ന്യൂദല്‍ഹി: ഈ മാസം അവസാനം അയോധ്യയില്‍ നടക്കാനിരിക്കുന്ന ഭഗവാന് രാമലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അയോധ്യയിലെ മഹത്തായ പരിപാടിക്കുള്ള ക്ഷണം നിരസിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രസ്താവനയില്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ബിജെപിയുടെയും ആര്‍എസ്എസിന്റെയും പരിപാടിയാണെന്നും പാര്‍ട്ടി പറഞ്ഞു. കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്.
നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് രാമനെ ആരാധിക്കുന്നത്. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ അയോധ്യയില്‍ നടക്കുന്ന രാഷ്ട്രീയ പരിപാടിയാണെന്നും കോണ്‍ഗ്രസ് പറയുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ അപൂര്‍ണ്ണമായ ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. ഇത് തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയാണ് മുന്നോട്ട് കൊണ്ടുവന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.
2019ലെ സുപ്രീം കോടതി വിധിയില്‍ ഉറച്ചുനില്‍ക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍എസ്എസ്/ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധിയും, അധീര്‍ രഞ്ജന്‍ ചൗധരിയും ആദരപൂര്‍വം നിരസിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ജനുവരി 22ന് അയോധ്യയിലെ ക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 16 മുതല്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ നടക്കുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: