കരുനാഗപ്പള്ളി: ശമ്പളത്തിനു പോലും വകയില്ലാതെ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി ഭരണകക്ഷിയുടെ തന്നെ തൊഴിലാളി യൂണിയനായ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തിയ സമരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാര്‍ നടത്തിയ പ്രതിഷേധം കാരണം ഇന്നലെ കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള എട്ടു സര്‍വ്വീസുകളാണ് തടസപ്പെട്ടത്. ഇതുമൂലം കരുനാഗപ്പള്ളി ഡിപ്പോക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
പുത്തൂര്‍ വഴി കൊട്ടാരക്കര, തെക്കുംഭാഗം വഴി കൊല്ലം, കൊല്ലം വഴി കൊട്ടാരക്കര, പടപ്പനാല്‍ ബൈ റൂട്ട്, ആലുംകടവ് ബൈ റൂട്ട്, തോപ്പുംപടി വെസ്റ്റിബൂള്‍, പതാരം ബൈ റൂട്ട് എന്നീ ബസുകളിലെ 16 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തതുമൂലം ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് എട്ട് സര്‍വ്വീസുകളാണ് റദ്ദാക്കേണ്ടി വന്നത്.
കെഎസ്ആര്‍ടിഇഎ (സിഐടിയു) യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹണി ബാലചന്ദ്രനെ പങ്കെടുപ്പിച്ചാണ് ധര്‍ണ നടത്തിയത്.
ജീവനക്കാരുടെ ക്ഷാമം മൂലം സര്‍വ്വീസുകള്‍ നടത്താന്‍ ബുദ്ധിമുട്ട് അനഭവപ്പെടുമ്പോഴാണ് ഇത്തരത്തില്‍ കൂട്ടമായി ജീവനക്കാര്‍ സര്‍വ്വീസ് മുടക്കി യൂണിയന് പരിപാടിയില്‍ പങ്കെടുത്തത്. കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നും അതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ഡിപ്പാര്‍ട്ടുമെന്റിന് വരുമാന നഷ്ടം ഉണ്ടാക്കി ട്രിപ്പുമുടക്കി സമരം നടത്തിയത്. ട്രിപ്പ് മുടങ്ങിയത് സംബന്ധിച്ച് കൊല്ലത്തു നിന്നെത്തിയ സ്ക്വാഡ് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിസന്ധിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിക്കുന്ന സിഐടിയു നടപടിക്കെതിരെ മറ്റു യൂണിയനുകള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: