കൈവെട്ടിയ കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേലി മുടശേരി സവാദിന് (38) രണ്ടു വര്‍ഷത്തോളം മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടും മട്ടന്നൂര്‍ ബേരത്തും ഒളിത്താവളം ഒരുക്കാന്‍ പ്രാദേശിക സഹായം കിട്ടിയതിന്റെ തെളിവുകള്‍ പുറത്തു വരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും അവരുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെയും നേതാക്കള്‍ സവാദിനെ സഹായിച്ചെന്ന് ഉറപ്പിച്ചാണ് എന്‍ഐഎയുടെ നീക്കങ്ങള്‍.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായിരുന്ന സവാദ് 13 വര്‍ഷത്തിന് ശേഷമാണ് ബുധനാഴ്ച എന്‍ഐഎയുടെ പിടിയിലായത്. മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടില്‍ ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായി താമസിക്കുകയായിരുന്ന പ്രതിയെ പുലര്‍ച്ചെ എത്തിയ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് കാലം തുടങ്ങുന്നത് മുതലാണ് ഇരിട്ടിപട്ടണത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള വിളക്കോട് ചാക്കാട് പൂഴിമുക്കിലെ വാടക വീട്ടില്‍ സവാദ് താമസമാക്കുന്നത്. മട്ടന്നൂരിലേതുപോലെ ഇവിടെയും ഷാജഹാന്‍ എന്ന പേരില്‍ മരപ്പണിക്കാരനായിട്ടായിരുന്നു താമസിച്ചിരുന്നത്. രണ്ടു വര്‍ഷത്തോളം കാലം താമസിച്ച ചാക്കാടെ വീടൊഴിഞ്ഞതിന് ശേഷമാണ് മട്ടന്നൂര്‍ ബേരത്തെ വാടക വീട്ടിലേക്ക് മാറിയത്. പൂഴിമുക്കും ബേരവും എസ്ഡിപിഐ കേന്ദ്രമാണ്. വിളക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സവാദിന്റെ തറവാട് വീടാണ് ചാക്കാട് പ്രതി സവാദ് താമസിച്ച വാടക വീട്. വിളക്കോട് ചാക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സവാദിന്റെ സഹോദരന്‍ ഉനൈസ്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.
വീടിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ പതിനഞ്ചിലേറെ വീടുകളുണ്ടെങ്കിലും ഈ വീട്ടുകാരുമായി സൗഹൃദം കാട്ടുന്നതില്‍ സവാദും കുടുംബവും വിമുഖത കാണിച്ചു. ഭാര്യ ഖദീജയും രണ്ടു വയസ്സോളം പ്രായം തോന്നിക്കുന്ന മകളുമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഖദീജ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമെ വീട്ടിന് വെളിയില്‍ വന്നിരുന്നുള്ളൂ എന്നാണ് അയല്‍ വാസികള്‍ പറയുന്നത്. 3000രൂപ വാടക നിശ്ചയിച്ചാണ് വീട് നല്‍കിയതെന്നും കാസര്‍കോടാണ് സ്വന്തം നാടെന്നും പറഞ്ഞിരുന്നതെന്ന് വീട് വാടകയ്‌ക്ക് നല്‍കിയ സവാദിന്റെ ഉമ്മ ആമിന പറഞ്ഞു. കാസര്‍ക്കോട്ടേയ്‌ക്ക് താമസം മാറുകയാണെന്ന് പറഞ്ഞ് വീടൊഴിഞ്ഞ് പോയി രണ്ടു വര്‍ഷത്തിന് ശേഷം മട്ടന്നൂര്‍ ബേരത്ത് വെച്ച് എന്‍ഐഎയുടെ പിടിയിലാകുമ്പോള്‍ മാത്രമാണ് ഷാജഹാന്‍ എന്ന പേരില്‍ ചാക്കാട് താമസിച്ചയാള്‍ കൈവെട്ടുകേസിലെ മുഖ്യ പ്രതി സവാദാണെന്ന് പ്രദേശവാസികള്‍ അറിയുന്നത്.
സവാദിന്റെ ഭാര്യ ഖദീജ ഗര്‍ഭിണിയാണെന്നറിഞ്ഞ് കുത്തിവയ്‌പ്പുകള്‍ക്ക് നിര്‍ദേശം നല്‍കാനെത്തിയ ആശാവര്‍ക്കര്‍ക്ക് വിവരം കൈമാറാന്‍ തയാറായിരുന്നില്ല. ഇവിടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കാസര്‍കോടാണ് വീടെന്നും പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പ്രസവിക്കുന്നതിന് മുമ്പ് താമസം ബേരത്തേക്ക് മാറ്റി. അവിടെയും സൗകര്യങ്ങള്‍ ഒരുക്കിയത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് വ്യക്തമായിട്ടുണ്ട്. വാടകക്കരാര്‍ ഭാര്യയുടെ പേരിലാക്കിയതും ആളെ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: