തൃശ്ശൂര്‍: പിണറായി വിജയനും സിപിഎം ഭരണത്തിനുമെതിരേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശസ്ത എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തിന് സാംസ്കാരിക കേരളത്തിന്റെ പിന്തുണ. മുന്‍നിര എഴുത്തുകാര്‍ വിമര്‍ശനത്തെ പിന്തുണച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിക്കുന്നു.
ജനാധിപത്യ ഭരണം ഏകാധിപത്യ ശൈലിയിലായെന്നും നേതൃപൂജ നല്ലതല്ലെന്നുമായിരുന്നു എംടിയുടെ വിമര്‍ശനത്തിന്റെ കാതല്‍. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ മാതൃകയാക്കണമെന്നും എംടി പറഞ്ഞു. സാറാ ജോസഫ്, സക്കറിയ, എന്‍.എസ്. മാധവന്, സച്ചിദാനന്ദന് തുടങ്ങിയ മുന്‍നിര എഴുത്തുകാര്‍ എംടി പറഞ്ഞതിനെ അനുകൂലിച്ചു. ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയ സിനിമാതാരങ്ങളും എംടിയുടെ വാക്കുകളെ പിന്തുണച്ചു.
എംടി വിമര്‍ശിച്ചത് സിപിഎമ്മിനെയും സര്‍ക്കാരിനെയുമാണെന്ന് എന്‍.എസ്. മാധവന് പറഞ്ഞു. തിരുത്താനുള്ള വലിയ അവസരമാണ് എംടിയൊരുക്കിയത്. സിപിഎം ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും എന്‍.എസ്. മാധവന് കൂട്ടിച്ചേര്‍ത്തു. എംടിയുടെ പ്രസംഗം ആശ്വാസമായെന്നും ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണമല്ല സ്വാതന്ത്ര്യമെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
വീരാരാധനയില്പ്പെട്ടു കിടക്കുന്ന മണ്ടന്‍ സമൂഹമാണ് നമ്മുടേതെന്നും കേരളത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സക്കറിയ പ്രതികരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പൊതുവേ സംഭവിച്ച അപചയം തുറന്നുകാട്ടുകയാണ് എംടി ചെയ്തതെന്നായിരുന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് പറഞ്ഞത്.
എംടിക്കു പിന്നാലെ മുന്‍നിര എഴുത്തുകാരില്‍ നിന്നുണ്ടായ കടുത്ത വിമര്‍ശനം സിപിഎം നേതൃത്വം പ്രതീക്ഷിച്ചതല്ല. കേരളത്തിലെ എഴുത്തുകാരും സാംസ്കാരിക നായകരും സിപിഎമ്മിനെ കണ്ണടച്ച് പിന്തുണയ്ക്കുന്നവരാണെന്ന ധാരണയായിരുന്നു പാര്‍ട്ടിക്ക്. പാര്‍ട്ടിയുടെ അധികാര ധാര്‍ഷ്ട്യത്തെയും അഴിമതികളെയും പോലും വിമര്‍ശിക്കാന്‍ ആരും തയാറാകാത്തത് പലവട്ടം ചര്‍ച്ചയായിട്ടുണ്ട്. ഈ ധാരണയുടെ കടയ്ക്കലാണ് എംടി കത്തിവച്ചത്.
മാസങ്ങളായി കേരളത്തിലെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്ക്കുമിടെ പുകയുന്ന അഭിപ്രായമാണ് എംടിയുടെ വാക്കുകളിലൂടെ വെളിപ്പെട്ടത്. കേരളത്തില്‍ മൂന്നാം വട്ടവും ഭരണം കിട്ടിയാല്‍ ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതിയാകും പാര്‍ട്ടിയുടേതെന്ന് സച്ചിദാനന്ദന് നേരത്തേ സൂചിപ്പിച്ചിരുന്നു. എം. മുകുന്ദനും മാസങ്ങള്‍ക്കു മുമ്പ് സമാനമായ അഭിപ്രായം പറയുകയുണ്ടായി.
എംടി ഉദ്ദേശിച്ചത് ഞങ്ങളെയല്ലെന്ന മട്ടില്‍ പറഞ്ഞൊഴിയാനുള്ള ശ്രമമാണ് സിപിഎം നേതാക്കളും മന്ത്രിമാരും നടത്തുന്നത്. അശോകന് ചെരുവിലിനെപ്പോലെ പാര്‍ട്ടിക്കാരായ എഴുത്തുകാരും ഇതേ ശ്രമം നടത്തുന്നു. എന്നാല്‍ റഷ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കു സംഭവിച്ച വീഴ്ചകളും മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ ഉദാഹരണവും മറ്റും നിരത്തി എംടി വിമര്‍ശിച്ചത് മുഖ്യമന്ത്രിയെയും സിപിഎം ഭരണത്തെയുമാണെന്ന് എല്ലാവര്ക്കും ബോധ്യമായിക്കഴിഞ്ഞു. എഴുതിത്തയാറാക്കിയ പ്രസംഗം വായിക്കുകയാണ് എംടി ചെയ്തത്. പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകണമെന്ന് അദ്ദേഹം ഉദ്ദേശിച്ചിരുന്നു.
കോപ്പികള്‍ നേരത്തേ തന്നെ തയാറാക്കി വിതരണവും ചെയ്തു. ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് എംടി തലേന്നുതന്നെ തന്നോടു പറഞ്ഞിരുന്നതായി സുഹൃത്തും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.ഇ. സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: