ബീജിംഗ്: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കൂടുതല്‍ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു. ചൈന സന്ദര്‍ശനത്തിനിടെയാണ് മൊയ്സുവിന്റെ അഭ്യര്‍ഥന.
കൊവിഡിന് മുമ്പ് ചൈനയില്‍ നിന്നാണ് മാലദ്വീപിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയിരുന്നതെന്നും മൊഹമ്മദ് മൊയ്സു ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിയുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തിലാണ് മൊഹമ്മദ് മൊയ്സു ചൈനയോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ചൈനയില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനം നടത്തുകയാണ് മൊഹമ്മദ് മൊയ്സു . ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. മാലദ്വീപില്‍ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷദ്വീപ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മൂന്ന് ഉപമന്ത്രിമാരെ പുറത്താക്കി. ലക്ഷദ്വീപ് ശ്രദ്ധ നേടിയാല്‍ മാലദ്വീപിലെ വിനോദ സഞ്ചാര മേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.
മാല ദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023ല്‍ ഇന്ത്യയില്‍ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: