ഭാസ്ക്കര്‍ കളമ്പി എന്ന ഭാസ്ക്കര്‍ റാവുജിയെക്കുറിച്ചുള്ള ഓരോ ഓര്‍മ്മയും അദ്ദേഹത്തോട് അടുപ്പമുള്ളവരുടെയെല്ലാം ഹൃദയത്തില്‍ എന്നും സചേതനമായിരിക്കും. എന്തുകൊണ്ട് അങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയേയില്ല.
ഭാസ്ക്കര്‍ റാവുജിയെ അടുത്തറിഞ്ഞവര്‍ അദ്ദേഹത്തെ കാണുന്നത് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ (ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍) പ്രതിരൂപമായാണ്. കേരളത്തില്‍ സംഘപ്രവര്‍ത്തനം എത്തുന്നതിന് മുന്‍പെ ഡോക്ടര്‍ജിയുടെ ദേഹാന്തം നടന്നു കഴിഞ്ഞിരുന്നു, ജൂണ്‍ 1940ല്‍. കേരളത്തില്‍ സംഘം എത്തുന്നത് 1941ല്‍ തിരുവനന്തപുരത്തും 1942ല്‍ കോഴിക്കോട്ടും. ഡോക്ടര്‍ജിയെ കാണാത്തവര്‍ ഭാസ്കര്‍ റാവുജിയെ കണ്ടാല്‍ മതി. അദ്ദേഹം തന്നെ കേരളത്തിന്റെ ഡോക്ടര്‍ജി ഡോക്ടര്‍ജിയില്‍ ഉണ്ടെന്ന് ഞങ്ങള്‍ കേട്ട ഗുണങ്ങള്‍ എല്ലാം ഭാസ്ക്കര്‍ റാവുജിയില്‍ ജ്വലിച്ചു കണ്ടു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ അനുമാനത്തെ ശക്തിപ്പെടുത്തുന്നു.
എന്റെ അനുഭവത്തില്‍ അങ്ങനെ ഒരു സംഭവം: 1977 മെയ് 12. സംഘ നിരോധനം പിന്‍വലിക്കപ്പെട്ട ശേഷം രാജ്യവ്യാപകമായ സ്വീകരണം വാങ്ങി കേരളത്തിലെ സ്വീകരണത്തിനായി സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ്ജി അന്നാണ് കൊച്ചിയില്‍ വിമാനമിറങ്ങുന്നത്.
നൂറിലധികം വിവിധ സംഘടനാ പ്രതിനിധികളുടെ ഹാരാര്‍പ്പണം. മാധ്യമങ്ങളുടെ ഫോട്ടോസെഷന്. ജനതാ പാര്‍ട്ടി എംഎല്‍എ കെ.ജെ. ഹര്‍ഷല്‍, ജമാ അത്തെ ഇസ്ലാമി എറണാകുളം ജില്ല സെക്രട്ടറി ടി.കെ. മൊഹമ്മദ്, സ്വാഗതസംഘം അദ്ധ്യക്ഷനായിരുന്ന അന്നത്തെ കൊച്ചി മേയര്‍ അഡ്വ. എ.കെ. ശേഷാദ്രി എന്നിവര്‍ സന്നിഹിതരാണ്. അതിനുശേഷം ദേവറസ്ജിയെ ആനയിച്ചു കൊണ്ട് നിരവധി വാഹനങ്ങള്‍ ചേര്‍ന്ന മോട്ടോര്‍കേഡ് എളമക്കരയിലെ സംസ്ഥാന കാര്യാലയമായ ‘മാധവ നിവാസ്’ലേക്ക്. അന്ന് സ്വന്തമായി ടൂ വീലര്‍ പോലും ഉള്ള പ്രവര്‍ത്തകര്‍ വിരളം. എങ്ങനെയോ ഫോറും ടൂവും ചേര്‍ന്ന് നൂറില്‍ താഴെ വാഹനങ്ങള്‍! എസി വാഹനം ഞങ്ങളുടെ സ്വപ്നത്തില്‍ പോലുമില്ല.
യാത്ര പുറപ്പെടാറായി. മിതമായി പുഷ്പാലങ്കൃതമായ ദേവറസ്ജിയുടെ കാര്‍ ഏറ്റവും മുമ്പില്‍. ദേവറസ്ജിയോടൊപ്പം കാര്യാലയത്തില്‍ എത്തേണ്ടവരെ സൗകര്യപ്രദമായ കാറുകളില്‍ ഇരുത്തുന്ന വ്യവസ്ഥ പ്രാന്ത് പ്രചാരക് ഭാസ്ക്കര്‍ റാവു തന്നെ നേരിട്ടു നടപ്പിലാക്കുന്നത് ഇളം തലമുറക്കാരനായ ഞാന്‍ കൗതുകത്തോടെ നോക്കി നിന്നു. ദേവറസ്ജിയുടെ കാറില്‍ ഭാസ്കര്‍ റാവു ‘ഇപ്പോള്‍ കയറും’ എന്ന ചിന്തയില്‍ ഞാന്‍ മുഴുകി നിന്നു. പക്ഷേ, അദ്ദേഹം ആ കാറില്‍ ഇരുത്തിയത് അഡ്വ. എന്‍. ഗോവിന്ദ മേനോനെയും (അന്നത്തെ പ്രാന്ത് സംഘചാലക്) അഡ്വ. ടി.വി. അനന്തേട്ടനെയു (അന്നത്തെ പ്രാന്ത് കാര്യവാഹ്) മായിരുന്നു. അടുത്ത കാറില്‍ അദ്ദേഹം ഇരുത്തിയത് തമിഴ് നാട്ടില്‍ നിന്നുള്ള മുന്‍ പ്രാന്ത് കാര്യവാഹ് അണ്ണാജിയെയും മറ്റ് ചിലരെയും. നാലാമത്തെ വാഹനത്തില്‍ വേണ്ടവരെ ഇരുത്തുമ്പോള് ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു: ‘സതീശ്, യൂ സിറ്റ് ഇന്‍ ദിസ് കാര്‍’ (തിരക്കുള്ളപ്പോഴും ഇമോഷന് ഉള്ളപ്പോഴും അദ്ദേഹം പെട്ടെന്നു ഇംഗ്ലീഷിലേക്ക് മാറുന്നത് പതിവായിരുന്നു).
പക്ഷേ, വില്ലിങ്ടണ്‍ ഐലന്റ് എയര്‍പ്പോര്‍ട്ടിലെ വളവുള്ള റോഡില്‍ നിന്നും എറണാകുളത്തേക്കുള്ള മെയിന്‍ റോഡിലേക്ക് ആ വാഹന വ്യൂഹം കയറുന്ന രംഗംകാണുക എന്നതായിരുന്നു എനിക്കു ഏറെ താല്‍പ്പര്യം. അതുകൊണ്ട്, ഞാന്‍ റോഡിലേക്ക് ഓടി. വാത്തുരുത്തി സ്റ്റോപ്പിലെ ബസ് ഷെല്‍ട്ടറില്‍ നിന്നു. അല്‍പ്പം കഴിഞ്ഞു വണ്ടികള്‍ വന്നു തുടങ്ങി. ആദ്യം സര്‍സംഘ്ചാലകന്റെ കാര്‍. അടുത്ത കാറിലേക്കു ഞാന്‍ നോക്കി. അതില്‍ ഭാസ്ക്കര്‍ റാവു ഇല്ല. ഞാന്‍ എന്നോടു തന്നെ ചോദിച്ചു: ‘ഇതെന്തു കഥ’.
ഇങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട്. കേരളത്തിലെ അടിയന്തിരാവസ്ഥ വിരുദ്ധ അണ്ടര്‍ഗ്രൗണ്ട് പ്രസ്ഥാനത്തിന്റെ അമരക്കാരന്, കേരളത്തിലെ ആര്‍എസ്എസിന്റെയും അനുബന്ധപ്രസ്ഥാനങ്ങളുടെയും ഏറ്റവും ഉയര്‍ന്ന നേതാവ് എന്ന വിശേഷണങ്ങള്‍ക്കു ഉടമ. അടിയന്തിരാവസ്ഥക്കാലത്ത് കേരളം മുഴുവന്‍ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഭാസ്ക്കര്‍ റാവു എവിടെ എന്ന ചോദ്യമായിരുന്നു മര്‍ദ്ദനത്തിന് പ്രധാന ഹേതു. വൈക്കം ഗോപന് ചേട്ടന് മുതല്‍ ഞങ്ങളെ പോലുള്ളവര്‍ വരെ ഉള്ളവരുടെ അനുഭവമാണിത്. അത് കഴിഞ്ഞാല്‍ പിന്നെ ചോദ്യം മാധവ്ജി, ഹരിഏട്ടന് തുടങ്ങിയവരെ കുറിച്ചായിരുന്നു. ക്യാമറയ്ക്കു മുന്നിലോ പ്രസംഗ വേദിയിലോ പ്രത്യക്ഷപ്പെടാതെ സംഘടനയെ ഏറ്റവും ശാസ്ത്രീയമായി നയിച്ച ആ യഥാര്‍ത്ഥ നേതാവിന്റെ മുഖമോ രൂപമോ പോലീസിന് അറിയില്ലായിരുന്നു. പകല്‍ വെളിച്ചത്തില്‍ തീവണ്ടിയിലും ഗടഞഠഇ ബസ്സുകളിലും യാത്ര ചെയ്ത് ഇതിഹാസതുല്ല്യമായ രണ്ടാം സ്വാതന്ത്ര്യ സമരം സംസ്ഥാനത്ത് നയിച്ച അദ്ദേഹത്തെ കുറിച്ച് അവര്‍ക്ക് ആകെ അറിയാവുന്നത് എംഎ, ബിഎല്‍ പാസ്സായ ഒരു ബോംബെക്കാരന് എന്നു മാത്രമായിരുന്നു. എന്നും സംഘകാര്യാലങ്ങളിലെ നിലത്തു വിരിച്ച പുല്‍പ്പായകളില്‍ കിടന്നുറങ്ങി, നടന്നും സൈക്കിള്‍ ചവിട്ടിയും ബസ്സിലും ട്രെയിനിലും യാത്ര ചെയ്തു 1946 മുതല്‍ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ച ആളെ കുറിച്ച് പോലീസ് മനസ്സിലാക്കിയ കാര്യമാണിത്.
പറഞ്ഞു വന്നത്, ദേവറസ്ജിയോടോത്ത് ഒരേ കാറില്‍ സഞ്ചരിക്കാന്‍ ഏറ്റവും യോഗ്യന്‍ എന്നു ആരും സമ്മതിക്കുന്ന വ്യക്തിയെ കടന്നു പോയ ഒരു കാറിലും കണ്ടില്ല. അങ്ങനെ അവസാന സ്കൂട്ടര്‍ എത്തി. അതിന്റെ പിന്‍സീറ്റില്‍ സ്വതസിദ്ധ ശൈലിയില്‍ മുണ്ടും മടക്കിക്കുത്തി, കോളറില്‍ അഴുക്കാകാതിരിക്കാന്‍ മടക്കിവെച്ച തൂവാലയുമായി ഭാസ്ക്കര്‍ റാവു. സൂര്യന് തലക്ക് മുകളില്‍ കത്തി നില്ക്കുന്നു. രണ്ടു വര്‍ഷത്തിലേറെയായി കൊണ്ടുനടക്കുന്ന ഹൃദ്രോഗം. പക്ഷേ, ഒരു സംഘപ്രചാരകന് എങ്ങിനെ ജീവിക്കണം, എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉള്ള ജീവിതമായിരുന്നു അത്. എല്ലായിടത്തും കണ്ണും മെയ്യുമുണ്ട്; പക്ഷേ ഇതൊന്നും ഞാനല്ല എന്ന വിനയഭാവം. അതാണ് ഭാസ്കര്‍ റാവു.
ഞങ്ങള്‍ ഓരോരുത്തരും ചിന്തിച്ചിരുന്നത് ഭാസ്ക്കര്‍ റാവുജിക്കു ഏറ്റവും വാത്സല്യം തന്നോട് മാത്രം എന്നായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ സമീപനം അങ്ങിനെ ആയിരുന്നു. ഓരോത്തരുടെയും വ്യക്തിപരമായ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. 1970 മുതല്‍ അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടുള്ള അടുപ്പം അതിന്റെ പാരമ്യത്തില്‍ എത്തിയത് അടിയന്തിരാവസ്ഥ കാലത്തായിരുന്നു. ആ കാലത്ത് അണ്ടര്‍ഗ്രൌണ്ട് ഷെല്‍റ്ററുകളില്‍ മണിക്കൂറുകളോളം പല വിഷയങ്ങളും സംസാരിച്ചിരിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ആ കാലത്ത് മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം തിരക്ക് പിടിച്ച കാര്യങ്ങള്‍ക്കായി എറണാകുളത്ത് വന്നിരുന്ന അദ്ദേഹം വെറും താലൂക്ക് ചുമതല മാത്രമുള്ള എന്നെ കാണണമെന്ന സന്ദേശം അയയ്ക്കുമായിരുന്നു. സംഘപ്രസ്ഥാനങ്ങള്‍ മുഴുവനും കൂടാതെ അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന മറ്റ് സംഘേതര പ്രസ്ഥാനങ്ങളും ചേര്‍ന്ന ലോക് സംഘര്‍ഷ സമിതിയുടെ, സാധാരണ ഭാഷയില്‍ പറഞ്ഞാല്‍, കേരളത്തിലെ സുപ്രീം കമ്മാന്‍ഡര്‍ ആയ ആളാണ് എന്നോടു ഇപ്രകാരം ദയ കാണിച്ചിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിന്തിക്കുമ്പോള്‍ എനിക്ക് തന്നെ അവിശ്വനീയമായി തോന്നുന്നു. സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, പിതാവിന്റെ മരണശേഷം തങ്ങളെ നോക്കി വളര്‍ത്തിയ അമ്മാവന്, അദ്ദേഹത്തിന്റെ മക്കള്‍ എന്നിവരെക്കുറിച്ചെല്ലാം ആ കാലയളവുകളില്‍ അദ്ദേഹം വിശദമായി പറഞ്ഞിരുന്നു.
ആ സംഭാഷണങ്ങള്‍ക്കിടയില്‍, പിന്നീട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നും പുഷ്പ്പവും പോലെ ഉപയോഗപ്പെടുന്ന നിരവധി മൊഴിമുത്തുകള്‍ കിട്ടി. അതിലൊന്ന് ഇങ്ങനെ ആയിരുന്നു: ദൂരെ നിന്നു കാണുമ്പോള്‍ കുന്നുകള്‍ പച്ച പുതച്ചത് പോലെ കാണപ്പെടും. കുറച്ച് അടുത്തു ചെല്ലുമ്പോള്‍ ഇടക്കിടെ ചില പാറകള്‍ കാണും. അവയില്‍ പച്ചപ്പുല്ലുണ്ടാവില്ല എന്നു മാത്രമല്ല, അവ കറുത്തിരുണ്ടിരിക്കുകയും ചെയ്യും. കുറച്ച് കൂടി അടുത്തു ചെന്നാല്‍ പാറകളുടെ എണ്ണവും വിസ്തീര്‍ണ്ണവും കൂടി വരും. ഇനി സാക്ഷാല്‍ കുന്നില്‍ ചെന്നു ചേര്‍ന്നാല്‍ കാണുന്നത് ഒരു വിസ്തൃത പാറക്കൂട്ടങ്ങളും അവിടവിടെയായി കുറച്ച് പുല്ലുകളും മാത്രമായിരിക്കും ! എത്ര അര്‍ഥവത്തായ നിരീക്ഷണം!
ഡോക്ടജി, ഗുരുജി തുടങ്ങിയവരില്‍ നിന്നു പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവും, സ്വയമാര്‍ജിച്ച തേജസ്സും സ്നേഹം കൊടുത്ത് തിരിച്ചു വാങ്ങിയ സ്നേഹസാഗരവും അദ്ദേഹത്തെ ‘കേരളത്തിന്റെ ഡോക്ടര്‍ജി’യാക്കി മാറ്റി. സ്വയം നേതാവാകാതെ അദ്ദേഹം നിരവധി നേതാക്കളെ സൃഷ്ടിച്ചു. സ്വയം വാഗ്മിയോ ബുദ്ധിജീവിയോ ഗായകനോ കായിക വിദഗ്ദ്ധനോ ആകാതെ ആ രംഗങ്ങളില്‍ എല്ലാം നിരവധി പ്രതിഭാശാലികളെ അദ്ദേഹം വളര്‍ത്തി. എന്നിട്ടും ‘ഇതൊന്നും ഞാനല്ല’ എന്ന ഭാവം. അദ്ദേഹം പറയാറുള്ളത് സംഘപ്രവര്‍ത്തനത്തിന് ആവശ്യം വിവിധമേഖലയിലുള്ള വൈദഗ്ധ്യമല്ല, മറിച്ച് ആദര്‍ശനിഷ്ഠയും അര്‍പ്പണബോധവുമാണ് എന്നാണ്. ‘ഒരു നല്ല ബൗദ്ധിക് വേണ്ടി വന്നാല്‍ ഞാന്‍ മാധവ്ജിയെയോ ഹരിയേട്ടനെയോ പരമേശ്വര്‍ജിയെയോ നിയോഗിക്കും. പാട്ട് വേണമെങ്കില്‍ സനല്‍കുമാറോ രാധാകൃഷ്ണ ഭട്ട്ജിയോ ഉണ്ടല്ലോ. ശാരീരിക് കാര്യങ്ങള്‍ക്ക് ഭട്ട്ജിയും സേതുമാധവനും ഉണ്ട്. ബുദ്ധിജീവികളായി നമുക്ക് എത്രയോ പേര് ഉണ്ട്. ഇവരെയെല്ലാം കോഓര്‍ഡിനേറ്റ് ചെയ്യല്‍ ആണ് എന്റെ പണി. അത് ഞാന്‍ മോശമില്ലാതെ ചെയ്യുന്നത് കൊണ്ടാണല്ലോ സംഘനേതൃത്വം എന്നെ ഈ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്’. ഇതില്‍ കൂടുതല്‍ കേരള ഡോക്ടര്‍ജിയെ കുറിച്ച് എന്തു പറയാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: