പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലക്ഷദ്വീപ് സന്ദര്ശനത്തിനെതിരെ അനാവശ്യ പ്രസ്താവന നടത്തിയ മാലദ്വീപ് മണിക്കൂറുകള്ക്കുള്ളില് അതിന്റെ ചൂടറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി മോദിയെ തരംതാണ ഭാഷയില് വിമര്ശിച്ച മാലദ്വീപിന്റെ മൂന്ന് മന്ത്രിമാര്ക്കാണ് സ്ഥാനം പോയത്. ഇത്തരം പ്രസ്താവനകള് നടത്തുന്ന ആര്ക്കെതിരെയും കര്ശനമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അവിടത്തെ ഭരണകൂടം നല്കിയിരിക്കുകയാണ്. നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്ശിച്ചത് വലിയ വാര്ത്താപ്രാധാന്യം നേടിയിരുന്നു. മോദി ലക്ഷദ്വീപിലെ കടല്ത്തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങള് പുറത്തുവന്നതോടെ നിരവധിയാളുകളാണ് തങ്ങളുടെ ആഭിമുഖ്യം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില് പ്രതികരിച്ചത്. വിനോദസഞ്ചാരികളുടെ ശ്രദ്ധയാകര്ഷിക്കാന് കഴിഞ്ഞത് ലക്ഷദ്വീപിന് വലിയ നേട്ടമാകുമെന്നും, മാലദ്വീപിന് തിരിച്ചടിയാകുമെന്നും പറഞ്ഞാണ് മന്ത്രിമാര് നിരുത്തരവാദപരമായ പ്രസ്താവനകളുമായി രംഗത്തുവന്നത്. എന്നാല് ഭാരതം ഔദ്യോഗികമായി ഒരു വാക്കുപോലും പ്രതികരിക്കാതെതന്നെ മന്ത്രിമാര്ക്കെതിരെ മാലദ്വീപ് കര്ശന നടപടികളെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയെയും ലക്ഷദ്വീപിനെയും പിന്തുണച്ചും മാലദ്വീപിലെ ഭരണസംവിധാനത്തെ വിമര്ശിച്ചും ബോളിവുഡിലെയും ക്രിക്കറ്റിലെയും നിരവധി താരങ്ങള് രംഗത്തുവരികയുണ്ടായി. പ്രതീക്ഷിച്ചതില്നിന്ന് വിരുദ്ധമായി വലിയ തിരിച്ചടിയാണ് മാലദ്വീപിനുണ്ടായത്. വിനോദസഞ്ചാര മേഖലയിലെ വരുമാനംകൊണ്ട് കഴിഞ്ഞുകൂടുന്ന ആ രാജ്യത്തിന് വലിയ നഷ്ടമാണ് ഉണ്ടാവാന് പോകുന്നത്. വിവാദമുണ്ടായതിനെത്തുടര്ന്ന് ആയിരക്കണക്കിനാളുകള് അവിടേക്കുള്ള യാത്ര വേണ്ടെന്നുവച്ചു.
ഭാരതത്തിന്റെ ഭാഗമായ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്ശിക്കുന്നതില് ആര്ക്കും ആക്ഷേപമുണ്ടാവേണ്ട കാര്യമില്ല. ഇതിനെ വിമര്ശിച്ചത് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായേ കാണാനാവൂ. യഥാര്ത്ഥത്തില് ഇതാണ് പ്രശ്നവും. ഭാരതത്തിന് അനുകൂലമായിരുന്ന മാലദ്വീപിലെ ഭരണകൂടത്തിന് അടുത്തിടെ മാറ്റം വന്നിരുന്നു. ഇപ്പോഴത്തെ സര്ക്കാരിന് ചൈനയോടാണ് ചായ്വ്. ഭാരതം പുതുതായി ആര്ജിച്ച കരുത്തില് അയല്രാജ്യങ്ങളും സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ഭൂട്ടാന്, നേപ്പാള്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില് പഴയതുപോലെ ചൈനയുടെ കളികള് നടക്കുന്നില്ല. കമ്യൂണിസ്റ്റ് ചൈനയെ ഒരു അധിനിവേശ ശക്തിയായാണ് ഈ രാഷ്ട്രങ്ങള് കാണുന്നത്. ചൈനയുടെ ഭാരതവിരുദ്ധ നീക്കങ്ങള്ക്കെതിരെ തീരുമാനമെടുക്കാനുള്ള ധൈര്യം ഈ രാജ്യങ്ങള് ആര്ജിച്ചിരിക്കുന്നു. ചൈനയുടെ ചാരക്കപ്പലിന് ശ്രീലങ്കന് തുറമുഖത്ത് അടുക്കാന് അനുമതി നിഷേധിച്ചത് ഇതിന് തെളിവാണ്. സാഹചര്യത്തിലുണ്ടായ ഈ മാറ്റം ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ഭാരതത്തിന്റെ ജി-20 നേതൃത്വവും ഗ്ലോബല് സൗത്ത് എന്ന ആശയവും ചൈനയുടെ സാമ്രാജ്യത്വ മോഹങ്ങള്ക്ക് എതിരാണ്. ചൈനയുടെ ബെല്റ്റ് ആന്ഡ് റോഡ് പദ്ധതിയില്നിന്ന് പല രാജ്യങ്ങളും പിന്മാറിയതിനു പിന്നിലും ഭാരതത്തിന്റെ കയ്യുണ്ടെന്നാണ് ചൈന കരുതുന്നത്. പാക്കിസ്ഥാന് മാത്രമാണ് ഇപ്പോള് ചൈനയുടെ ഒരേയൊരു കൂട്ടാൡ ആ രാജ്യമാണെങ്കില് തകര്ച്ചയുടെ വക്കിലാണ്.
പ്രശ്നത്തില് ഇനി എങ്ങനെയൊക്കെയാണ് ഭാരതം പ്രതികരിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മാലദ്വീപിന്റെ ന്യൂദല്ഹിയിലെ പ്രതിനിധിയെ വിളിച്ചുവരുത്തിയിട്ടുണ്ട്. ചൈനയുടെ വാക്കുകേട്ട് എന്തെങ്കിലുമൊക്കെ കുതന്ത്രങ്ങള് പ്രയോഗിക്കാനാണ് മാലദ്വീപിലെ ഭരണാധികാരികള് ശ്രമിക്കുന്നതെങ്കില് വലിയ പ്രത്യാഘാതം തന്നെ നേരിടേണ്ടിവരും. ലക്ഷദ്വീപില് ജനങ്ങളെ കേന്ദ്രസര്ക്കാരിനെതിരെ തിരിക്കാന് ചില ശ്രമങ്ങള് കുറച്ചുനാള് മുന്പ് നടന്നിരുന്നു. എന്നാല് ഒരിഞ്ചുപോലും പിന്നോട്ടുപോകാതെ ആ ദ്വീപസമൂഹത്തിന്റെ വികസനം ഉറപ്പുവരുത്തുന്ന നടപടികള് ഭാരതം സ്വീകരിച്ചു. സ്ഥാപിതശക്തികള് ഇതിലൊക്കെ അസ്വസ്ഥരാണ്. അയല്രാജ്യങ്ങളെ ഉപയോഗിച്ച് പ്രശ്നങ്ങളുണ്ടാക്കി ഭാരതത്തിന്റെ വികസനയാത്രയെ തടയാമെന്ന് വ്യാമോഹിക്കുന്ന ചൈന പാക്കിസ്ഥാനെ മുന്നിര്ത്തി കാണിച്ച സാഹസങ്ങള് തിരിച്ചടിച്ചതാണ് ആ രാജ്യം ഇന്ന് അനുഭവിക്കുന്ന ഒറ്റപ്പെട്ടലിന്റെ പ്രധാന കാരണം. ചൈനയുടെ താളത്തിനു തുള്ളിയാല് ഇതുതന്നെയാവും മാലദ്വീപിന്റെയും ഗതി. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയുടെ പത്തിലൊന്ന് വലിപ്പമേ മാലദ്വീപിനുള്ളൂ. അങ്ങനെയൊരു രാജ്യം ഭാരതത്തോട് ഏതെങ്കിലും തരത്തില് ഏറ്റുമുട്ടാനുള്ള മണ്ടത്തരം കാണിക്കില്ല. പക്ഷേ ഭാരതത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കാനുള്ള ചില തന്ത്രങ്ങള് പ്രയോഗിക്കും. യഥാര്ത്ഥത്തില് ഇത് ഒരു ചൈനീസ്ചൊരുക്കാണ്. ആ നിലയില്ത്തന്നെയാണ് ഭാരതം ഇതിനെ കാണുന്നത്. ചൈനീസ് മനോഭാവമുള്ള രാജ്യത്തെ ചില പ്രതിപക്ഷ പാര്ട്ടികളെ സന്തോഷിപ്പിക്കുന്നതാണെങ്കിലും രാജ്യത്തെ ജനത ഒരുതരത്തിലും ഇത് സഹിക്കില്ല. ഇങ്ങനെയൊരു തോന്നല് പ്രതിപക്ഷ പാര്ട്ടികള്ക്കുണ്ടായാല് അതവരുടെ നിലനില്പ്പിന് ഉതകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: