(കൃഷ്ണാര്‍ജുന സംവാദം)
കര്‍മ്മം ചെയ്താല്‍ അത് ബന്ധനമാവില്ലേ ഭഗവാനേ?
ഇല്ല. യജ്ഞരൂപത്തിലല്ലാതെ കര്‍മ്മം ചെയ്താല്‍ ആ കര്‍മ്മം മനുഷ്യസമുദായത്തെ ബന്ധിക്കുന്നു. അതുകൊണ്ട്, അല്ലയോ അര്‍ജ്ജുനാ, ആസക്തി കൂടാതെ യജ്ഞമെന്ന നിലയില്‍ കര്‍ത്തവ്യകര്‍മ്മം ചെയ്യുക.
ഞാന്‍ എന്തിനാണ് കര്‍മ്മം ചെയ്യണ്ടേത്?
സൃഷ്ടിയുടെ ആരംഭത്തില്‍ യജ്ഞസഹിതം പ്രജകളെ സൃഷ്ടിച്ചിട്ട് ബ്രഹ്മാവു പറഞ്ഞു: ഈ യജ്ഞത്തിലൂടെ നിങ്ങള്‍ അഭിവൃദ്ധിപ്പെട്ടുകൊള്ളുവിന്. നിങ്ങളാഗ്രഹിക്കുന്ന ഭോഗങ്ങളെല്ലാം ഈ യജ്ഞം തരുമാറാകട്ടെ!
ഈ യജ്ഞം ഞങ്ങള്‍ ഏതു ഭാവത്തോടെ ചെയ്യണം?
യജ്ഞരൂപേണയുള്ള കര്‍മ്മങ്ങള്‍കൊണ്ടു നിങ്ങള്‍ ദേവന്മാരെ പോഷിപ്പിക്കുക. ആ ദേവന്മാര് നിങ്ങളേയും പോഷിപ്പിക്കട്ടെ. അങ്ങനെ പരസ്പര പോഷ ണത്തിലൂടെ നിങ്ങള്‍ക്ക് പരമമായ ക്ഷേമൈശ്വര്യങ്ങളെ പ്രാപിക്കാം.
അഥവാ ഞങ്ങള്‍ യജ്ഞം ചെയ്തില്ലെങ്കിലോ?
യജ്ഞത്താല്‍ അഭിവൃദ്ധിപ്പെട്ട ദേവന്മാര്, അര്‍ത്ഥിക്കാതെ തന്നെ നിങ്ങള്‍ക്കാവശ്യമായ സുഖാനുഭവങ്ങളെല്ലാം നല്കുകതന്നെ ചെയ്യും. അങ്ങനെ ദേവന്മാര് കനിഞ്ഞരുളുന്ന സുഖസാധനങ്ങളെ അവര്‍ക്കു കൊടുക്കാതെ അനുഭവിക്കുന്നവന് കള്ളന് തന്നെ.
ഈ ദോഷത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം ഭഗവാനെ?
അര്‍ജുനാ! മറ്റുള്ളവരുടെ പ്രയോജനത്തിനായി മാത്രം കര്‍ത്തവ്യ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ, യജ്ഞത്തിന്റെ പ്രസാദമായി സമത്വം അനുഭവിക്കുന്നു. ആ സമത്വം അനുഭവിക്കുന്ന ഉത്തമ മനുഷ്യന് എല്ലാ പാപങ്ങളില്‍ നിന്നും മുക്തനാകുന്നു. എന്നാല്‍ സ്വന്തം സന്തോഷത്തിനും സുഖത്തിനും വേണ്ടി മാത്രം എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നവര്‍ പാപങ്ങള്‍ മാത്രം സമ്പാദിക്കുന്നു.
ഭഗവാനെ, കര്‍ത്തവ്യ കര്‍മ്മം സംബന്ധിച്ച ബ്രഹ്മാവിന്റെ ആജ്ഞ അങ്ങ് പറഞ്ഞു, എന്നാല്‍ കര്‍ത്തവ്യ കര്‍മ്മം സംബന്ധിച്ച് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്?
ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം, സൃഷ്ടിയുടെ ചക്രത്തിന്റെ നടത്തിപ്പിനും കര്‍ത്തവ്യ കര്‍മ്മം ചെയ്യേണ്ടത് ആവശ്യമാണ്. കാരണം എല്ലാ പ്രാണികളും അന്നത്തില്‍ നിന്നുണ്ടാകുന്നു. അന്നം ഉണ്ടാകുന്നത് മഴയില്‍ നിന്നാണ്. മഴമേഘങ്ങള്‍ യജ്ഞത്തില്‍ (കര്ത്തവ്യപാലനം) നിന്നു പിറക്കുന്നു. യജ്ഞത്തിന്റെ ഉദ്ഭവമാകട്ടെ വിഹിതകര്മ്മങ്ങളില് നിന്നാണ്. വിഹിതകര്മ്മങ്ങളുടെ ഉത്പത്തി വേദങ്ങളില്‍ നിന്നാണെന്നും, വേദം അവിനാശിയായ പരമാത്മാവില്‍ നിന്നും ഉദ്ഭവിച്ചതാണെന്നും അറിയുക. ഇതില്‍ നിന്ന് സര്‍വ്വഗതമായ ബ്രഹ്മം സദാ യജ്ഞത്തില്‍ (കര്‍ത്തവ്യ കര്‍മ്മത്തില്‍) പ്രതിഷ്ഠിതമാണെന്നു സിദ്ധിക്കുന്നു.
അതായത്, പരമാത്മപ്രാപ്തി തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചുകൊണ്ട് മാത്രമാണ് ലഭിക്കുക. അതിനാല്‍, സൃഷ്ടിയുടെ ചക്രത്തിന്റെ സുരക്ഷയ്ക്കായി മനുഷ്യര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കേണ്ടത് വളരെ പ്രധാനമാണ്.
ഈ സൃഷ്ടിചക്രത്തിന്റെ സംരക്ഷണത്തിനായി ആരെങ്കിലും തന്റെ കര്‍ത്തവ്യം നിര്വഹിക്കുന്നില്ലെങ്കിലോ?
പാര്‍ഥാ, ഈവണ്ണം പ്രവര്‍ത്തിച്ചുപോരുന്ന സൃഷ്ടിചക്രത്തിന് അനുകൂലമായി വര്ത്തിക്കാത്തവന് ആയുഷ്കാല പാപിയും വിഷയാസക്തനുമാണ്. അവന്റെ ജീവിതം വ്യര്‍ത്ഥം തന്നെ.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: