കണ്ണൂര്‍: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒളിവില്‍ കഴിഞ്ഞത് എട്ടുവര്‍ഷം. കാസര്‍കോട്ടുനിന്ന് വിവാഹം കഴിച്ചശേഷം കണ്ണൂര്‍ വളപട്ടണത്തെ മന്ന എന്ന സ്ഥലത്തേക്കാണ് സവാദ് ആദ്യം എത്തിയതെന്ന വിവരം എന്‍ഐഎയ്‌ക്ക് ലഭിച്ചു.
വളപട്ടണത്ത് മാത്രം അഞ്ചുവര്‍ഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. അതിനുശേഷം ഇരിട്ടിയിലെ വിളക്കോട് രണ്ടുവര്‍ഷവും താമസിച്ചു. ഇതിനുശേഷമാണ് മട്ടന്നൂരിലെ ബേരത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ഇവിടെവെച്ചാണ് ബുധനാഴ്ച പൂലര്‍ച്ചെ സവാദിനെ എന്‍ഐഎ സംഘം അറസ്റ്റുചെയ്തത്. ഇളയകുട്ടിയുടെ ജനന സർട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാൻ എന്ന് പേര് മാറ്റിയെങ്കിലും ജനന സർട്ടിഫിക്കറ്റിൽ പേര് സവാദ് എന്നു തന്നെയായിരുന്നു.
ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി. വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ ഇയാള്‍ക്ക് ആരൊക്കെയാണ് സഹായം നല്‍കിയതെന്ന കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറിവോടെയാണ് ഇയാള്‍ ഒളിവുജീവിതം നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
ഒരു എസ് ഡി പി ഐ നേതാവിന്റെ മകളെയാണ് ഇയാള്‍ വിവാഹം കഴിച്ചതെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി. റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാർക്കൊപ്പമായിരുന്നു. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: