മലയിന്‍കീഴ്: സര്‍ക്കാരിന്റെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി പ്രകാരം മലയിന്‍കീഴ് പഞ്ചായത്തില്‍ ഗോവിന്ദമംഗലം വാര്‍ഡിലെ വലിയറത്തലയില്‍ പണിത ‘വഴിയിടം’ വിശ്രമ കേന്ദ്രം മറച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമര പന്തല്‍ പണിതു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല സമരത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ വലിയറത്തല മേഖല കമ്മിറ്റി വിശ്രമ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം ‘സമര കോര്‍ണര്‍’ എന്ന പേരില്‍ പാര്‍ട്ടി ഓഫീസ് കെട്ടിയത്. ഐ.ബി സതീഷ് എംഎല്‍എയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക് ‘. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും കോണ്‍ഗ്രസും മലയിന്‍കീഴ് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയെങ്കിലും നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗം ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്കരിച്ചു.
ഉദ്ഘാടനം നടത്തിയ ശേഷം മാസങ്ങളോളം അടഞ്ഞു കിടന്ന വലിയറത്തലയിലെ വിശ്രമ കേന്ദ്രം കഴിഞ്ഞ ജൂണിലാണ് തുറന്നു നല്‍കിയത്. ഇവിടെ സാമൂഹികവിരുദ്ധശല്യം, വെള്ളമില്ല എന്നതുള്‍പ്പെടെയുള്ള അസൗകര്യങ്ങളെ കുറിച്ച് പരാതി ഉയരുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിശ്രമകേന്ദ്രം കയ്യേറി ഓഫീസ് കെട്ടിയത്. അതേസമയം, വലിയറത്തലയില്‍ വിശ്രമകേന്ദ്രം മറച്ച് ഡിവൈഎഫ്ഐ സമരപന്തല്‍ കെട്ടിയത് അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: