ഭാരതത്തിന്റെ നാനാഭാഗങ്ങളി നിന്നു സംന്യാസിവര്യന്മാരെയും പണ്ഡിതന്മാരെയും നേതാക്കളെയും ക്ഷണിച്ചുവരുത്തി ശ്രീരാമനവമി മുതല്‍ പന്ത്രണ്ടു ദിനങ്ങളില്‍ നടത്തിപ്പോന്ന ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ലക്ഷ്യമാക്കിയിരുന്നതും വേറൊന്നല്ല. രാമായണവും വേദങ്ങളുമുള്പ്പെടെ അധിനിവേശശക്തികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വക്രീകരിച്ച ഭാരതീയ ജ്ഞാനമണ്ഡലങ്ങളുടെ സത്യാവസ്ഥ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുവാന്‍ പ്രയോജനപ്പെടുന്ന വിധമായിരുന്നു സമ്മേളനങ്ങളുടെ സംഘാടനം. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ആവശ്യകത മുടക്കം കൂടാതെ നടന്നു വരുന്ന ഈ സമ്മേളനങ്ങളില്‍ മുഴങ്ങി നില്ക്കുന്നു.
ശ്രീരാമജന്മഭൂമി ക്ഷേത്രനിര്‍മിതിക്ക് ശക്തിപകരാന്‍ സ്വാമിജി കൈക്കൊണ്ട വേറൊരു കര്‍മപദ്ധതിയായിരുന്നു പുരസ്ക്കാര സമര്‍പ്പണങ്ങള്‍. രാമക്ഷേത്രത്തെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടിരുന്ന രാഷ്ട്രീയ നേതൃത്ത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കര്‍സേവയ്ക്കു നേതൃത്വം കൊടുത്ത രാമഭക്തര്‍ക്ക് വീരമാരുതി പുരസ്ക്കാരവും സേവാമാരുതി പുരസ്ക്കാരവും പുത്തരിക്കണ്ടം മൈതാനത്തു നിറഞ്ഞു നിന്ന സദസ്സിനെ സാക്ഷിയാക്കിക്കൊണ്ട് സ്വാമി സത്യാനന്ദ സരസ്വതി നല്കി.
1991ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനത്തിരുന്ന് കര്‍സേവ നയിച്ച അശോക് സിംഗാളിന് വീരമാരുതി പുരസ്ക്കാരം സമര്‍പ്പിച്ചു. രാമായണ സീരിയലിലൂടെ രാമകഥയെ ഏവര്‍ക്കും ദൃശ്യമാക്കിതീര്ത്ത രാമാനന്ദസാഗറിനായിരുന്നു സേവാമാരുതി പുരസ്ക്കാരം. 1992 ല്‍ ഡോ. മുരളീ മനോഹര്‍ ജോഷിക്ക് വീരമാരുതി പുരസ്ക്കാരവും മാനനീയ ഭാസ്കര്‍ റാവുജിക്ക് സേവാമാരുതി പുരസ്ക്കാരവും നല്കി. 1993 ല്‍ കര്‍സേവയ്ക്കിടയില്‍ ജീവഹാനി സംഭവിച്ച കോത്താരി സഹോദരന്മാര്ക്ക് വീരമാരുതി പുരസ്ക്കാരവും (പിതാവ് ഹീരാലാല്‍ കോത്താരി, പുരസ്ക്കാരം സ്വീകരിച്ചു) അവരുടെ അമ്മ സുമിത്ര കോത്താരിക്ക് വീരമാതാ പുസ്ക്കാരവും സ്വാമിജി നല്കി. ദേശഭക്തിയില്‍ ലയിച്ച രാമസേവകരുടെ ഹൃദയം ത്രസിപ്പിക്കുന്ന പ്രസംഗങ്ങളായിരുന്നു അപ്പോഴെല്ലാം സ്വാമിജി ചെയ്തത്. അത് എക്കാലത്തേക്കും ഉണര്‍വു പകരുന്നതുമായിരുന്നു.
രാമപാദസേവയ്ക്കായി, സ്വയം സമര്‍പ്പിച്ച ജീവിതമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതിയുടേത്. അനേകലക്ഷങ്ങളെ ആ വഴിയിലൂടെ സ്വാമിജി ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. ശ്രീരാമജന്മഭൂമിയില് ക്ഷേത്രം ഉയരുന്ന ഈ അവസരത്തില്‍ ഇന്നും മുഴങ്ങി കേള്‍ക്കുന്ന സ്വാമിജിയുടെ വാക്കുകള്‍ ഓര്‍മിക്കാം.
(അവസാനിച്ചു)
ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും – ഭാഗം- 1
ശ്രീരാമജന്മഭൂമിയും സത്യാനന്ദ സരസ്വതിയും: സാര്‍ഥകമായ രാമനവമി ആഘോഷങ്ങള്‍ – ഭാഗം- 2
പ്രതികരിക്കാൻ ഇവിടെ എഴുതുക: