പാലക്കാട്: ഗാനഗന്ധര്വ്വന് യേശുദാസിന് 84ാം പിറന്നാള്‍ സമ്മാനമായി 64 ഗായകരുടെ സംഗീതാഞ്ജലി. പാലക്കാട്ടെ പ്രശസ്ത സാംസ്കാരിക സംഘടനയായ സ്വരലയയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച യേശുദാസിന്റെ 84 ഗാനങ്ങള്‍ വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീതലോകത്തെ അത്ഭുതമാണ് യേശുദാസ് എന്ന് മണ്ണൂര്‍ രാജകുമാരനുണ്ണി പറഞ്ഞു. സ്വരലയ പ്രസിഡന്റ് എന്‍.എന്‍ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്. അജയന് സ്വാഗതം പറഞ്ഞു. എഴുത്താകാരായ രഘുനാഥന് പറളി, കെ.പി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
10 മണിക്കൂര്‍ നീണ്ട സംഗീതാര്‍ച്ചനയില്‍ 64 ഗായകര്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ 64 ഗായകരാണ് സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തതെന്നത് വേറിട്ട അനുഭവമായി. കമലദളം എന്ന സിനിമയിലെ സുമുഹൂര്ത്തമായ് എന്ന ഗാനം പാടി ബല്‍റാം സംഗീതപരിപാടിക്ക് തുടക്കമിട്ടു. തുടര്‍ന്ന യേശുദാസ് തമിഴിലും ഹിന്ദിയിലും മലയാളത്തിലും പാടിയ ഗാനങ്ങള്‍ തുടര്‍ച്ചയായി ഗായകര്‍ അവതരിപ്പിച്ചു. ഇന്ദ്രവല്ലരിപൂചൂടിവരും, യവനസുന്ദരി, ഇളവന്നൂര്‍ മഠത്തിലെ, അഷ്ടമുടിക്കായലിലെ, മാലിനി നദിയില്‍ കണ്ണാടി നോക്കും, വൃശ്ചികപ്പെണ്ണേ, വെണ്‍ചന്ദ്രലേഖ, സുറുമയെഴുതിയ മിഴികളെ, ജാനെമന്‍ ജാനെമന്‍, അകലെ അകലെ, മൗനം സ്വരമായ് തുടങ്ങിയ ഗാനങ്ങള്‍ അവതരിപ്പിച്ചു.
നന്ദകുമാര്‍, ബല്‍റാം, സന്തോഷ് പൈലി, റെജി സദാനന്ദന്, സജിത് ശങ്കര്‍, ഈശ്വരന് നമ്പൂതിരി, ഉഷ വാരിയര്‍, വിമല ജയപാല്‍, മുകുന്ദന് സി, ഗോപികാ സജിത്, സന്തോഷ് നമ്പ്യാര്‍, അനിഖ അനില്‍, രജനി നവല്ലൂര്‍ എന്നീ പാലക്കാട്ടെ പ്രമുഖ ഗായകരും യേശുദാസ് ഗാനങ്ങള്‍ ആലപിച്ചവരില്‍ ഉള്‍പ്പെടും.
പ്രൊഫ.പി.ടി. നരേന്ദ്രമേനോന്, ക്ലാസിക്കല്‍ ഗായിക സുകുമാരി നരേന്ദ്രമേനോന്, ജില്ലാ കളക്ടര്‍ എസ്. ചിത്ര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജനവരി 10 ബുധനാഴ്ച നടക്കുന്ന 84ാം ജന്മദിനാഘോഷങ്ങള് യുഎസിലെ ടെക്സസിലെ ഡാലസിലുള്ള അദ്ദേഹത്തിലെ വസതിയില്‍ നടക്കും. കേരളത്തില്‍ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങള്‍ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ശതാഭിഷേകം ആഘോഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: