കൊച്ചി : മോട്ടോര്‍ വാഹന വകുപ്പിന്റെ തുടര്‍ച്ചയായ നടപടികളില്‍ സര്‍വീസ് നടത്താനാവുന്നില്ലെന്ന് ആരോപണവുമായി വീണ്ടും റോബിന് ബസ് ഉടമ. പരിശോധനകളും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ല, കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി വാഹന ഉടമ കെ. കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സര്‍വീസ് നടത്താന്‍ ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് പിന്നേയും ദ്രോഹിക്കുകയാണ്. തുടര്‍ച്ചയായുള്ള പരിശോധനകളും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ല, ഈ കോടതിയലക്ഷ്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്്. ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ബെഞ്ചാണ് പരിഗണിക്കുന്ന ഹര്‍ജിയില്‍ ഗതാഗത വകുപ്പ് സെക്രട്ടറിയോട് സത്യവാങ്മൂലം നല്കാന് ആവശ്യപ്പെട്ടു. ഹര്‍ജി ജനുവരി 22ന് വീണ്ടും പരിഗണിത്തും.
പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന് ബസിന് മോട്ടോര്‍ വാഹന വകുപ്പു പലതവണ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോണ്‍ട്രാക്ട് കാരേജ് ലൈസന്‍സുള്ള റോബിന് ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടിയെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: