സിനിമാ മേഖലയില്‍ നിന്ന് കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായ താരമാണ് സുരേഷ്ഗോപി. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതരത്തിലുള്ള ഏത് സഹായവും വാഗ്ദാനം ചെയ്യുകയും നിറവേറ്റുകയും ചെയ്യുന്നത് കേരള ജനത കണ്ടിട്ടുള്ളതാണ്.
എന്നാല്‍ മകളുടെ വിവാഹം അടുത്ത ആഴ്ചയില്‍ നടക്കാനിരിക്കെയാണ് നടന് കഴിഞ്ഞ ദിവസം കര്ഷകന് കെ ജി പ്രസാദിന്റെ കുടുംബത്തെ സഹായിച്ചത്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവന്‍ സാമ്പത്തിക ബാദ്ധ്യതയുമാണ് സുരേഷ്ഗോപി ഏറ്റെടുത്തത്. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനത്തെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അടുത്ത സുഹൃത്തായ ജയറാം പറഞ്ഞ വാക്കുകകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.
”സുരേഷ് പൈസയുണ്ടാക്കുന്നത് മുഴുവനും ചാരിറ്റിക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിനുവേണ്ടി സുരേഷും രാധികയും കഷ്ടപ്പെടുന്നത് എനിക്കറിയാം. പൈസ മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊണ്ടുകൊടുക്കും. സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോയെന്ന് പോലും നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാരെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് കൊണ്ടുപോയി കൊടുക്കും”. അതാണ് സുരേഷ് ഗോപിയെന്നായിരുന്നു ജയറാം പറഞ്ഞത്.
അതേസമയം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കുന്നത്. ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തണമെന്ന് പൊലീസ് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്കി. പ്രധാനമന്ത്രി 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്ര ദര്‍ശനം. 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: