തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നു ഗാനഭൂഷണം ഒന്നാം റാങ്കില്‍ പാസായ യേശുദാസിനെ എന്തു ത്യാഗം സഹിച്ചും തിരുവനന്തപുരം സ്വാതിതിരുനാള്‍ അക്കാദമിയില്‍ സംഗീതഭൂഷണം കോഴ്സിന് ചേര്‍ക്കണമെന്ന് പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ നിര്‍ബന്ധം പിടിച്ചു. വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ നില്‍ക്കുന്ന കുടുംബത്തിന് ഇത് എടുത്താല്‍ പൊങ്ങാത്ത ഭാരമാണെന്ന് ബന്ധുക്കളും അയല്‍ക്കാരും യേശുദാസ് തന്നെയും അഭിപ്രായപ്പെട്ടെങ്കിലും ഭാഗവതര്‍ പിന്മാറിയില്ല. എങ്ങനെയോ സംഘടിപ്പിച്ച 70 രൂപയുംകൊണ്ട് ദാസിനെ ഭാഗവതര്‍ തിരുവനന്തപുരത്തേക്ക് അയച്ചു.
ശെമ്മാങ്കുടിയുടെ കാരുണ്യം
സംഗീതത്തില്‍ അഗാധ പാണ്ഡിത്യമുള്ള സാക്ഷാല്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അക്കാദമി പ്രിന്‍സിപ്പല്‍. അക്കാദമിക്കടുത്തുള്ള ലോഡ്ജിലായിരുന്നു താമസം. ഭക്ഷണവും വാടകയും കൂടി മാസം 60 രൂപ വേണം. മാസം ഒന്നര കഴിഞ്ഞു. കയ്യിലെ പണമെല്ലാം തീര്‍ന്നു. വിട്ടില്‍നിന്ന് കാശൊന്നും വരുന്നില്ല.
എത്രയൊക്കെ മറയ്‌ക്കാന്‍ ശ്രമിച്ചിട്ടും യേശുദാസിന്റെ ബുദ്ധിമുട്ട് മറ്റു വിദ്യാര്‍ഥികള്‍ മുഖേന പ്രിന്‍സിപ്പല്‍ ശെമ്മാങ്കുടിയുടെ ചെവിയിലെത്തി. അദ്ദഹം ദാസിനോട് തന്റെ കാര്‍ ഷെഡില്‍ സൗജന്യമായി താമസിച്ചുകൊള്ളാന്‍ പറഞ്ഞു. ദാസിന് അത് വലിയ ആശ്വാസമായിരുന്നു.
വാടകയുടെ ഭാരം ഒഴിവായി. ഒരു മേശയും കസേരയും ബെഞ്ചും അദ്ദേഹം നല്‍കി. ‘ഞാന്‍ എല്ലാ ദിവസവും അദ്ദേഹത്തിന്റെ കാറ് കഴുകി തുടച്ചിടും. നന്ദിസൂചകമായി. ഒരിക്കലും അദ്ദേഹം എന്നോടത് ആവശ്യപ്പെട്ടിട്ടില്ല എന്നു പ്രത്യേകം പറയട്ടെ.’ യേശുദാസ് പറയുന്നു.
‘യേശുദാസിന്റെ ശബ്ദം കൊളളില്ല’
താമസം ശരിയായെങ്കിലും ഭക്ഷണത്തിനു കാശില്ല. ആ സമയത്താണ് പ്രതീക്ഷ നല്‍കുന്ന ആ വാര്‍ത്ത കാതില്‍ പതിക്കുന്നത്. ആകാശവാണി തിരുവനന്തപുരം നിലയം ലളിത സംഗീതത്തിന്റെ ഓഡിഷന്‍ നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകാശവാണിയില്‍ ഗാനങ്ങള്‍ പാടാന്‍ അവസരം ലഭിക്കും. ഒരു പാട്ടിന് 30 രൂപ വരെ ലഭിക്കും. 30 രൂപ യേശുദാസിന് വളരെ വളരെ വലുതാണ്. മാസത്തില്‍ ഒരു പാട്ടെങ്കിലും കിട്ടിയാല്‍ പിടിച്ചു നില്‍ക്കാം.
പ്രതീക്ഷയോടെ അപേക്ഷ അയച്ചു. ഓഡിഷന് വിളിച്ചുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നി
ല്‍ക്കുമ്പോള്‍ ഈശ്വരനായി കൊണ്ടുവന്നുതന്ന ഒരു വലിയ അവസരമാണ്. ദാസ് മനസ്സറിഞ്ഞുതന്നെ പാടി.
ഏതാനും ദിവസം കഴിഞ്ഞ് ആകാശവാണിയില്‍നിന്ന് അറിയിപ്പെത്തി. ‘താങ്കളുടെ ശബ്ദം പാട്ടിനു കൊള്ളില്ല.’! വലിയൊരു മുറിവാണ് യേശുദാസിന്റെ ഹൃദയത്തില്‍ ഇതു സൃഷ്ടിച്ചത്. അതികഠിനമായി താന്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. ശബ്ദം കൊള്ളില്ലാഞ്ഞിട്ടോ പാട്ട് നന്നാകാഞ്ഞിട്ടോ അല്ല താന്‍ ഒഴിവാക്കപ്പെട്ടതെന്ന് അദ്ദേഹത്തിനു നൂറുശതമാനം ഉറപ്പായിരുന്നു. തളരരുത്, കൂടുതല്‍ പഠിക്കാനും തെളിയിക്കാനുമുള്ള പ്രചോദനമാണ് ഈ അവഹേളനം എന്ന് മനസ്സില്‍ ആഴത്തിലുറപ്പിച്ചു.
വഴിയില്‍ ഇരുള്‍ മൂടുന്നു
വീട്ടില്‍നിന്ന് കത്തുവന്നു, പിതാവിനു രോഗം രൂക്ഷമായിരിക്കുന്നു. പണമയക്കാന്‍ ഒരു മാര്‍ഗവുമില്ല. ഈ നാളുകളില്‍ ദാസിന് കടുത്ത പനി ബാധിച്ചു. പരിശോധനയില്‍ ചിക്കന്‍ പോക്സ് ആണെന്നു മനസ്സിലായി.
വീട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. യേശുദാസ് തന്റെ പെട്ടിയും സാമഗ്രികളും എടുത്തു. കൊച്ചിയിലേക്കു ടിക്കറ്റ് എടുത്ത് എറണാകുളം എക്സ്പ്രസില്‍ ഇരിക്കുമ്പോള്‍ ദാസിനു തോന്നി, ഇനിയൊരു തിരിച്ചുവരവില്ലെന്ന്, താന്‍ ഒരുപാട് ആഗ്രഹിച്ച ഉപരിപഠനം ഇതാ പാതിവഴിയില്‍ അവസാനിക്കുകയാണ്.
പിതാവും പുത്രനും രോഗബാധിതര്‍ ആയിരുന്നെങ്കിലും പരസ്പര സാന്നിധ്യം ഇരുവര്‍ക്കും ആശ്വാസമായി.
പ്രതിസന്ധിയിലായ കലാകാരന്മാര്‍ക്ക് സംഗീതനാടക അക്കാദമി സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നൊരു വാര്‍ത്ത പത്രത്തില്‍ കണ്ട് അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ അവര്‍ക്ക് ഒരു കത്തെഴുതി. മകന്റെ പ്രതിസന്ധിയിലായ ഉപരിപഠനം തുടരാന്‍ സഹായിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ഗാനഭൂഷണം കോഴ്സിനു ഡബിള്‍ പ്രമോഷന്‍ കിട്ടിയതും ഒന്നാം റാങ്ക് കിട്ടിയതും മകന്റെ സംഗീതജ്ഞാനത്തിന്റെ ഉന്നത നിലയുമൊക്കെ കത്തില്‍ വിശദീകരിച്ചിരുന്നു. ആ കത്തിന് ഇന്നോളം മറുപടി ലഭിച്ചിട്ടില്ല.
ഭാഗവതര്‍ ഭാഗ്യവാനാണ്
തിരുവനന്തപുരത്തുനിന്നു വീട്ടിലെത്തി രണ്ടാഴ്ച തികയുന്ന ദിവസം വീട്ടിലൊരു ടെലിഗ്രാം കിട്ടി. അടുത്ത ദിവസം പീച്ചി ഗസ്റ്റ് ഹൗസിലെത്തി സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസിനെ കാണാനായിരുന്നു ആ ടെലിഗ്രാമിന്റെ ഉള്ളടക്കം.
ഭാഗവതര്‍ വല്ലായ്മകളെ ആട്ടിയെറിഞ്ഞു, ഉന്മേഷം ആര്‍ജിച്ചു. ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ അവന്‍ ഒറ്റയ്‌ക്കായിക്കുട. ഇവിടെ പതറരുത്. അദ്ദേഹം ദാസപ്പനെ അടുത്തു വിളിച്ചു പറഞ്ഞു. ‘ഞാനും വരുന്നു നിന്റെ കൂടെ പീച്ചിയിലേക്ക്.’
‘അപ്പച്ചന്‍ കൂടെ വന്നെങ്കിലും ഒരു ശുപാര്‍ശയും നടത്തിയില്ല. അദ്ദേഹത്തിനു പരിചയമുള്ളവരൊക്കെ അവിടെ ഉണ്ടായിരുന്നു.’ ദാസ് ഓര്‍മിക്കുന്നു. ഒരു പാട്ടു പാടാന്‍ എം.ബി ശ്രീനിവാസ് ആവശ്യപ്പെട്ടു.
അപ്പച്ചന്റെതന്നെ നാടകത്തിലെ
‘കൂരിരുള്‍ തിങ്ങിയ ജീവിതത്തില്‍
ഏകനായ് തീര്‍ന്നു ഞാനീവിധത്തില്‍’
എന്ന ഗാനം പാടി.
‘കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത് ഒരു കീര്‍ത്തനം പാടൂ.’
ത്യാഗരാജ സ്വാമികള്‍ രചിച്ച ബഹുദാരി രാഗത്തിലുള്ള ‘ബ്രോവ ഭാരമാ രഘുരാമ’ എന്ന ക!ൃതി പാടി.
‘ഇനി ഒരു ഹിന്ദി പാടൂ…’
ദാസ് പാടി
‘പ്യാര്‍ കി രഹേന്‍’ സിനിമയില്‍ പ്രേം ധവാന്‍ എഴുതി കനു ഘോഷ് സംഗീതം നല്‍കിയ ‘ദോ റോസ് മേ വോ പ്യാര്‍…’
കഴിഞ്ഞപ്പോള്‍ അദ്ദേഹം ദാസിനെ ആശ്ലേഷിച്ചിട്ട് അഗസ്റ്റിന്‍ ജോസഫിനോടു പറഞ്ഞു. ‘ഭാഗവതര്‍ താങ്കള്‍ ഭാഗ്യവാനാണ്.’
വരൂ റിക്കോര്‍ഡിങ്ങിന്
മൂന്നാലു മാസം കഴിഞ്ഞാണ് റിക്കോര്‍ഡിങ്ങിനുള്ള അറിയിപ്പു വരുന്നത്. അപ്പോള്‍ യേശുദാസ് പനിക്കിടക്കയിലാണ്.
അമ്മച്ചി തന്ന നാലു രൂപയും കുടുംബസുഹൃത്ത് ടാക്സി ഡ്രൈവര്‍ കരുവേലിപ്പടിക്കല്‍ മത്തായി ഒരു വര്‍ക്ഷോപ്പില്‍നിന്ന് കടംവാങ്ങിക്കൊടുത്ത 30 രൂപയമായി ചെന്നൈക്കു പുറപ്പെട്ടു.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ ദാസിനെ സ്വീകരിക്കാന്‍ നിര്‍മാണക്കമ്പനിയുടെ പ്രതിനിധികള്‍ എത്തിയിരുന്നു. റോയപ്പേട്ട ഹൈറോഡിലെ അജന്ത ഹോട്ടലില്‍ പോയി നിര്‍മാതാവിനെയും സംവിധായകനെയും ദാസ് കണ്ടു. ‘രണ്ട് മാസമെങ്കിലുമെടുക്കും റിക്കോര്‍ഡിങ്ങിന്. ഇവിടെ വന്നുകൊണ്ടിരിക്കണം. പരിശീലനവും മുറയ്‌ക്ക് നടത്തണം.’ ദാസ് ചെന്നൈയിലെ ബന്ധുവിന്റെ വീട്ടിലേക്ക് മടങ്ങി. തന്റെ ദാരിദ്ര്യത്തിന്റെ തീവ്രത അദ്ദേഹം ആരോടും പറഞ്ഞില്ല. പലപ്പോഴും പൈപ്പുവെള്ളമായിരുന്നു ഭക്ഷണം. പനി ടൈഫോയ്ഡായി മാറി. രണ്ടാഴ്ച കടുത്ത പനി.
പുതുമുഖ ഗായകനെ രോഗം ബാധിച്ചത് അണിയറ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. ‘ആ കുട്ടിയെ വിളിച്ചുവരുത്തിയിട്ട് പാടിക്കാതെ ഒഴിവാക്കരുത്’ നിര്‍മാതാവ് രാമന്‍ നമ്പിയത്ത് നിലപാട് അറിയിച്ചു.
എന്തായാലും ആദ്യം നിശ്ചയിച്ച സോളോ വേണ്ട. അതിനുള്ള ശാരീരിക സ്ഥിതിയിലല്ല കുട്ടി. അതു കെ.പി. ഉദയഭാനുവിന് കൊടുത്തിട്ട് ശ്രീനാരായണ ഗുരുവിന്റെ നാലു വരി ശ്ലോകം കുട്ടിക്കു കൊടുക്കാം എന്ന ധാരണയിലെത്തി അവര്‍.
1961 നവംബര്‍ 14. ഭരണി സ്റ്റുഡിയോ. ആദ്യം ഉദയഭാനുവിന്റെ രണ്ട് ഗാനം റിക്കോര്‍ഡ് ചെയ്തു. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ യേശുദാസിനെ വിളിച്ചു. മൈക്രോഫോണും ഹെഡ്ഫോണുമൊക്കെ ആദ്യമായി കാണുകയും ഉപയോഗിക്കുകയാണ്. പരിഭ്രമമുണ്ട്. ഒന്നു രണ്ടു റിഹേഴ്സല്‍ കഴിഞ്ഞു.
സംഗീതസംവിധായകന്‍ എം.ബി. ശ്രീനിവാസ് പറഞ്ഞു. ‘കൊള്ളാം. ഇനി ഫൈനല്‍ റിഹേഴ്സല്‍. അതു കഴിഞ്ഞ് ടേക്ക് എടുക്കാം. പാടിക്കൊള്ളൂ.’ കാട്ടാശ്ശരി ജോസഫ് യേശുദാസ് പാടി.
‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.’
ഫൈനല്‍ റിഹേഴ്സല്‍ ഭംഗിയായി കഴിഞ്ഞു. അതു കഴിഞ്ഞ് ടേക്കിനായി കാത്തു നിന്ന ദാസിനോട് അദ്ദേഹം പറഞ്ഞു. ‘പുറത്തേക്കു പോരൂ…’ എന്തു സംഭവിച്ചു എന്ന് അമ്പരന്നുപോയ ദാസിനോട് എംബിഎസ് പറഞ്ഞു.
‘റിക്കോര്‍ഡിങ് കഴിഞ്ഞു.’ ഫൈനല്‍ റിഹേഴ്സല്‍ എന്നു പറഞ്ഞ് എടുത്തത് ടേക്ക് തന്നെയായിരുന്നു. ടേക്ക് ആണ് എന്നു പറഞ്ഞാല്‍ പുതിയ ഗായകര്‍ക്ക് ഉണ്ടാകാവുന്ന സംഭ്രമം ഒഴിവാക്കാനായി ഒപ്പിച്ച ഒരു കൗശലമായിരുന്നു അത്. ദാസിന്റെ മുഖത്ത് പരിഭ്രമം മാറി പുഞ്ചിരി വിരിഞ്ഞു.
പത്തു വര്‍ഷം കഴിഞ്ഞു പറയാം
‘പുതിയ ഗായകന്റെ പാട്ട് നമുക്കൊന്നു കേട്ടു നോക്കാം.’ എംബിഎസ് പറഞ്ഞു. സ്റ്റുഡിയോയിലെ സ്പീക്കറിലൂടെ ആ സ്വരം ഒഴുകിവന്നു. എല്ലാവരും ആകാംക്ഷയോടെ റിക്കോര്‍ഡിസ്റ്റ് കോടീശ്വര റാവുവിനോട് ചോദിച്ചു ‘എങ്ങനെയുണ്ട?്’
അദ്ദേഹത്തിന്റേതാണ് അന്തിമ അഭിപ്രായം. ഒരു ഗായകന്റെ വിധി എഴുതുന്ന മുഹൂര്‍ത്തമാണ്. ‘ഒരു പത്തു വര്‍ഷം കഴിഞ്ഞു പറയാം’ റാവു പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷമായി. കുറഞ്ഞത് പത്തുവര്‍ഷത്തേക്ക് മലയാള സിനിമയില്‍ ഈ ശബ്ദം ഉടവുതട്ടാതെ നിലനില്‍ക്കും എന്നാണ് കോടീശ്വര റാവു ഉദ്ദേശിച്ചത്. മലയാള ചലച്ചിത്രഗാന ചരിത്രത്തില്‍ സ്വന്തം പേരു കുറിച്ച് കെ.ജെ. യേശുദാസ് നാട്ടിലേക്കു വണ്ടികയറി.
ആദ്യ ചതിയും അഭയദേവിന്റെ കരുതലും
അധികം വൈകാതെ യേശുദാസിന് ടെലിഗ്രാം എത്തി, ചെന്നൈയില്‍ എത്തുവാന്‍. ഭാനു ഫിലിംസ് തെലുങ്കില്‍ നിര്‍മിച്ച ‘ശാന്തിനിവാസ്’ മലയാളത്തിലേക്കു മൊഴിമാറ്റുന്നു, അതിനു പാടണം. ആദ്യ സിനിമയ്‌ക്കു പ്രതിഫലമൊന്നും കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കയ്യില്‍ കാശൊന്നുമില്ല. ഒരുവിധം വണ്ടിക്കൂലി സംഘടിപ്പിച്ചു യാത്രതിരിച്ചു. ചെന്നൈയിലെത്തി ബന്ധുവീട്ടില്‍ തങ്ങി.
ഏതു രംഗത്തെക്കാള്‍ ചതിയുടെ വിളയാട്ടം സിനിമയില്‍ അധികമാണ്. കരിയറിന്റെ വളരെ തുടക്കത്തില്‍, രണ്ടാമത്തെ സിനിമയില്‍ത്തന്നെ യേശുദാസിന് ചതിപ്രയോഗത്തിനു വിധേയനാവേണ്ടി വന്നു. തെലുങ്കു ചിത്രത്തിന്റെ ഡബ്ബിങ് പാട്ടുകളുടെയും സംഭാഷണത്തിന്റെയും ചുമതല അഗസ്റ്റിന്‍ ജോസഫിന്റെ ചങ്ങാതി അഭയദേവിനായിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശയിലാണ് യേശുദാസിനെ പാടാന്‍ വിളിച്ചത്. ഇത് സംഗീതസംവിധായകനും മറ്റും അത്ര പിടിച്ചില്ല. അവരുടെ മനസ്സില്‍ മറ്റൊരു ഗായകനാണ് ഉണ്ടായിരുന്നത്. അരുണാചലം സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിങ്. തെലുങ്കില്‍ ഘണ്ടശാല പാടിയ പാട്ടാണ് ദാസിനു നല്‍കിയത്.
സംഗീതസംവിധായകനും റിക്കോര്‍ഡിസ്റ്റ് ജീവയും ചേര്‍ന്ന് ഒരു ചതി മെനഞ്ഞു. അതേപ്പറ്റി യേശുദാസ് പറയുന്നതിങ്ങനെ: ‘എന്റെ നെഞ്ചുലച്ച സംഭവമായിരുന്നു അത്. ഇബ്രാഹിം എന്നൊരാളായിരുന്നു സംഗീതസംവിധായകന്‍. അഭയദേവ് സാറിന്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ പാടാനെത്തിയത്. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല എന്ന് പെരുമാറ്റത്തില്‍നിന്നു മനസ്സിലായി. ഞാന്‍ നന്നായി പാടാതിരിക്കാനുള്ള നടപടികളാണ് അദ്ദേഹം ചെയ്തത്. പാട്ട് മോശമായതുകൊണ്ട് ഒഴിവാക്കി എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇബ്രാഹിമിന്റെ മനസ്സിലിരുപ്പ് അനുസരിച്ചാണ് സൗണ്ട് എന്‍ജിനിയര്‍ ജീവസാര്‍ എന്നോടു പെരുമാറിയത്. തെറ്റായ നിര്‍ദേശങ്ങള്‍ അദ്ദേഹം തന്നു. ഞാന്‍ മൈക്രോഫോണിന് അടുത്തു നില്‍ക്കുമ്പോള്‍ അകന്നു നില്‍ക്കാന്‍ പറയും. അകന്നു നിന്നു പാടുമ്പോള്‍ അടുത്തു നില്‍ക്കാന്‍ പറയും. പാട്ട് മോശമായിക്കൊണ്ടിരുന്നു. ആ നിമിഷങ്ങളില്‍ അനുഭവിച്ച സങ്കടം എങ്ങനെ വിവരിക്കാന്‍ കഴിയും? എന്തിനെന്നോട് ഇങ്ങനെ ചെയ്യുന്നു എന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഞാന്‍ അവരോട് എന്തു തെറ്റു ചെയ്തു. എനിക്കു നന്നായി പാടാനേ കഴിയുന്നില്ല. അതുതന്നെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നതും. ആ നിമിഷത്തിലാണ് അഭയദേവ് സാര്‍ സ്റ്റുഡിയോയിലേക്ക് കയറി വരുന്നത്. ഞാന്‍ നന്നായി പാടുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞു. ഞാന്‍ ഒരുവാക്കുപോലും പറഞ്ഞില്ലെങ്കിലും സാറിന് ‘കളി’ മനസ്സിലായി. ‘ഈ പാട്ട് ഈ കുഞ്ഞുതന്നെ പാടും, മറ്റാരും പാടാന്‍ പോകുന്നില്ല, അയാള്‍ക്ക് നല്ല പ്രാക്ടീസ് കൊടുത്തു പാടിക്കുക.’ സാറ് കര്‍ശനമായി പറഞ്ഞു.
പ്രശ്നം അതോടെ തീര്‍ന്നു. എനിക്കു നന്നായി പാടാന്‍ കഴിഞ്ഞു. പിന്നീടൊരിക്കലും ഒരു മ്യൂസിക് ഡയറക്ടറില്‍നിന്നും എനിക്ക് ഇമ്മാതിരി ഒരു ദുരനുഭവം ഉണ്ടായിട്ടില്ല.
ദൈവാനുഗ്രഹത്താല്‍ എനിക്കു പിന്നീട് അതേ അരുണാചലം സ്റ്റുഡിയോ വാങ്ങാന്‍ കഴിഞ്ഞു. ഞാന്‍ പക്ഷേ, പ്രതികാരത്തിന്റെ വഴി സ്വീകരിച്ചില്ല. എന്നെ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ച ജീവസാറിനെത്തന്നെ ഞാന്‍ അവിടെ സൗണ്ട് എന്‍ജിനിയറായി നിയമിച്ചു.’
‘ശാന്തി നിവാസി’ലാണ് യേശുദാസിന് സിനിമയില്‍നിന്ന് ആദ്യപ്രതിഫലം ലഭിക്കുന്നത്.
അല്ലിയാമ്പല്‍ കടവില്‍
മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലാണ് ‘റോസി’ എന്ന ചിത്രം. മണിസ്വാമി (കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്) നിര്‍മിച്ച് പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ചിത്രം. പി. ഭാസ്‌കരന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ.വി. ജോബ്.
അന്നോളം മലയാളം കേള്‍ക്കാത്ത തരത്തിലുള്ള ഹൃദയഹാരിയായ സംഗീതമാണ് റോസി എന്ന ചിത്രത്തിലെ ‘അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം…’ എന്ന പ്രണയഗാനത്തിന് ജോബ് ഒരുക്കിയത്. വളരെ ഫ്രഷ് ആയ ഈണം. കെ.പി. ഉദയഭാനുവിനെയാണ് പാടാന്‍ നിശ്ചയിച്ചിരുന്നത്. ആ ദിവസങ്ങളില്‍ അദ്ദേഹം പനിബാധിതനായിരുന്നു. പനി കുറഞ്ഞ ഇടവേളയില്‍ അദ്ദേഹം സ്റ്റുഡിയോയില്‍ എത്തി.
എവിഎമ്മിലായിരുന്നു റിക്കോര്‍ഡിങ്. പല തവണ ശ്രമിച്ചിട്ടും ഉദയഭാനുവിന് പാടാന്‍ കഴിഞ്ഞില്ല. പനിയുടെ ക്ഷീണം അദ്ദേഹത്തിന്റെ ആലാപനക്ഷമതയെ ബാധിച്ചിരുന്നു. സമയം ഉച്ചകഴിഞ്ഞു. പിറ്റേന്ന് ഈ ഗാനരംഗത്തിന്റെ ഷൂട്ടിങ് ഉള്ളതാണ്. അണിയറ പ്രവര്‍ത്തകര്‍ പരിഭ്രാന്തരായി.
യേശുദാസിന് അന്നു രാവിലെ എവിഎമ്മില്‍ റിക്കോര്‍ഡിങ് ഉണ്ടായിരുന്നു. ഇതേ സിനിമയിലെ ‘വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി…’ എന്ന ഗാനം. അതിന്റെ പ്രതിഫലം വൈകുന്നേരം തരാമെന്ന് അറിയിച്ചിരുന്നതുകൊണ്ട് അദ്ദഹം ആ കൊമ്പൗണ്ടില്‍ കുറെ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.
കളി മൂത്തു വരുമ്പോഴാണ് ഒരാള്‍ വന്നു പറയുന്നത്. ‘താങ്കളെ സ്റ്റുഡിയോയില്‍ അന്വേഷിക്കുന്നു.’ പണം റെഡിയായല്ലോ, വാങ്ങി താമസസ്ഥലത്തേക്കു പോകാം എന്ന സന്തോഷത്തോടെ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് ചെന്നപ്പോള്‍ കാണുന്നത് പരവശനായി നില്‍ക്കുന്ന നിര്‍മാതാവ് മണിസ്വാമിയെയാണ്. ‘ദാസ് വലിയൊരു സഹായം ചെയ്യണം. ഉദയഭാനുവിന് പാടാന്‍ കഴിയുന്നില്ല. ആ പാട്ട് ദാസൊന്നു പാടിത്തരണം.’ മണി സ്വാമി പറഞ്ഞു.
ദാസ് പറഞ്ഞു. ‘ബുദ്ധിമുട്ടുണ്ട്, എനിക്കു പറഞ്ഞുവച്ച ഒരു പാട്ട്, മറ്റൊരാളെക്കൊണ്ട് പാടിച്ചാല്‍ എനിക്ക് എത്ര വിഷമമാകുമെന്നറിയുമോ?. ഭാനുച്ചേട്ടന്റെ പാട്ട് വേറൊരാള്‍ പാടുന്നതു ശരിയല്ല.’
ദാസ് സമ്മതിക്കാതെ വന്നതോടെ സംഗീതസംവിധായകനും നിര്‍മാതാവുമൊക്കെ അങ്കലാപ്പിലായി. കെ.പി. ഉദയഭാനുതന്നെ ദാസിനടുത്തെത്തി പറഞ്ഞു. ‘അവരെ ഒന്നു സഹായിക്കൂ. അല്ലെങ്കില്‍ ഷൂട്ടിങ് കാന്‍സലായിപ്പോകും. എത്രവലിയ നഷ്ടമാവും അത്. എനിക്കു സുഖമില്ല, ആ ട്യൂണ്‍ പാടാന്‍ പറ്റുന്നില്ല. ഞാന്‍തന്നെയാണ് ദാസിനെ വിളിപ്പിക്കാന്‍ പറഞ്ഞത്.’
ജ്യേഷ്ഠതുല്യനായ ഉദയഭാനു നേരിട്ട് ആവശ്യപ്പെട്ടതോടെ ദാസിന് എതിരു പറയാനായില്ല. അദ്ദേഹം പാടി
‘അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം
അന്നു നമ്മളൊന്നായി തുഴഞ്ഞില്ലേ
കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ
കരിക്കിന്‍വെള്ളം’
മലയാള സിനിമാചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന പ്രണയഗാനമായി മാറി ഇത്.
രണ്ടാമനോ മൂന്നാമനോ ഇല്ലാത്ത
1965ലാണ് ‘അല്ലിയാമ്പല്‍ കടവില്‍…’ ഇറങ്ങിയത്. തൊട്ടു തലേ വര്‍ഷം ‘ഭാര്‍ഗവീനിലയം’ ഇറങ്ങിയിരുന്നു. അതില്‍ പി. ഭാസ്‌കരന്റെ വരികള്‍ക്ക് ബാബുരാജ് സംഗീതം നല്കിയ ‘താമസമെന്തേ വരുവാന്‍…’ എന്ന ഗാനം ഹിറ്റായിരുന്നു. നല്ല ഗായകന്‍ എന്നതില്‍നിന്ന് ക്ലാസിക് ഗായകന്‍ എന്ന തലത്തിലേക്ക് ദാസിന് ഉയര്‍ച്ച നല്‍കാന്‍ ‘താമസമെന്തേ വരുവാന്‍…’ ഉപകരിച്ചിരുന്നു. ആ പശ്ചാത്തലത്തിലേക്ക് ‘അല്ലിയാമ്പല്‍ കടവ്’ കൂടി എത്തിയതോടെ യേശുദാസ് മറ്റാരും കടന്നുചെന്നിട്ടില്ലാത്തത്ര ഔന്നത്യമുള്ള പാട്ടുകാരനായി. ഇതെല്ലാം ഹിറ്റായി നില്‍ക്കുമ്പോഴാണ് 1965ല്‍ ‘കാട്ടുപൂക്കള്‍’ സിനിമയില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് ദേവരാജന്‍ ഈണം നല്‍കിയ ‘മാണിക്യവീണയുമായെന്‍…’ എന്ന ഗാനവും മലയാളികളുടെ ഭാവനയ്‌ക്കു ചിറകു നല്കിയത്. യേശുദാസ് ശരിക്കുമൊരു തരംഗമായി.
താമസമെന്തേയും അല്ലിയാമ്പലും മാണിക്യവീണയും… മൂന്ന് സൂപ്പര്‍ ഹിറ്റ്. ആസ്വാദകഹൃദയത്തില്‍ യേശുദാസിന് അനന്യമായ സ്ഥാനം നേടിക്കൊടുത്തു. ശബ്ദമാധുര്യം, ഉച്ചാരണസ്ഫുടത, ആലാപനവൈദഗ്ധ്യം, ഭാവപ്പകര്‍ച്ച തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ മലയാളം പാട്ടുകാരനെ കേരളം ആദ്യമായി അനുഭവിക്കുകയായിരുന്നു.
ജനസമ്മതി, സംഗീതജ്ഞരുടെ പ്രശംസ എന്നിവയ്‌ക്കൊപ്പം ദാസിന്റെ വാണിജ്യമൂല്യവും കുതിച്ചുയര്‍ന്നു.
മലയാളഗായകര്‍ക്കിടയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കു ദാസ് ആദ്യ ചുവടു വച്ചത് 1965ലാണ്. ഇന്നോളം ആ പദവിയില്‍ മറ്റൊരാള്‍ എത്തിയിട്ടില്ല, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എത്താന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അത്രമാത്രം കഠിനാധ്വാനം ചെയ്താണ് ആ പദവി യേശുദാസ് നിലനിര്‍ത്തിപ്പോന്നത്. രണ്ടാമനോ മൂന്നാമനോ ഇല്ലാത്ത വിധം ഒന്നാം സ്ഥാനം അദ്ദേഹം അലങ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: