ലഖ്നൗ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിദേശത്തു നിന്ന് അനധികൃതമായി 58 കോടി കൈപ്പറ്റുകയും ചെയ്ത പശ്ചിമബംഗാള്‍ സ്വദേശി അബു സലേ മണ്ഡലിനെ (50) ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റു ചെയ്തു. യുപി പോലീസ് ഇയാളുടെ തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്നു.
ലഖ്നൗ മനക്നഗറില് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡിജിപി പ്രശാന്ത്കുമാര്‍ പറഞ്ഞു. രണ്ട് ട്രസ്റ്റുകളുടെ പേരില്‍ 58 കോടി രൂപയുടെ വിദേശ ഫണ്ടാണ് ഇയാള്‍ നേടിയെടുത്തത്. പണം മുഴുവന്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്.
ബംഗാളിലെ 28 പര്‍ഗാന സ്വദേശിയായ അബു സലേ മണ്ഡല് യുപി ദേവബന്ദിലെ ദാറുല്‍ ഉലൂം മദ്രസയിലാണ് പഠിച്ചത്. ഹരോവ അല്‍ ജംഇയ്യത്തുല്‍ ഇസ്ലാമിയ ദാറുല്‍ ഉലൂം മദ്രസ, കബീര്‍ ബാഗ് മില്ലത്ത് അക്കാദമി എന്നീ രണ്ട് സംഘടനകള്‍ ആരംഭിച്ചാണ് ഫണ്ട് എത്തിച്ചത്. 2018 നും 2022 നുമിടയില്‍, രണ്ട് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് 58 കോടി രൂപ വിദേശത്ത് നിന്ന് എത്തിയതായി അന്വേഷണ ഏജന്‍സി കണ്ടെത്തി. ലണ്ടനിലെ ഉമ്മ വെല്‍ഫെയര്‍ ട്രസ്റ്റാണ് പണം നല്‍കിയത്.
തീവ്രവാദ ഫണ്ടിങ്ങില്‍ പങ്കാളിയായതിനാല്‍ ഉമ്മ വെല്‍ഫെയര്‍ ട്രസ്റ്റിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വ്യാജ ബില്ലിങ് വഴിയാണ് വിദേശ ഫണ്ട് പണമാക്കി മാറ്റിയത്. ഇതിനായി ഗാസി ഫുഡ്സ് സപ്ലൈ, ഗാസി മെഷിനറി എന്നീ പേരുകളില്‍ വ്യാജ കമ്പനികള്‍ ഉണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: