കൊച്ചി : സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ(68) തെരഞ്ഞടുത്തു. നിലവില്‍ ഷംഷബാദ് രൂപതാ മെത്രാനാണ് റാഫേല്‍ തട്ടില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.
സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവില്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി നല്‍കുകയും അതില്‍ നിന്നുമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. മാര്‍പ്പാപ്പയും കൂടി അനുമതി നല്‍കിയതോടെയാണ് ഔദ്യോഗീക പ്രഖ്യാപനം പുറത്തുവന്നത്.
പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം കാക്കനാടും വത്തിക്കാനിലും ഒരേസമയം നടത്തി. സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് തൃശൂര്‍ രൂപതാംഗമായ മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ രൂപതയുടെ സഹായ മെത്രാനുമായിരുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഉജ്ജയിന്‍ രൂപതയുടെ ബിഷപ്പും പാല വിളക്കുമാടം സ്വദേശിയുമായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ പേരും ചര്‍ച്ചകളില്‍ നിറഞ്ഞു. ഒടുവില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു മാര്‍ റാഫേല്‍ തട്ടിലിന്റെ പേര് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സ്ഥാനാരോഹണം.
2018 മുതല്‍ ഷംഷബാദ് രൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. ദൈവഹിതം അംഗീകരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നു നില്‍ക്കണം, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ. മെത്രാന് പൊതുസ്വത്താണെന്നും പ്രഖ്യാപനശേഷം റാഫേല്‍ തട്ടില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: