ശബരിമല: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സന്നിധാനം ഭക്തിസാന്ദ്രം. മകരവിളക്കിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. ഇന്ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയ. 15ന് ആണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ രണ്ടിന് നടതുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കും.
പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30ന്. ശേഷം മകരവിളക്ക്- മകരജ്യോതി ദര്‍ശനം എന്നിവ നടക്കും. 15ന് വൈകിട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം.
19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കയുള്ളൂ. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി 10ന് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. 21 ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീകോവില്‍ നടയടക്കും. മകരവിളക്ക് ദര്‍ശനത്തിനായി ശബരീശ സന്നിധിയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകുകയാണ്.
തീത്ഥാടകര്‍ക്ക് സന്നിധാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് ഭക്തര്‍ സന്നിധാനത്തേയ്ക്ക് എത്തുകയാണ്. ഇതിന് പുറമെ മരജ്യോതി ദൃശ്യമാകുന്ന പ്രദേശങ്ങളിലെല്ലാം തീര്‍ത്ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവച്ചിരിക്കുകയാണ്.
അതേസമയം മകരസംക്രമ പൂജയില്‍ ശബരിമല ധര്മ്മശാസ്താവിന് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ ശരണം വിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെയാണ് തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകങ്ങള്‍ വാഹകസംഘം ശിരസിലേറ്റിയത്.
ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ ഭക്തരുടെ ശരണം വിളി ഉച്ചസ്ഥായിലായി. തുടര്‍ന്ന് മുതിര്‍ന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ള തിരുവാഭരണ പേടകം ശിരസിലേറ്റി. മരുതമന ശിവന്‍കുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തില്‍ പ്രതാപചന്ദ്രന് നായര്‍ കൊടിപ്പെട്ടിയും ശിരസിലേറ്റി യാത്ര ആരംഭിച്ചു.
വ്രതം അനുഷ്ഠിച്ച നൂറുകണക്കിന് ഭക്തരാണ് കാടും മേടും താണ്ടി പരമ്പരാഗത പാതയിലൂടെയുള്ള തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: