മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഭാരത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ ആവേശ് ഖാന്, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ എന്നിവര്‍ പുതുമുഖ താരങ്ങളായി ടീമിലെത്തി. പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ലോകകപ്പിലെ ഹീറോ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. നാല് പേസര്‍മാര്‍ക്കൊപ്പം നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ഇന്നലെ ഭാരത ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) പ്രഖ്യാപിച്ചത്. 25ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.
കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര വിജയം കുറിച്ച ഭാരത ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പേസ് ബൗളര്‍ ജസ്പ്രീത് സിങ് ബുംറയാണ്. മുഹമ്മദ് ഷമിയുടെ അസാന്നിധ്യത്തിലാണ് ആവേശ് ഖാന് അവസരം ലഭിച്ചതെന്ന് കണക്കാക്കുന്നു. കെ.എല്‍. രാഹുല്‍ ആണ് ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പര്‍. മറ്റൊരു വിക്കറ്റ് കീപ്പര്‍ കെ.എസ്. ഭരത് കൂടി ഉള്ളപ്പോള്‍ റിസര്‍വ് താരമായാണ് രഞ്ജിയില്‍ ഉത്തര്‍പ്രദേശ് ടീമിന്റെ വിക്കറ്റ് കാക്കുന്ന ധ്രുവ് ജുറെലിന് ഇടം നല്‍കിയത്.
പരിചയ സമ്പന്നരായ മദ്ധ്യനിര ബാറ്റര്‍മാര്‍ ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയെയും ഇത്തവണയും ടീമിലെടുത്തില്ല. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ടായിരുന്ന ഇഷാന് കിഷനെ പരിക്ക് കാരണം ഒഴിവാക്കിയിട്ടുണ്ട്.
ബുംറയുടെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന് എന്നിവരടക്കം നാല് പേരാണുള്ളത്. ഭാരതത്തിലെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുല്‍ദീപ് യാദവ്, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍.
ടീം:
രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത്(വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ(വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: