കോട്ടയം: ചരിത്ര പ്രസിദ്ധമായ എരുമേലി അമ്പലപ്പുഴ – ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ഇന്ന്. അയ്യപ്പസ്വാമിയുടെ അവതാരത്തിനായി മോഹിനീരൂപം പൂണ്ട വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ് അമ്പലപ്പുഴക്കാര്‍ മാതൃസ്ഥാനീയരായി ആദ്യം പേട്ടതുള്ളുന്നത്. നീലാകാശത്തില്‍ ഭഗവത് ചൈതന്യം ചൊരിഞ്ഞ് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ പേട്ടതുള്ളല്‍ ഉച്ചയോടെ തുടങ്ങും.
നീലാകാശത്തില്‍ വെള്ളിനക്ഷത്രം തെളിയുന്നതോടെ ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ് നടക്കും. കളഭക്കുറികള്ക്ക് ശാന്തിയുടേയും സമാധാനത്തിന്റേയും നിറക്കൂട്ടുകള്‍ നല്‍കിക്കൊണ്ട് പിതൃസ്ഥാനീയരായ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ തുടക്കമാകും.
അമ്പലപ്പുഴ സംഘം പേട്ട കൊച്ചമ്പലത്തിന് സമീപമുള്ള എരുമേലി പള്ളിയില്‍ കയറി പ്രദക്ഷിണം വച്ച് വാവര് പ്രതിനിധിക്കൊപ്പം പേട്ടതുള്ളി വലിയ അമ്പലത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിശ്വാസം. വാവര് അമ്പലപ്പുഴ സംഘത്തോടൊപ്പം പോയതിനാല്‍ രണ്ടാമത്തെ പേട്ടതുള്ളലായ ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെ സ്വീകരണം ഏറ്റുവാങ്ങി പേട്ടതുള്ളല്‍ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: