ന്യൂദല്‍ഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചു. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റുമായ അലോക് കുമാറും ചേര്‍ന്നാണ് രാഷ്‌ട്രപതിക്ക് ക്ഷണക്കത്ത് നല്‍കിയത്. ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് രാം ലാലും രാഷ്‌ട്രപതിയെ ക്ഷണിക്കാനെത്തിയിരുന്നു.
ക്ഷണം ലഭിച്ചതില്‍ രാഷ്‌ട്രപതി അതിയായ സന്തോഷം പ്രകടിപ്പിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. അയോധ്യ സന്ദര്‍ശിക്കാനുള്ള സമയം ഉടന്‍ തീരുമാനിക്കുമെന്നും അറിയിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. രാഷ്‌ട്രീയക്കാര്‍, വ്യവസായികള്‍, കായികതാരങ്ങള്‍, അഭിനേതാക്കള്‍, കര്‍സേവകരുടെ കുടുംബങ്ങള്‍ തുടങ്ങി 150 വിഭാഗങ്ങളില്‍ നിന്നുള്ള 7000-ത്തിലധികം ആളുകളെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിഎച്ച്പി അറിയിച്ചു.
ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് . പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. പ്രതിഷ്ഠാ ദിനത്തില്‍, ഔദ്യോഗിക ക്ഷണം ഉള്ളവര്‍ക്കും സര്‍ക്കാര്‍ ഡ്യൂട്ടിയിലുള്ളവര്‍ക്കും മാത്രമേ അയോധ്യയില്‍ പ്രവേശനം ഉണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: