ ഉദ്യോഗസ്ഥരുടേയോ സുരക്ഷയില്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന വ്യവസ്ഥയുണ്ടെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഒരു തടവുകാരനെ ജയിലിന് പുറത്ത് പത്രം എടുക്കാന്‍ തനിച്ച് വിട്ടതെന്ന ചോദ്യമാണ് ഉയരുന്നത്. ഇയാളാണ് എല്ലാ ദിവസവും പത്രം എടുത്ത് ജയിലിനകത്ത് എത്തിക്കാറുളളതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ജയില്‍ വെല്‍ഫെയര്‍ ഓഫീസിലായിരുന്നു നല്ല നടപ്പുകാരനായ ഇയാള്‍ ജോലി ചെയ്തിരുന്നത്. ജയില്‍ ലൈബ്രറിയുടെ ചുമതലക്കാരില്‍ ഒരാളും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ ജയിലിന്റെ പുറത്ത് കവാടത്തിലും ക്യാന്റീനിലും പോകാനുളള സ്വാതന്ത്ര്യം ഇയാള്‍ക്ക് ലഭിച്ചിരുന്നതായറിയുന്നു. ഇതുദുരുപയോഗം ചെയ്താണ് ഇയാള്‍ ജയില്‍ ചാട്ടത്തിനുളള ആസൂത്രണം നടത്തിയത്.
ജയിലിനകത്ത് നിന്ന് ഫോണ്‍വഴി ബന്ധപ്പെട്ട് പേപ്പറെടുക്കാന്‍ പുറത്ത് പോകുന്ന കൃത്യ സമയത്ത് ബൈക്കില്‍ എത്തിയാളോടൊപ്പം പ്രതി രക്ഷപ്പെട്ടുവെന്നത് സംഭവം വളരെ ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ്. സംഭവത്തില്‍ ജയില്‍ എഡിജിപി കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: