കാക്കിയുടുപ്പിട്ടവര്‍ക്ക് കലിയേ ഉള്ളുവെന്നത് തെറ്റായ വിശ്വാസമെന്ന് തെളിയിച്ചത് കാക്കിസേനയുടെ ഉത്തര്‍പ്രദേശിലെ തലവനായിരുന്ന ശ്രീഷ്ചന്ദ്ര ദീക്ഷിതാണ്. ശ്രീരാമസേവ അദ്ദേഹത്തിന് ദീക്ഷയായിരുന്നു.
പില്‍ക്കാലത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവായി മാറിയ ശ്രീശ്ചന്ദ്ര ദീക്ഷിത് ഉത്തര്‍പ്രദേശിലെ പോലീസ് ഡയറക്ടര്‍ ജനറലായിരുന്നു.
1982 മുതല്‍ 1984 വരെ അദ്ദേഹം ഈ പദവി വഹിച്ചു. 1984ല്‍ വിരമിച്ച ശേഷം വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വൈസ് പ്രസിഡന്റായി. ശ്രീരാമജന്മഭൂമി ട്രസ്റ്റിലും അംഗമായിരുന്നു. വിഎച്ച്പി അന്താരാഷ്‌ട്ര അദ്ധ്യക്ഷന്‍ അശോക് സിംഘലിന്റെ വിശ്വസ്തനായാണ് ശ്രീശ്ചന്ദ്ര ദീക്ഷിതിനെ കണക്കാക്കിയിരുന്നത്. രാമജന്മഭൂമി പ്രസ്ഥാനത്തെ വന്‍തോതില്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക പങ്കുണ്ട്. പോലീസ് വിലക്കുകള്‍ മറികടന്ന് കര്‍സേവകരെ അയോദ്ധ്യയിലെത്തിക്കാനും നിരോധനങ്ങള്‍ നിലനില്‍ക്കെ കര്‍സേവ നടത്താനും പോലീസ് സംവിധാനത്തിന്റെ കണ്ണ് വെട്ടിച്ച് കര്‍സേവകര്‍ക്ക് ലക്ഷ്യത്തിലെത്താനും ദീക്ഷിതിന്റെ ബുദ്ധിയും മാര്‍ഗനിര്‍ദ്ദേശവുമാണ് സഹായകമായത്. അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടവരില്‍ ഒരാളാണ് അദ്ദേഹം.
1989ല്‍ പ്രയാഗില്‍ കുംഭമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ധര്‍മ്മ സന്‍സദില്‍ ക്ഷേത്ര ശിലാസ്ഥാപന പരിപാടിയുടെ പ്രഖ്യാപനത്തിന് ശേഷം ശ്രീശ്ചന്ദ്ര ദീക്ഷിത്, ദേവരഹാ ബാബ നല്‍കിയ പൂജിച്ച ശിലയും ശിരസിലേറ്റി രാജ്യം മുഴുവന്‍ രാമക്ഷേത്ര സന്ദേശ പ്രചാരണത്തിനായി സഞ്ചരിച്ചു.
1990 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കര്‍സേവയ്‌ക്കിടെ അദ്ദേഹം അറസ്റ്റിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പ് വാരാണാസി ലോക്‌സഭാ സീറ്റില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയത്തിന്റെ കാവി പതാക ഉയര്‍ത്തിയത് അദ്ദേഹമാണ്. 1991ല്‍ വാരാണാസിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് മുമ്പ് ഈ മണ്ഡലത്തില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥിയും വിജയിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക