കോഴിക്കോട്: രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറഞ്ഞത് സ്‌കൂള്‍ കലോത്സവ വേദിയിലാണ്. ഇപ്പോള്‍ ജ്ഞാനപീഠ പുരസ്‌കൃതനായ എം.ടി. വാസുദേവന്‍ നായരും. ആ രാജാവ് ആരെന്ന് ജനങ്ങള്‍ക്ക് തര്‍ക്കമില്ലാതെ ബോധ്യപ്പെടുത്തിയതാകട്ടെ, സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യും.
വ്യാഴാഴ്ച കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തിയാണ് എം ടി അധികാരത്തിന്റെ മത്തിനെയും വ്യക്തിപൂജയേയും മറ്റും വിമര്‍ശിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയനിലപാടുകളേയും നേതാക്കളേയും ചരിത്ര പശ്ചാത്തലത്തില്‍ വിശദീകരിച്ച എംടിയുടെ പ്രസംഗം പിണറായി വിജയനുള്ള വിമര്‍ശനവും താക്കീതും ഉപദേശവും ആയിരുന്നു.
എംടിയുടെ പതിവില്ലാത്ത രാഷ്‌ട്രീയ വിമര്‍ശനം മുഖ്യമന്ത്രിയേയും ഇടത് സര്‍ക്കാരിനേയും ഞെട്ടിച്ചു. വ്യാഴാഴ്ച തന്നെ ദേശാഭിമാനി എംടിയുമായി സംസാരിച്ച ശേഷം, ”പറഞ്ഞത് മുഖ്യമന്ത്രി പിണറായിയെക്കുറിച്ചല്ല ” എന്ന് വാര്‍ത്തയും കൊടുത്തു. മുഖ്യമന്ത്രിയെന്നോ പിണറായി വിജയനെന്നോ എം ടി പ്രസംഗത്തില്‍ പറഞ്ഞിരുന്നില്ല.
എന്നാല്‍, എഴുതി തയാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു എംടി. സാഹിത്യകാരനും പത്രാധിപരുമായ എംടിക്ക് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വ്യാഖ്യാനത്തിനും വിവാദത്തിനും വഴിവെക്കുമെന്ന് അറിയാത്തതുമല്ല. അതായത്, ബോധപൂര്‍വം, ഗതിമുട്ടി നടത്തിയ പ്രസംഗവും പരാമര്‍ശവുമായിരുന്നു അത്. വിവാദമായാല്‍ നേരിടാന്‍ സന്നദ്ധനുമായിരുന്നു.
കൊല്ലത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്ത് വേദിയിലും അതിനു മുമ്പ് ജില്ലാ കലോത്സവ വേദികളില്‍ കാര്‍ട്ടൂണുകളിലും മറ്റുമായി വ്യക്തമായ പിണറായി-സര്‍ക്കാര്‍ വിമര്‍ശനവും പരിഹാസവും നടന്നിരുന്നു. 90 കഴിഞ്ഞ സാംസ്‌കാരിക നായകനും കൗമാരത്തിലേക്കു കടക്കുന്ന വിദ്യാര്‍ത്ഥികളുമടക്കം, ആബാലവൃദ്ധം പിണറായിയോടും സര്‍ക്കാരിനോടും മടുപ്പും എതിര്‍പ്പും പ്രകടിപ്പിക്കുന്നുവെന്നാണ് ചുവരെഴുത്ത്. എന്നാല്‍, രാജാവ് നഗ്‌നനാണെന്ന വിളിച്ചു പറയല്‍ ആസ്വദിച്ച ആഡംബര ഭരണക്കാരന്റെ സ്ഥിതിയിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാരും പാര്‍ട്ടിയുമെന്നാണ് രാഷ്‌ട്രീയത്തിലെ അടക്കം പറച്ചിലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: