അശോക് സിംഘല്‍ എന്നത് ഒരു കാലത്തിന്റെയും ആദര്‍ശത്തിന്റെയും പേരാണ്. മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റവും നിലയ്ക്കല്‍ ശബരിമല പൂങ്കാവനത്തിലെ കൈയേറ്റവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അധിനിവേശങ്ങളുമെല്ലാം ചോദ്യചിഹ്നങ്ങളായപ്പോള്‍ നാട് കണ്ടെത്തിയ ഉത്തരത്തിന് അങ്ങനെയും ഒരു പേരുണ്ടായി… അശോക് സിംഘല്‍… നാടിന്റെ ശോകമകറ്റാന് പിറന്നവന്.. ഒന്നാന്തരം പാട്ടുകാരന്. പാടിയതത്രയും ധീരതയുടെ ഗാഥകള്‍.
1980കളുടെ ആദ്യം. ബംഗളൂരുവില്‍ ആര്‍എസ്എസ് പ്രചാരകന്മാരുടെ അഖിലഭാരതീയ ബൈഠക്. മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റവും വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നി അന്നത്തെ ദല്‍ഹി പ്രാന്ത പ്രചാരക് വാചാലനായി. നാഗ്പൂരില്‍ നിന്നുള്ള പ്രചാരകനായ ജയ് ഗോപാല്‍ജി മറ്റൊരു പ്രചാരകനായ മോഹന്‍ ഭാഗവതിനോട് ഇതു കേട്ടുകൊണ്ടിരിക്കേ പതിയെ ചിരിച്ചുകൊണ്ട് പറയുന്നു, ‘ലക്ഷണം കണ്ടിട്ട് അദ്ദേഹത്തിന് വിഎച്ച്പിയിലേക്ക് പോകേണ്ടി വരുമെന്ന് തോന്നുന്നു’. വലിയ താമസമില്ലാതെ, ആഴ്ചകള്‍ക്കകം അന്നത്തെ ദല്‍ഹി പ്രാന്ത പ്രചാരക് വിശ്വഹിന്ദു പരിഷത്തിലേക്ക് സഹസംഘടനാ സെക്രട്ടറിയായി നിയുക്തനായി. അങ്ങനെയാണ് അശോക് സിംഘല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ നായകനായത്.
ശ്രീരാമജന്മഭൂമിയുടെ വിമോചനം ജീവിതവ്രതമാക്കിയ പോരാളി. ഹിന്ദുസ്ഥാനി സംഗീതവും ഒപ്പം ഹിന്ദുസ്ഥാന്റെ മനസും നന്നായറിഞ്ഞ സംഘാടകന്‍…. 1926 സപ്തംബര്‍ 27ന് ജനനം. ആഗ്രയില്‍ ഡപ്യൂട്ടി കളക്ടറായിരുന്ന മഹാവീര്‍സിങ് സിംഘലിന്റെയും വിദ്യാവതിദേവിയുടേയും മകന്. ചെറുപ്പത്തില്‍ തന്നെ ആര്‍എസ്എസ് ശാഖയില്‍. ബനാറസില്‍ നിന്ന് എന്‍ജിനീയറിങ് പഠനത്തിന് ശേഷം പ്രചാരകന്. തിരുനെല്‍വേലിയിലെ മീനാക്ഷിപുരത്ത് 1981ല്‍ ഇസ്ലാംമതത്തിലേക്ക് നൂറുകണക്കിന് ഹിന്ദുക്കള്‍ കൂട്ടമതംമാറ്റം ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ മതപരിവര്‍ത്തനം തടയാനായി രാജ്യമെമ്പാടും ഇരുനൂറോളം ക്ഷേത്രങ്ങള്‍ വിഎച്ച്പി പണികഴിപ്പിച്ചു. ജാതിവിവേചനങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു നവോത്ഥാനവിപ്ലവം കൂടിയായിരുന്നു അത്. വലിയ തോതിലുള്ള മതംമാറ്റ നീക്കത്തെ അവസാനിപ്പിക്കാന്‍ അശോക് സിംഘലിനും വിശ്വഹിന്ദുപരിഷത്തിനും ഇതുവഴി സാധിച്ചു. സമരത്തോടൊപ്പം സമരസതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരുന്നു സിംഘലിന്റെ സംഘടനാരീതി.
1984ല്‍ ദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ധര്‍മ്മസന്‍സദിന്റെ നേതൃത്വം സിംഘല്‍ വിജയകരമാക്കി. ഭാരതത്തിന്റെ സംന്യാസി പരമ്പരകളേയും ഹിന്ദുനേതാക്കളേയും ഒരുമിച്ച് ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അയോദ്ധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം പുതിയ രൂപം പ്രാപിച്ചത് അവിടെയാണ്. അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ മുഖ്യശില്പിയിലേക്കുള്ള അശോക് സിംഘലിന്റെ യാത്രയുടെ തുടക്കം എണ്‍പതുകളുടെ പകുതിയിലാണ് കുറിച്ചത്.
ജാതിവിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലത്താണ് കാമേശ്വര് ചൗപാല്‍ എന്ന ദളിതനെക്കൊണ്ട് സിംഘല്‍ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ചെയ്യിച്ചത്. ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹേ എന്ന് സിംഘല്‍ ആഹ്വാനം ചെയ്തു. ജാതിക്ക് അതീതമായി ഹിന്ദുഐക്യത്തിന്റെ കൊടിപാറണമെന്ന് പ്രസംഗിച്ചു. കാമേശ്വര് അതിന്റെ എക്കാലത്തെയും വലിയ അടയാളമായി. ദളിത് എന്നാല്‍ ചിതറിയത് എന്നാണെന്നും നമ്മള് ചേര്‍ന്നാല്‍ ആര്‍ക്കും ചിതറിക്കാന്‍ ആകില്ലെന്നും സിംഘല്‍ ഓര്‍മ്മിപ്പിച്ചു.
ഇതിഹാസം സൃഷ്ടിച്ച കര്സേവകളുടെ അമരക്കാരനായി. മുലായംസിങ്ങിന്റെ പോലീസ് തലതല്ലിപ്പൊളിച്ചപ്പോഴും ചോരയൊലിപ്പിച്ച് രാമഭക്തര്‍ക്കൊപ്പം സമരഭൂമിയില്‍ നിലയുറപ്പിച്ചു. തര്‍ക്കമന്ദിരം നിലംപൊത്തുന്നതിന് സാക്ഷിയായി. തുടര്‍ന്നും ക്ഷേത്രത്തിനായി ആ ജീവിതം ഉഴിഞ്ഞുവച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള സഞ്ചാരം. പതിറ്റാണ്ടുകളുടെ ആ പ്രചാരക ജീവിതമാണ് രാമജന്മഭൂമിയുടെ വീണ്ടെടുപ്പിന് കരുത്ത് പകര്‍ന്നത്.
2015 നവംബര്‍ 17ന് ദല്‍ഹിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാമപാദം ചേരുമ്പോഴും ശ്രീരാമക്ഷേത്രം പൂര്‍ത്തിയാവുമെന്ന ഉറച്ച വിശ്വാസം അദ്ദേഹം വച്ചുപുലര്‍ത്തി. അശോക് സിംഘലിന്റെ ആ ഉറപ്പ് വെറുതെയല്ലെന്ന് ലോകം ഇന്ന് കാണുന്നു. രാമജന്മഭൂമിയെ ചുറ്റിയൊഴുകുന്ന സരയൂ നദിയില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം അലിഞ്ഞുചേരുമ്പോള്‍ ഉയര്‍ന്ന രാമമന്ത്രം ഇന്ന് ലോകം മുഴുവന്‍ ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: