ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മകരവിളക്ക് ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ സന്നിധാനത്ത് പുരോഗമിക്കുന്നു. മകരവിളക്കിനോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും.
14ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. 15നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ രണ്ടിന് തിരുനട തുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകിട്ട് അഞ്ചിനാണ് നടതുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും.
തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30ന് . ശേഷം മകരവിളക്ക്- മകരജ്യോതി ദര്‍ശനം എന്നിവ നടക്കും. 15ന് വൈകിട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും. 18 വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി 10ന് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: