അയോദ്ധ്യാ രാമന് സമര്‍പ്പിക്കാന്‍ ലഖ്നൗവിലെ വഴിയോര പച്ചക്കറിവില്പനക്കാരന് അനില്‍കുമാര്‍ സാഹു ഒരുക്കിയത് ആഗോള ഘടികാരം. ഒമ്പത് രാജ്യങ്ങളിലെ സമയം ഒറ്റ ക്ലോക്കില്‍ കാണിക്കുന്ന വിസ്മയമാണ് രാമക്ഷേത്രത്തിനായി അമ്പത്തൊന്നുകാരന് സാഹുവിന്റെ കാണിക്ക. അഞ്ച് വര്‍ഷമായി ഇതിന്റെ നിര്‍മാണത്തിലാണ് സാഹു. പ്രാണപ്രതിഷ്ഠയുടെ ആവേശം നാടെമ്പാടും നിറയുമ്പോള്‍ എല്ലാവരും ബാലകരാമന് കാണിക്കയൊരുക്കുകയാണ്. രാജ്യത്തെല്ലായിടത്തുനിന്നും പലവിധ വിശിഷ്ട വസ്തുക്കള്‍ അയോദ്ധ്യയിലേക്ക് എത്തുന്നുവെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞതോടെയാണ് സാഹു വേറിട്ട ഒരു ഉപഹാരമൊരുക്കാന് തീരുമാനിച്ചത്.
രാമമന്ദിരത്തിലേക്കുള്ള ക്ലോക്ക് പണിതീര്‍ക്കുന്നതിന് മുമ്പ് രണ്ട് ക്ലോക്കുകള്‍ വേറെ അനില്‍കുമാര്‍ സാഹു നിര്‍മ്മിച്ചു. ഒന്ന് അയോദ്ധ്യ നഗരമധ്യത്തിലും മറ്റൊന്ന് ഹനുമാന്‍ഗഡി ക്ഷേത്രത്തിലും സ്ഥാപിക്കാന്‍ കൈമാറി. അതിന് ശേഷമാണ് ഗ്ലോബല്‍ ക്ലോക്ക് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് സമര്‍പ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ പേറ്റന്റ് നേടിയതിന് പിന്നാലെയാണ് ഇത് രാമക്ഷേത്രത്തിന് കൈമാറിയത്.
ഭാരതം, മെക്സിക്കോ, ജപ്പാന്, യുഎഇ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബ്രസീല്‍, ചൈന എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളിലെ നഗരങ്ങളിലെ സമയം സാഹുവിന്റെ ഗ്ലോബല്‍ ക്ലോക്ക് പറയും. കഴിഞ്ഞ ഒക്ടോബറില്‍ ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി സയന്റിഫിക് കണ്വെന്ഷന് സെന്ററില്‍ ലഖ്നൗവിലെ കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സംഘടിപ്പിച്ച സംസ്ഥാനതല സയന്‍സ് മോഡല്‍ മത്സരത്തില്‍ സാഹു ക്ലോക്ക് പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: