ശബരിമല: ഗാനഗന്ധര്വ്വന് ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തില് അദ്ദേഹത്തിനായി നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ജനുവരി 12 ന് വെള്ളിയാഴ്ച ഡോ.കെ.ജെ യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരില്‍ പുലര്‍ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മുന്‍പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്ക്കൊപ്പം സഹസ്രനാമാര്‍ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി.
ശതാഭിഷിക്തനാകുന്ന ഗാനഗന്ധര്വ്വന് വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജന്മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തില്‍ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ നടത്തിയത്. 84 വര്‍ഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങള്‍ നേര്‍ന്നാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക വഴിപാടുകള്‍ പൂര്‍ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകള്‍ നടന്നത്.
വഴിപാടുകളുടെ പ്രസാദം അമേരിക്കയില്‍ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല അയ്യപ്പ സ്വാമിയെ ഉണര്‍ത്തുന്ന അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീര്‍ത്തനവും ശബരിമലയില്‍ പൊഴിയുന്നത് ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയിലാണ്. സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പെടുത്തിയിട്ടുള്ള ഹരിവരാസന പുരസ്കാരത്തിന്റെ ആദ്യ സ്വീകര്‍ത്താവു കൂടിയാണ് ഡോ.കെ.ജെ.യേശുദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: