പാലക്കാട്: തെരുവുകച്ചവടത്തിന്റെ പേരില്‍ ഷെഡ്ഡ് നിര്‍മിച്ച് കച്ചവടം നടത്തിയ സ്ഥാപനത്തെ ഒഴിപ്പിക്കാന്‍ ചെന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. കോട്ടമൈതാനം എആര്‍ മേനോന് പാര്ക്കിന് സമീപമുള്ള ഷെഡ്ഡാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പൊളിക്കാനായി എത്തിയത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നതിന്റെ പേരില്‍ സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അധ്യക്ഷത വഹിച്ചു.
വിരോധാഭാസമെന്ന് പറയട്ടെ, സിപിഎമ്മിന് മേധാവിത്വമുള്ള അവര്‍ ഭരിക്കുന്ന ടൗണ്‍ വെന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ എടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പൊളിക്കാനായി എത്തിയത്. ഇവര്‍ നേരത്തെ നഗരസഭാ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരുഭാഗത്തുകൂടെ കെട്ടിടം പൊളിക്കാന്‍ കത്ത് നല്‍കുകയും മറുഭാഗത്ത് അതിനെതിരെ സമരം നടത്തുകയെന്ന കുതന്ത്രമാണ് സിപിഎം സ്വീകരിച്ചത്. മാത്രമല്ല, ഇന്നലെ നടന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. കൗണ്‍സില്‍ ഹാളിന് മുമ്പില്‍ തെരുവോര കച്ചവടക്കാരെയും കൊണ്ട് ധര്‍ണ നടത്തുകയുമുണ്ടായി.
കൗണ്‍സില്‍ ചേര്‍ന്നയുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സന്റെ ഡയസിന് മുമ്പില്‍ ബഹളം വെച്ചു. എന്നാല്‍ ഇത് അടിയന്തര യോഗമാണെന്നും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍പേഴ്സണ്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇടതുകൗണ്‍സിലര്‍മാര്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതിനിടെ തുടക്കത്തില്‍ മൗനം പാലിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരും ബഹളത്തില്‍ പങ്കാളികളായി.
നഗരസഭയുടെ സ്ഥലം കൈയേറ്റം നടത്തിയ മുഴുവന്‍ കച്ചവടക്കാരെയും ഒഴുപ്പിക്കുമെന്ന് നേരത്തെ കൗണ്‍സില്‍ പാസാക്കിയ വിഷയം ഉന്നയിച്ചായിരുന്നു യുഡിഎഫിന്റെ രംഗപ്രവേശം. പെട്ടെന്നുണ്ടായ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധ്യമല്ലെന്നും വിഷയം അജണ്ടയില്‍ ഇല്ലെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. അജണ്ട ചര്‍ച്ച ചെയ്തതിനുശേഷം പ്രശ്നം അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
നഗരസഭയുടെ വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. വാര്‍ഡ് വികസന സെമിനാറുകളും യോഗങ്ങളും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യുകയും അവയ്ക്ക് ഡിപിസിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തില്ലെങ്കില്‍ വികസന പദ്ധതികള്‍ താളംതെറ്റുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
മാത്രമല്ല, 2023-24 മുതല്‍ 2027-28 സാമ്പത്തികവര്‍ഷം വരെ നഗരസഭയില്‍ നടപ്പിലാക്കേണ്ട വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ച നടന്നു. നികുതിനിര്‍ണയം നടത്തുമ്പോള്‍ 2013ലെ നികുതിത്തുകയില്നിന്നും കുറവുവരുന്ന സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ നഗരസഭക്ക് ലഭിക്കേണ്ട വരുമാനം കുറയുകയും ഇതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പുതുതായി കണ്ടെത്തേണ്ട സാഹചര്യവും ഉണ്ടാകും. വാണിജ്യാവശ്യ കെട്ടിടങ്ങള്‍ക്കാണ് പ്രധാനമായും തുക കുറവുവരുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ നഗരസഭാ പ്രദേശങ്ങളെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നിര്‍ണയം നടത്തുക. വസ്തുനികുതി പരിഷ്കരണം നടത്തുമ്പോള്‍ നഗരസഭക്കുണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരിലേക്ക് കത്തുനല്കിയിട്ടുണ്ടെങ്കിലും ആയത് സംബന്ധിച്ച് യാതൊരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
നഗരസഭാ ജീവനക്കാര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ കൗണ്‍സില്‍ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: