ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെയും വിജയത്തിന്റെയും അടിത്തറ, ‘പാരമ്പര്യ’മായി കിട്ടിയ എത്ര പ്രശ്നങ്ങള്‍ക്ക് എത്രത്തോളം പരിഹാരമുണ്ടാക്കി എന്നത് വിലയിരുത്തിയാണ്, എന്ന് പ്രസ്താവിച്ചത് ‘വികാസ് പുരുഷ്’ എന്ന് കീര്‍ത്തിമാനായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു. 23 വര്‍ഷം മുമ്പ്, 2000ല്‍ ഡിസംബര്‍ 26 മുതല്‍ 2001 ജനുവരി ഒന്നുവരെ കേരളത്തിലെ കോട്ടയം ജില്ലയില്‍ കുമരകത്തുവെച്ച്. പ്രകൃതി രമണീയമായ പ്രദേശം, വേമ്പനാട്ടു കായലില്‍ നിന്നകലെയല്ലാത്ത ഇടം, അവിടെ വര്‍ഷാന്തമോ നവവര്‍ഷമോ പിറന്നാളോ പ്രമാണിച്ച് എത്തിയതായിരുന്നു അടല്‍. ഡിസംബര്‍ 25 മുതലുള്ള കാലത്തെ അങ്ങനെ വിളിക്കാം, വാജ്പേയി ജന്മദിനം 25 ആണ്; ഭാരതം ഇപ്പോള്‍ സദ്ഭരണ ദിനമായി ആഘോഷിക്കുന്ന ദിവസം. (രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ-നവീ മുംബൈ പാലത്തിന് ‘അടല്‍ സേതു’എന്നാണ് കഴിഞ്ഞ ദിവസം പേരിട്ടത്).
കടല്‍ പോലെ ചിന്തയും കായലോളങ്ങള്‍ പോലെ സമാധാന വഴികളും കരള്‍ നിറയെ രാജ്യസ്നേഹവുമുണ്ടായിരുന്ന, കവി കൂടിയായ അടല്‍ കുമരകത്തിരുന്ന് ചിന്തിച്ചതും രാജ്യത്തെക്കുറിച്ചായിരുന്നു. രാജ്യത്തിന് തീരാ പ്രശ്നങ്ങളായി അന്ന് നിലനിന്ന രണ്ട് പ്രധാന വിഷയങ്ങളെക്കുറിച്ച് ജനതയുമായി ചിന്ത പങ്കുവെച്ച് അടല്‍ എഴുതിയ കുറിപ്പ് ‘കുമരകം മ്യൂസിങ്സ്’ (കുമരകം ചിന്തകള്‍) എന്ന് പ്രസിദ്ധമായി.
ദീര്‍ഘകാലമായി ഭാരതത്തിന് പരിഹരിക്കാനാകാതെ തുടരുന്ന കശ്മീര്‍, അയോദ്ധ്യാ വിഷയങ്ങളിലായിരുന്നു ആ ചിന്തകള്‍. അയല്‍ രാജ്യവുമായുള്ള കശ്മീര്‍ തര്‍ക്കവും കശ്മീരിലെ പ്രശ്നവും ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്തിനുള്ളില്‍ നടക്കുന്ന അയോദ്ധ്യാ ക്ഷേത്രനിര്‍മ്മാണത്തര്‍ക്കവും പരിഹരിക്കണമെന്നതായിരുന്നു ചിന്ത. തര്‍ക്കപരിഹാരം ചര്‍ച്ചകളിലൂടെ, സമവായത്തിലൂടെ പരിഹരിക്കണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
ഇപ്പോള്‍, 23 വര്‍ഷം കഴിഞ്ഞ 2023 വര്‍ഷാന്തത്തില്‍, അഥവാ 2024 നവവര്‍ഷകാലത്ത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലായിരുന്നു. കുമരകം പോലെ, ഒരു പക്ഷേ, കൂടുതല്‍ സുന്ദരമായ പ്രദേശം. രണ്ടിടത്തിനും സമാനതകള്‍ ഏറെയാണ്. കുട്ടനാട്ടിലാണ് കുമരകം. കൊച്ചു കൊച്ചു ദ്വീപസമൂഹങ്ങളായിരുന്നു കുട്ടനാടും. പൂര്‍ണസമയവും കടല്‍ വെള്ളത്തിലായിരുന്നില്ലെന്ന് ലക്ഷദ്വീപുമായി വ്യത്യാസം. ഇന്നിപ്പോള്‍റോഡും പാലങ്ങളും മറ്റുമായി, മാറ്റം വന്നു. കടല്‍ ജലനിരപ്പിലും താഴ്ന്നതാണ് കുട്ടനാട്. കുമരകം, അന്ന് പ്രധാനമന്ത്രി വാജ്പേയിയുടെ സന്ദര്‍ശനത്തോടെ ലോക ടൂറിസ്റ്റ് ഭൂപടത്തിലിടം നേടി. അസാമാന്യമായ കുതിപ്പായിരുന്നു പിന്നീട് കുമരകത്തിന് വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയില്‍. പക്ഷേ, ആ വേഗവും സാദ്ധ്യതയും വിനിയോഗിക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക്, ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ല എന്നത് കേരള ഭരണത്തിന്റെ പോക്കിലെ മറ്റൊരു ദുഃഖം.
നരേന്ദ്രമോദി ലക്ഷദ്വീപില്‍ നിന്ന് അദ്ദേഹത്തിന്റെ ‘മ്യൂസിങ്സ്’ ഒന്നും പരസ്യമാക്കിയില്ല. ചില ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ‘ഭൂകമ്പ’ങ്ങളുടെ തുടര്‍ചലനം തുടരുകയാണല്ലോ; അതില്‍ വിശദീകരണം ആവശ്യമില്ല.
കുമരകത്ത് പച്ചപ്പുല്‍ത്തകിടിയില്‍ കസേരയിലിരുന്ന് പുഞ്ചിരി തൂകുന്ന വാജ്പേയിയുടെ അതി മനോഹര ചിത്രം ഉണ്ടായിരുന്നു അന്ന്. രണ്ടു പതിറ്റാണ്ടു മുമ്പത്തെ സാങ്കേതിക വിദ്യയിലും സമ്പര്‍ക്ക സങ്കേതങ്ങളിലും നിന്ന് രാജ്യം എത്ര മുന്നോട്ടു പോയി എന്ന് ചിന്തിക്കാനും രണ്ട് സംഭവങ്ങള്‍ അവസരം തരുന്നു, മോദിയുടെ ലക്ഷദ്വീപ് ചിത്രം ഉയര്‍ത്തിയ തരംഗത്തിലൂടെ.
താരതമ്യത്തിലേക്കല്ല, തുടര്‍ച്ചയുടെ ചരിത്രത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. 23 വര്‍ഷത്തിലെ പത്തുവര്‍ഷം മാറ്റി നിര്‍ത്തുക. മുന്നോട്ടു പോകേണ്ട രാജ്യവികസനത്തിനുള്ള വാഹനം ‘ബ്രേക് ഡൗണ്‍’ ആയിക്കിടക്കുകയായിരുന്നില്ല ‘റിവേഴ്സ് ഗിയറില്‍’ (പിന്നോട്ട്) അതിവേഗം പായുകയായിരുന്നല്ലോ 10 വര്‍ഷത്തെ യുപിഎ സര്‍ക്കാര്‍ ഭരണത്തില്‍; കോണ്‍ഗ്രസ് നയിച്ച് കമ്യൂണിസ്റ്റുകളുള്‍പ്പെടെ കക്ഷികള്‍ പിന്തുണച്ച് നയിച്ച ഭരണത്തില്‍. എന്നാല്‍ 9 വര്‍ഷംകൊണ്ട് ഭാരതം ഏറെ മാറി. അത് വാജ്പേയി 2000ല്‍ കുമരകത്ത് നടത്തിയ ചിന്തയുടെ തുടര്‍ച്ചയും ആ ആശയത്തിന്റെ നടപ്പിലാക്കലുമായി. അതായത് രണ്ട് സുപ്രധാന വിഷയങ്ങളില്‍, കശ്മീര്‍ കാര്യത്തിലും അയോദ്ധ്യക്കാര്യത്തിലും ഉജ്ജ്വല തീരുമാനങ്ങള്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഉണ്ടായി. അതാണ് ഭരണത്തുടര്‍ച്ചയെന്ന് പറയുന്നത്. അതാണ് കൃത്യവും വ്യക്തവുമായ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം. അതാണ് തല്‍ക്കാല അജണ്ടകള്‍ക്കപ്പുറം എക്കാലത്തേക്കുമുള്ള അജണ്ട കൊണ്ടുണ്ടാകുന്ന ശാശ്വത വിജയത്തിന്റെ ലക്ഷണം.
കശ്മീര്‍ വിഷയത്തില്‍ സമവായത്തിന് എന്തെല്ലാം ശ്രമങ്ങള്‍ വാജ്പേയി നടത്തിയില്ല. ലാഹോറിലേക്ക് സമാധാന ബസ്സ് ഓടിച്ചു. റംസാന്‍ മാസത്തില്‍ സൈന്യത്തിനെക്കൊണ്ട് തോക്ക് താഴെവയ്‌പ്പിച്ചു. സമാധാനത്തിന് ആവുന്ന വഴിയെല്ലാം തുടര്‍ന്നു. പക്ഷേ പാക്കിസ്ഥാന്‍ കാര്‍ഗിലില്‍ ഭാരതത്തിനെതിരേ യുദ്ധം നടത്തി; ആ ദുസ്സാഹസത്തില്‍ ഭാരതത്തോട് തോറ്റു തുന്നംപാടിയെന്നത് ചരിത്രമാണെങ്കിലും. കശ്മീരിലെ രാജ്യവിരുദ്ധര്‍ ഭാരതസൈന്യത്തിനെ കല്ലെറിഞ്ഞു. അയോദ്ധ്യാ വിഷയത്തില്‍ വാജ്പേയി ആവുന്ന തലത്തിലെല്ലാം ചര്‍ച്ചകള്‍ നടത്തി. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി. അയോദ്ധ്യയില്‍ ക്ഷേത്രം ഉയരട്ടെ, കാശിയും മഥുരയുമുള്‍പ്പെടെ തകര്‍ത്തതും തര്‍ക്കത്തിലുള്ളതുമായ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ഹൈന്ദവസംസ്‌കാര വിശ്വാസികളെക്കൊണ്ട് ചെയ്യിക്കാമെന്ന് വാദം പറഞ്ഞു. പക്ഷേ പാക്കിസ്ഥാനും അയോദ്ധ്യാ വിഷയം പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിച്ചവരും അതെല്ലാം വാജ്പേയിയുടെയും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളുടെയും ദൗര്‍ബല്യങ്ങളായി കരുതി. കാലം മാറി, വാജ്പേയിയുടെ അതേ ചിന്തയും നിശ്ചയദാര്‍ഢ്യവുമുള്ള, കൂടുതല്‍ തന്ത്രവും സംവിധാനവും സാഹചര്യവും ലഭിച്ച നരേന്ദ്ര മോദി, സാമ ദാന ഭേദ ദണ്ഡ ‘ചതുരുപായ’ങ്ങളും പ്രയോഗിച്ച് രണ്ടു വിഷയത്തിലും പരിഹാരം കണ്ടു. കശ്മീരില്‍ 370-ാം വകുപ്പ് മരവിപ്പിച്ചു. ഭാരതാതിര്‍ത്തിയില്‍ കടന്ന ഭീകരരെ അവരുടെ മണ്ണില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി നിലംപരിശാക്കി. അയോദ്ധ്യാ വിഷയത്തില്‍ നിയമപരമായ വഴിയില്‍ പരിഹാരം കണ്ടു. വാജ്പേയി നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ കാല്‍നൂറ്റാണ്ടിലേറെ വൈകിച്ചപ്പോള്‍ സംഭവിച്ച നഷ്ടത്തിന്റെ കണക്ക് ചേതം സംഭവിച്ചവര്‍ക്ക് മനസ്സിലാക്കാനാകും. പക്ഷേ, പശ്ചാത്താപംകൊണ്ടുമാത്രം ആയില്ലല്ലോ.
ഇന്നിപ്പോള്‍ അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ കശ്മീര്‍ ശാന്തമാണ്. അവിടെ കുഴപ്പങ്ങള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുന്ന, നിലനില്‍പ്പിന്റെ അവസാന പിടച്ചിലിലായ പാകിസ്ഥാന്‍, അന്തിമ ദുസ്സാഹസങ്ങള്‍ നടത്തുന്നില്ലെന്നല്ല, പക്ഷേ അവ പണ്ടേപ്പോലെ ഫലിക്കുന്നില്ല.
ലക്ഷദ്വീപിലെ കടലോരത്തിരിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രം മാലദ്വീപില്‍ മാത്രമല്ല, ചൈനയുടെ പോലും അടിത്തറ കുലുക്കുകയാണ്. അതായത് കുമരകവും ലക്ഷദ്വീപും തമ്മില്‍ അകലമില്ല, വാജ്പേയിയും നരേന്ദ്ര മോദിയും രണ്ടല്ല. വ്യക്തികളടങ്ങിയ സമൂഹം പൊതുലക്ഷ്യത്തില്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍, അസാദ്ധ്യമെന്ന് കരുതുന്നതും സാധിപ്പിക്കില്ലെന്ന് ചിലര്‍ തീരുമാനിക്കുന്നതും അയത്ന ലളിതമായി സാദ്ധ്യമാകും. ‘പാരമ്പര്യ’മായി ഒരു രാജ്യത്തിന് കിട്ടുന്നത് പ്രശ്നങ്ങള്‍ മാത്രമല്ല, പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള വഴികള്‍കൂടിയാണ്. അത് തിരിച്ചറിഞ്ഞ് ആ വഴിയില്‍ ശരിയായി സഞ്ചരിക്കണമെന്നുമാത്രം. അത് നിയോഗങ്ങളുടെ നിര്‍വഹണംകൂടിയാണല്ലോ. എല്ലാവര്‍ക്കും സുസാദ്ധ്യമല്ലാത്തതും.
പിന്‍കുറിപ്പ്:
എം.ടി. വാസുദേവന്‍ നായര്‍ എന്ന വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ എഴുതിയതിനൊക്കെ വ്യാഖ്യാനങ്ങള്‍ പലതുണ്ടാകാം, ഉണ്ടാക്കാം. പക്ഷേ, എംടിയുടെ ലേഖനങ്ങളും പ്രസംഗങ്ങളും അങ്ങനെ വ്യാഖ്യാനിക്കാതെ ആര്‍ക്കും മനസ്സിലാകുന്നതാണ്. അവയുടെ ‘ദുര്‍വ്യാഖ്യാന’ങ്ങള്‍ക്കാണ് വിഷമം. ചിലര്‍ അതിന് പണിപ്പെടുന്നത് കാണുമ്പോള്‍ അവരുടെ വിഷമത്തില്‍ ചിരിക്കാനേ ആര്‍ക്കും തോന്നൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: