ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിലൊരാളും ലഷ്കര്‍ ഇ തൊയ്ബയുടെ സ്ഥാപകാംഗവുമായ ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവിയുടെ മരണം ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി സ്ഥിരീകരിച്ചു. കഴിഞ്ഞ മെയ് 29ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ജയിലില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കര്‍ ഇ തൊയ്ബ നേതാവുമായ ഹാഫിസ് സയീദിന്റെ ഏറ്റവുമടുത്തയാളാണ് ഭൂട്ടാവി. ഹാഫിസ് സയീദ് തടവില്‍ കഴിഞ്ഞ കാലത്ത് രണ്ടു തവണ ലഷ്കര്‍ ഇ തൊയ്ബയെയും ജമാഅത്ത് ഉദ് ദവയെയും നിയന്ത്രിച്ചിരുന്നത് ഭൂട്ടാവിയാണ്. ഹാഫിസ് സയീദ് നിലവില്‍ പാക് ജയിലിലാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
കൂടാതെ ഈ സംഘടനകളുടെ മതവിദ്യാലയ ശൃംഖലകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളാണ്. മുംബൈ ഭീകരാക്രമണത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്കി. പദ്ധതിയുടെ നടത്തിപ്പിനായി പ്രഭാഷണങ്ങള്‍ നടത്തി. 2002ല്‍ പാകിസ്ഥാനിലെ ലാഹോറില്‍ ലഷ്കര്‍ ഇ തൊയ്ബയ്ക്ക് അടിത്തറയിടുന്നതിന്റെ ചുമതല വഹിച്ചു. 2012 മാര്‍ച്ച് 14ന് ഭൂട്ടാവിയെ ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചുവെന്നും യുഎന്‍ സുരക്ഷാ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: