ഒന്നും രണ്ടുമല്ല, അഞ്ഞൂറു വര്‍ഷം! തലപ്പാവ് ധരിക്കാതെ, തുകല്‍ച്ചെരിപ്പിടാതെ, കുട ചൂടാതെ വെയിലും മഴയുമേറ്റ്, കല്ലുംമുള്ളും താണ്ടി അവര്‍ പൂര്‍വ്വികരുടെ പ്രതിജ്ഞ പാലിച്ചു ജീവിച്ചു. ശ്രീരാമജന്മഭൂമിക്ക് ചുറ്റുമുള്ള 105 ഗ്രാമങ്ങളിലെ ഒന്നരലക്ഷത്തോളം വരുന്ന സൂര്യവംശി ക്ഷത്രിയര്‍ക്ക് ജനുവരി 22 വെറുമൊരു ദിനമല്ല. അഞ്ചു നൂറ്റാണ്ടിന്റെ വ്രതം അവസാനിക്കുന്ന പുണ്യനിമിഷം കൂടിയാണ്. ബാബറിന്റെ സൈന്യാധിപനായ മിര്‍ ബാഖിയോട് എതിരിട്ട് രാമക്ഷേത്ര സംരക്ഷണത്തിനായി ബലിയര്‍പ്പിച്ച 90,000 വരുന്ന പൂര്‍വ്വികരുടെ ജീവന്റെ കരുത്തില്‍ അഞ്ചുനൂറ്റാണ്ട് പാലിച്ച ആ ഉഗ്രപ്രതിജ്ഞയ്‌ക്ക് സ്വാഭിമാനത്തിന്റെ സുഗന്ധം നിറയുകയാണ്.
അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രം വീണ്ടും നിര്‍മിക്കുന്നതിനായി മരിച്ചുവീണ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് രാമഭക്തരുടെ ആത്മാവിന് മോക്ഷം ലഭിക്കേണ്ടതുണ്ട്. ജന്മഭൂമിയിലേക്കുള്ള ബാലകരാമന്റെ തിരിച്ചുവരവ് അതിനു വേണ്ടിക്കൂടിയാണ്. ഭാരതഭൂഖണ്ഡം പിടിച്ചടക്കാന്‍ അശ്വമേധയാത്ര നടത്തിയ മഹാരാജാക്കന്മാര്‍ പോലും താണുവണങ്ങി ഒഴിഞ്ഞുമാറിപ്പോയ നാടാണ് അയോധ്യ. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയെ കീഴടക്കണമെന്ന സ്വപ്‌നവിചാരം പോലും ഭാരതത്തിലെ രാജാക്കന്മാര്‍ക്കുണ്ടായില്ല. അവിടേക്കാണ് 1528 ല്‍ ബാബറും സൈന്യാധിപനായ മിര്‍ബാഖിയും കടന്നുവന്നത്. രാമജന്മഭൂമിയിലെ ഭവ്യക്ഷേത്രം ഇടിച്ചുനിരത്തി മസ്ജിദ് നിര്‍മ്മിച്ച മിര്‍ ബാഖി ഈ രാഷ്‌ട്രത്തോടും സംസ്‌ക്കാരത്തോടും ചെയ്ത തെറ്റിന് അതുകൊണ്ടുതന്നെ ഒരിക്കലും പരിഹാരവുമില്ല.
അയോധ്യ വീണ്ടെടുക്കാന്‍ പലവട്ടം ഹിന്ദുരാജാക്കന്മാരും ഹിന്ദുനേതാക്കളും ശ്രമിച്ചെങ്കിലും മുഗളരുടേയും ബ്രിട്ടീഷുകാരുടേയും നിലപാടുകള്‍ എന്നും വിഘാതമായി. ഒടുവില്‍ ഹിന്ദുസമൂഹം സംഘടിച്ച് മുന്നേറിയപ്പോള്‍ 1992 ഡിസംബര്‍ 6ന് തര്‍ക്കമന്ദിരം നിലംപൊത്തുകയും രാംലാല ശ്രീരാമജന്മഭൂമിയിലേക്ക് തിരികെ എത്തുകയും ചെയ്തു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നടന്ന അയോധ്യാ പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായത് ആയിരക്കണക്കിന് രാമഭക്തര്‍ക്കാണ്.
ദീര്‍ഘകാലത്തെ സമര പോരാട്ടങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം 2019 നവംബര്‍ ഒന്‍പതിന് സുപ്രീംകോടതി ശ്രീരാമജന്മഭൂമി രാമന്റെയെന്ന ചരിത്രവിധി പുറപ്പെടുവിച്ചു. തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ സ്ഥലം പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കാനായിരുന്നു സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇതനുസരിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020 ഓടെ ആരംഭിക്കുകയും ചെയ്തു. നീണ്ട മൂന്നുവര്‍ഷത്തെ ഭഗീരഥ പ്രയത്നമാണ് ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടെ ട്രസ്റ്റ് പൂര്‍ത്തീകരിക്കുന്നത്. ട്രസ്റ്റ് ഏറ്റെടുത്ത് വികസിപ്പിക്കുന്ന ക്ഷേത്രത്തിന് സമീപത്തെ 70 ഏക്കറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്നുവര്‍ഷം വേണം.
ആയിരം വര്‍ഷത്തിന്റെ ഉറപ്പ്
ദക്ഷിണഭാരതത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള കല്ലുകളാല്‍ തീര്‍ത്ത മനോഹര ക്ഷേത്രമാണ് അയോധ്യയില്‍ ഉയരുന്നത്. കോണ്‍ക്രീറ്റ് തീരെ ഉപയോഗിക്കാതെ ആയിരം വര്‍ഷം നിലനില്‍ക്കാന്‍ ലക്ഷ്യമിട്ട് ദക്ഷിണഭാരതത്തിലെ ക്ഷേത്രങ്ങളുടെ നിര്‍മാണ ശൈലിയിലാണ് രാമക്ഷേത്രം നിര്‍മിച്ചത്. ഗ്രാനൈറ്റ് കല്ലുകള്‍ ഉപയോഗിച്ച് പരമ്പരാഗത നാഗര ശൈലിയില്‍ ഉയരുന്ന ക്ഷേത്രത്തിനായി ആയിരത്തഞ്ഞൂറ് കോടി രൂപയോളം ഇതിനകം ചെലവഴിച്ചുകഴിഞ്ഞു.
അഞ്ചുവയസ്സില്‍ താഴെയുള്ള ബാലകരാമനെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ഇതിനായി മൂന്ന് ശില്‍പ്പിമാര്‍ മാസങ്ങളായി വ്യത്യസ്ത കല്ലുകളില്‍ വിഗ്രഹനിര്‍മാണം പൂര്‍ത്തിയാക്കി. ഏതുശില്‍പ്പി നിര്‍മിച്ച വിഗ്രഹമാണ് തെരഞ്ഞെടുക്കുന്നത് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. വിഗ്രഹത്തിന്റെ തെരഞ്ഞെടുപ്പ് രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയെങ്കിലും വിവരം രഹസ്യമായി സൂക്ഷിക്കുകയാണ്.
കിഴക്കുവശത്തുകൂടിയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. ഒരേസമയം 800 പേര്‍ക്കുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാം. കിഴക്കുഭാഗത്തെ സിംഹകവാടം വഴി 32 പടികള്‍ കയറിയാല്‍ ക്ഷേത്രത്തിലെത്താം. സഭാഗൃഹത്തിലൂടെ മുന്നോട്ട് നടന്നാല്‍ ശ്രീകോവില്‍. ഇരുപത് അടി ദൂരത്ത് ശ്രീരാമനെ ദര്‍ശിക്കാനാവും. ഒരേസമയം അമ്പതിലേറെ പേര്‍ക്ക് വിഗ്രഹം തൊഴുതു മാറാനുള്ളത്രയും സൗകര്യം ശ്രീകോവിലിന് മുന്നിലുണ്ട്. തേക്കിന്‍ തടിയില്‍ തീര്‍ത്ത വാതിലുകളെല്ലാം സ്വര്‍ണ്ണം പൂശി സ്ഥാപിച്ചുകഴിഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍
ക്ഷേത്രസമുച്ചയം: 70 ഏക്കര്‍
രാമക്ഷേത്രം ഉയര്‍ന്നത്: 2.7 ഏക്കറിലായി 57,400 ചതുരശ്ര അടിയില്‍, ക്ഷേത്രത്തിന്റെ നീളം 360 അടി, വീതി 235 അടി, ഉയരം 161 അടി.
മൂന്നു നിലകള്‍
ഓരോ നിലകള്‍ക്കും 20 അടി ഉയരം, ക്ഷേത്രത്തിന് 12 കവാടങ്ങള്‍, 392 പില്ലറുകളും 44 വാതിലുകളും, 14 അടി ഉയരത്തില്‍ പ്രത്യേക മതില്‍.
രാമക്ഷേത്രത്തിന് ചുറ്റും ആറ് ഉപദേവതകള്‍: സൂര്യന്‍, ഗണപതി, ഭഗവതി, ശിവന്‍, അന്നപൂര്‍ണ്ണ, ഹനുമാന്‍
ക്ഷേത്ര സമുച്ചയത്തില്‍ വരുന്നത്:
ശ്രീരാംകുണ്ഡ് യജ്ഞശാല, ഹനുമാന്‍ പ്രതിമ, ജന്മഭൂമി മ്യൂസിയം, സത്സംഗം ഭവനം, വേദ, പുരാണ, രാമായണ ഗവേഷണ കേന്ദ്രം, ധ്യാനശാല, ഓപ്പണ്‍ തീയേറ്റര്‍, രാം ദര്‍ബാര്‍ ഓഡിറ്റോറിയം, മാതാ കൗസല്യ എക്സിബിഷന്‍ സെന്റര്‍, രാമാംഗന്‍ തീയേറ്റര്‍, രാമായണ്‍ ആധുനിക ലൈബ്രറി, മഹര്‍ഷി വാല്മീകി ഗവേഷണ കേന്ദ്രം, രാമാശ്രയം ഗസ്റ്റ് ഹൗസ്, ശ്രീ ദശരഥ് ഗോശാല, ലക്ഷ്മണ്‍ വാടിക മ്യൂസിക്കല്‍ ഫൗണ്ടന്‍, ലവ് കുശ് നികുഞ്ജ് കുട്ടികളുടെ പാര്‍ക്ക്, മര്യാദാ കാണ്ഡ് റെസിഡന്‍ഷ്യല്‍ ഏരിയ, പ്രസാദ വിതരണ മണ്ഡപം, മാതാ സീതാ രസോയി അന്നക്ഷേത്രം, സിംഹവാതിലിന് മുന്നിലെ ദീപസ്തംഭം, ടോയ്ലറ്റ് കോംപ്ലക്സ്, 600 വൃക്ഷങ്ങള്‍ അടക്കം ക്ഷേത്രസമുച്ചയത്തിന്റെ 70 ശതമാനം പച്ചപ്പ്.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍
ജനുവരി 14ന് മകര സംക്രാന്തി ദിനത്തില്‍ നിലവിലെ രാംലല്ലാ വിഗ്രഹം പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് മാറ്റും. 16ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം. 17ന് പുതിയ ശ്രീരാമവിഗ്രഹം ക്ഷേത്രപരിസരത്ത് ഘോഷയാത്രയായി എത്തിക്കും. 18 മുതല്‍ മണ്ഡപ പ്രവേശന പൂജ, വാസ്തു പൂജ, വരുണ പൂജ, ഗണേശപൂജ എന്നിവ നടക്കും. 19ന് രാമക്ഷേത്രത്തിലെ യജ്ഞകുണ്ഡത്തിലേക്ക് തീ പകരും. 20ന് ശ്രീകോവിലില്‍ പുണ്യനദികളില്‍ നിന്നുള്ള ജലം കൊണ്ട് 81 കലശം, 21ന് 125 കലശം, പൂജകള്‍, ഹവനം എന്നിവ നടക്കും.
22ന് രാവിലെ 12 മണി 29 മിനുറ്റ് 8 സെക്കന്റ് മുതല്‍ 12 മണി 30 മിനുറ്റ് 32 സെക്കന്റ് വരെയുള്ള പുണ്യ മുഹൂര്‍ത്തത്തില്‍ ശ്രീരാമവിഗ്രഹ പ്രതിഷ്ഠ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും. പ്രത്യേകം ക്ഷണിക്കപ്പെട്ട ആറായിരത്തോളം പേര്‍ക്ക് മാത്രമാണ് ജനുവരി 22ന് അയോധ്യയിലേക്ക് പ്രവേശനം.
രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ്
മഹന്ത് നൃത്യഗോപാല്‍ദാസ് മഹാരാജ് പ്രസിഡന്റും വിഎച്ച്പി നേതാവ് ചമ്പത്ത് റായ് ജനറല്‍ സെക്രട്ടറിയുമായ ട്രസ്റ്റില്‍ സുപ്രീംകോടതി അഭിഭാഷകന്‍ കെ. പരാശരന്‍, സ്വാമി വാസുദേവാനന്ദ് സരസ്വതി, സ്വാമി വിശ്വപ്രശാന്ന് തീര്‍ത്ഥ്, പരമാനന്ദ് ഗിരിജി മഹാരാജ്, സ്വാമി ഗോവിന്ദ് ദേവ് ഗിരി, വിമലേന്ദ്രമോഹന്‍ പ്രതാപ് മിശ്ര, അനില്‍ മിശ്ര, കാമേശ്വര്‍ ചൗപാല്‍, മഹന്ത് ദേവേന്ദ്ര ദാസ് എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി ജ്ഞാനേഷ് കുമാര്‍ ഐഎഎസ്, യുപി സര്‍ക്കാരിലെ സെക്രട്ടറി അവനീശ് അവസ്തി ഐഎഎസ്, അയോധ്യാ ജില്ലാ മജിസ്ട്രേറ്റ് എന്നിവരും ക്ഷേത്രനിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്രമിശ്ര ഐഎഎസും സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
മുഖം മാറുന്ന അയോധ്യാനഗരി
യാതൊരു വിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കാതെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടുങ്ങിയ ഗലികളും ഹവേലികളും നിറഞ്ഞ അയോധ്യയല്ല ഇന്നവിടെയുള്ളത്. അയോധ്യയില്‍ എല്ലാം മാറുകയാണ്. 2019 ലെ കോടതി വിധിക്ക് പിന്നാലെ അയോധ്യയിലേക്ക് വികസന പ്രവര്‍ത്തനങ്ങള്‍ വന്നു തുടങ്ങി. ക്ഷേത്രത്തിന് മുന്നിലൂടെ കിലോമീറ്ററുകള്‍ നീളുന്ന നാലുവരിപ്പാതയായ രാംപഥ് വീതികൂട്ടി. പുനര്‍നിര്‍മിച്ച അയോധ്യയിലെ ഗലികളും സരയൂ തീരത്തെ നയാഘാട്ടിലും സമീപത്തും നടക്കുന്ന വലിയ വികസന പദ്ധതികളും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി അയോധ്യ ഒരുങ്ങുന്നതിന്റെ ഭാഗമാണ്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ക്ഷേത്രനഗരിയായ അയോധ്യയില്‍ നടക്കുന്നത് 85,000 കോടി രൂപയുടെ വികസന പദ്ധതികളാണ്.
2031 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദേശിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വഴി പ്രതിദിനം മൂന്നുലക്ഷം ഭക്തരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകോത്തര നഗരമാക്കി അയോധ്യയെ മാറ്റും. ഇതിനായി 37 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ അയോധ്യയില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. നഗരത്തിന് പുതിയ മുഖം നല്‍കുന്നതിനായി മാത്രം 31,662 കോടി രൂപയാണ് ചെലവഴിക്കുന്നത്. ദേശീയപാതാ അതോറിറ്റി പതിനായിരം കോടി രൂപ ചിലവഴിക്കുന്നു. 7,500 കോടി രൂപയുടെ 34 പദ്ധതികളാണ് യുപി പൊതുമരാമത്ത് വകുപ്പ് അയോധ്യയില്‍ നടത്തുന്നത്. അന്താരാഷ്‌ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, വീതികൂട്ടി നിര്‍മിക്കുന്ന ദേശീയപാതകള്‍ എന്നിവയെല്ലാം അയോധ്യയ്‌ക്ക് ആധുനിക മുഖം സമ്മാനിക്കുന്നു. നയാഘാട്ട് മുതല്‍ സഹദത്ഗഞ്ച് വരെ നീളുന്ന 13 കിലോമീറ്റര്‍ നാലുവരിപ്പാതയാണ് രാംപഥ്. സരയൂ തീരത്തെ ഗുപ്താര്‍ ഘാട്ട് മുതല്‍ രാംഘാട്ട് വരെ നീളുന്ന 12 കിലോമീറ്റര്‍ പാതയായി ലക്ഷ്മണ്‍ പഥും നിര്‍മിക്കുന്നു.
പുതിയ ഭാരതത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി അയോധ്യയെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ലോകമെങ്ങുനിന്നുമുള്ള കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രതിവര്‍ഷം എത്തുന്ന പുണ്യഭൂമിയായി അയോധ്യ മാറുകയാണ്. ഈ വേളയില്‍ രാമജന്മഭൂമിയുടെ വീണ്ടെടുപ്പെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ജീവന്‍ സമര്‍പ്പിച്ച രാമഭക്തരുടെ ത്യാഗങ്ങള്‍ നമുക്ക് സ്മരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക